വിശാഖപട്ടണത്ത് ജൈവ ഡീസല്‍ യൂണിറ്റില്‍ വന്‍ അഗ്നിബാധ

Wednesday 27 April 2016 11:32 am IST

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥിതി ചെയ്യുന്ന ജൈവ ഡീസല്‍ യൂണിറ്റില്‍ വന്‍ അഗ്നിബാധ. ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് തീപടര്‍ന്നുപിടിച്ചത്. എട്ട് ടാങ്കുകള്‍ കത്തിനശിച്ചു. ഇന്ധനവും അസംസ്കൃത വസ്തുക്കളും അടങ്ങിയ 12 ടാങ്കുകള്‍ക്ക് തീപിടിച്ചതായാണ് സൂചന. ആറു ടാങ്കുകള്‍ പൊട്ടിത്തെറിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു. അപകടം നടക്കുമ്പോള്‍ ഫാക്ടറിയിലുണ്ടായിരുന്ന 15 ജീവനക്കാരും രക്ഷപ്പെട്ടു. നാല്‍പതോളം അഗ്‌നിശമനസേനാ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഞ്ചു ലക്ഷം ടണ്‍ വരെ ജൈവ ഡീസല്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ബയോമാക്‌സിന്റെ പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. 120 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെയും പ്രദേശത്ത് തീ ഉയര്‍ന്നുകത്തുന്നത് കാണാം. തീപിടിച്ച ഓരോ ടാങ്കിനും 3000 ലിറ്റര്‍ ഇന്ധന സംഭരണ ശേഷിയുള്ളതാണ്. മിക്കവയിലും 30 ശതമാനത്തിനും 70 ശതമാനത്തിനും ഇടയില്‍ ഇന്ധനമുണ്ടായിരുന്നു. സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി ഗന്ത ശ്രീനിവാസ റാവു സ്ഥലത്തെത്തിയിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു ജില്ലാ ഭരണകൂടത്തിനും നേവിക്കും നിര്‍ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.