കെഎസ്ആര്‍ടിസി റഫറണ്ടത്തിന് ഹൈക്കോടതി അനുമതി

Wednesday 27 April 2016 12:11 am IST

കൊച്ചി: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകളുടെ റഫറണ്ടം 30 ദിവസത്തിനുള്ളില്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. റഫറണ്ടം നടത്തുന്നത് തെരഞ്ഞെടുപ്പു കമ്മിഷന്‍ തടഞ്ഞതിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ വര്‍ക്കിങ് ചെയര്‍മാന്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍, ജസ്റ്റിസ് വി. ചിദംബരേഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. കെഎസ്ആര്‍ടിസിയിലെ കഴിഞ്ഞ റഫറണ്ടത്തിന്റെ കാലാവധി 2015 ഡിസംബര്‍ 12 ന് അവസാനിച്ചിരുന്നെങ്കിലും ചട്ടപ്രകാരം ആറു മാസം കൂടി നീട്ടി നല്‍കാമെന്ന വ്യവസ്ഥ പ്രകാരം കാലാവധി 2016 ജൂണ്‍ രണ്ടു വരെ നീട്ടി. ഈ കാലാവധിയും കഴിയാറാകുന്ന സാഹചര്യത്തിലാണ് പുതിയ റഫറണ്ടത്തിന് നടപടികള്‍ തുടങ്ങിയത്. എന്നാല്‍ മാതൃകാ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇതു തടഞ്ഞു. ഇന്നലെ ഡിവിഷന്‍ ബെഞ്ച് റഫറണ്ടം നടത്താനുള്ള നടപടികള്‍ക്ക് ലേബര്‍ കമ്മിഷണറെ ചുമതലപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.