ഹരിത തെരഞ്ഞെടുപ്പ്: ബൂത്തുതല വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൗട്ട ്&ഗൈഡ്‌സ്

Wednesday 27 April 2016 12:12 pm IST

കോഴിക്കോട്:പൊതുതിരഞ്ഞെടുപ്പ് മാലിന്യമുക്തമാക്കുന്നതിന് ജില്ലാ ശുചിത്വമിഷന്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വേദികളിലും 'ഗ്രീന്‍ പ്രോട്ടോകോള്‍' നടപ്പിലാക്കുന്നു. പരിശീലന കേന്ദ്രങ്ങള്‍, ഇലക്ഷനുമായി ബന്ധപ്പെട്ട സാധനങ്ങളുടെ വിതരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, സ്വീകരണ കേന്ദ്രങ്ങള്‍, ഇലക്ഷന്‍ ബൂത്തുകള്‍ എന്നിവിടങ്ങള്‍ മാലിന്യ മുക്തമാക്കുന്നതോടൊപ്പം ജൈവ-അജൈവ മാലിന്യങ്ങളെ തരംതിരിച്ച് സംസ്‌കരിക്കുകയുമാണ് ലക്ഷ്യം. ജില്ലയിലെ 1886 ബൂത്തുകളുടെയും 100മീറ്റര്‍ പരിസരം ഗ്രീന്‍സോണ്‍ ആയി പ്രഖ്യാപിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിനുള്ള ചുമതല ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ഏറ്റെടുത്തു. ഓരോ ബൂത്തിലും ഹൈസ്‌കൂള്‍/ ഹയര്‍ സെക്കണ്ടറി വിഭാഗം വളണ്ടിയര്‍മാര്‍ക്കാണ് ചുമതല. ബൂത്തിലുണ്ടാകുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ തുടക്കത്തില്‍ തന്നെ തടയുക., പരിസരങ്ങളില്‍ മാലിന്യ നിക്ഷേപം ഇല്ലെന്ന് ഉറപ്പുവരുത്തുക, വോട്ടര്‍മാരെ ഗ്രീന്‍ പ്രോട്ടോകോള്‍ പരിചയപ്പെടുത്തുകയും അതുമായി സഹകരിപ്പിക്കുകയും ചെയ്യുക എന്നിവയാണ് പ്രവര്‍ത്തനങ്ങള്‍. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മികച്ച രീതിയിലുളള പ്രവര്‍ത്തനത്തിന് പാരിതോഷികവും നല്കും. പ്ലാസ്റ്റിക് ഉള്‍പ്പെട്ട ഫഌക്‌സ് സാമഗ്രികള്‍ ഒഴിവാക്കി പ്രചരണം നടത്തണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആയതിനാല്‍ പ്രചരണത്തിന് ഫഌക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍ പരമാവധി ഉപയോഗിക്കുകയും ഇലക്ഷന്‍ കഴിഞ്ഞാലുണ്ടാകുന്ന മുഴുവന്‍ മാലിന്യങ്ങളും പ്രത്യേകിച്ച് കൊടി തോരണങ്ങള്‍, കടലാസുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സ്വന്തം ചെലവില്‍ മാറ്റണമെന്നും ജില്ലാ കലക്ടര്‍ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളോട് കലക്ടര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാ ഭാരവാഹികളുടെ യോഗം ചേര്‍ന്ന് മണ്ഡലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് നടപ്പിലാക്കുന്നതിന് ഭാരവാഹികളെ ചുമതലപ്പെടുത്തി. യോഗത്തില്‍ ജില്ലാ ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ കെ.പി. വേലായുധന്‍, അസി. കോ-ഓഡിനേറ്റര്‍മാരായ ബൈജു ജോസ്, കെ.പി.രാധാകൃഷ്ണന്‍, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാ കണ്‍വീനര്‍ രാമചന്ദ്രന്‍, മനോജ് കുമാര്‍, ലീന.എന്‍, അബ്ദുല്‍ റസാഖ്, പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.