അശ്വതി, ഭരണി നക്ഷത്രജാതര്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍

Friday 12 May 2017 11:50 am IST

അശ്വതി : ഈ നക്ഷത്രത്തില്‍ ജനിച്ചാല്‍ ബുദ്ധിശക്തി, ധൈര്യം, സാമര്‍ത്ഥ്യം എന്നവ ഉണ്ടായിരിക്കും. ഓര്‍മ്മശക്തി, അറിവ്‌ സമ്പാദിക്കുന്നതില്‍ താല്‍പര്യം, വിശാലനയനങ്ങള്‍, വിസ്തൃതമായ നെറ്റിത്തടം, ശാന്തത, വിനയം, ചിലപ്പോള്‍ നിര്‍ബന്ധബുദ്ധി, ബലപ്രയോഗത്തിന്‌ വഴങ്ങാത്ത സ്വഭാവം, നിശ്ചദാര്‍ഢ്യം, ചിലപ്പോള്‍ മദ്യാപാനാസക്തി, സേവന സന്നദ്ധത, പരിശ്രമശീലം തുടങ്ങിയ ഇവരുടെ ലക്ഷണങ്ങളാണ്‌. സ്ത്രീകള്‍ ഈ നക്ഷത്രത്തില്‍ ജനിക്കുന്നത്‌ ഐശ്വര്യപ്രദമാണ്‌. അശ്വതി ജാതകരില്‍ നിന്ന്‌ ഔഷധങ്ങള്‍ സ്വീകരിക്കുന്നതും അവര്‍ ഔഷധങ്ങള്‍ നല്‍കുന്നതും ഫലപ്രദമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. കാര്‍ത്തിക, മകയിരം, പുണര്‍തം, വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട എന്നിവ പ്രതികൂലനക്ഷത്രങ്ങളാണ്‌. സൂര്യന്‍, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള്‍ ഇവര്‍ക്ക്‌ പൊതുവെ അശുഭമായേക്കാം. അതിനാല്‍ ഇക്കാലത്ത്‌ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ഈ നക്ഷത്രക്കാര്‍ ഗണപതിയെ ഭജിക്കുന്നത്‌ ഉത്തമമാണ്‌. ജന്മനക്ഷത്രം തോറും ഗണപതിഹോമം നടത്തുന്നത്‌ ഐശ്വര്യപ്രദമായിരിക്കും. വിനായക ചതുര്‍ത്ഥിനാളില്‍ വ്രതമനുഷ്ഠിക്കുന്നതും ഉത്തമം. കേതുപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ഇവര്‍ ജപിക്കുന്നതും ഉത്തമം. രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചൊവ്വാഴ്ചയും അശ്വതി നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം സുബ്രഹ്മണ്യഭജനം, ഭദ്രകാളീഭജനം (ചൊവ്വ ജാതകത്തില്‍ യുഗ്മരാശിയിലെങ്കില്‍) എന്നിവ നടത്തുന്നത്‌ ഫലപ്രദമാണ്‌. ഭരണി: ഈ നക്ഷത്രക്കാരുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം പലപ്പോഴും ആകര്‍ഷകമായിരിക്കും. ഇവര്‍ പലപ്പോഴും അപവാദങ്ങള്‍ക്ക്‌ പാത്രമാവുകയും ചെയ്യും. ഒരു ലക്ഷ്യത്തിന്‌ വേണ്ടി സ്ഥിരപരിശ്രമം ചെയ്യാറുള്ള ഇവര്‍ കാഠിന്യമനസ്സുള്ളവരായിരിക്കും. കലാപരമായ കാര്യങ്ങളില്‍ ചിലര്‍ക്ക്‌ താല്‍പര്യമുണ്ടായിരിക്കും. പരിശ്രമത്തിനൊത്ത്‌ ഇവര്‍ക്ക്‌ ഫലം ലഭിക്കാറില്ല. പൊതുവെ ഇവര്‍ക്ക്‌ ആരോഗ്യവും ദേഹപുഷ്ടിയും കാണും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ പൊതുവെ ദാമ്പത്യസുഖം കുറവായിക്കും.രോഹിണി, തിരുവാതിര, പൂയം, വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട എന്നിവ പ്രതികുലനക്ഷത്രങ്ങളാണ്‌. ചന്ദ്രന്‍, രാഹു, ശനി എന്നീ ദശാകാലങ്ങളില്‍ അവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. മഹാലക്ഷ്മീഭജനം, അന്നപൂര്‍ണേശ്വരി ഭജനം തുടങ്ങിയവ ഭരണിനക്ഷത്രക്കാര്‍ അനുഷ്ഠിക്കുന്നത്‌ ഫലപ്രദമായിരിക്കും. ജന്മനക്ഷത്രം തോറും ലക്ഷ്മീപൂജ നടത്തുന്നതും ഉത്തമമാണ്‌. ക്ഷേത്രങ്ങളില്‍ യക്ഷിക്ക്‌ വഴിപാടുകള്‍ നടത്തുക, ശുക്രപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുക എന്നിവയും ഫലപ്രദമായ കര്‍മ്മങ്ങളാണ്‌. വെള്ളി, ചൊവ്വ ദിവസങ്ങളും ഭരണി നക്ഷത്രവും ചേര്‍ന്ന്‌ വരുന്ന ദിവസങ്ങളില്‍ ഇവര്‍ സവിശേഷപ്രാധാന്യത്തോടെ വ്രതം, മറ്റ്‌ ദോഷപരിഹാരകര്‍മ്മങ്ങള്‍ എന്നിവ അനുഷ്ഠിക്കണം. വെള്ള, ഇളംനീല, വിവിധവര്‍ണങ്ങള്‍ ചേര്‍ന്നത്‌, ചുവപ്പ്‌ എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌. ഡോ.കെ. ബാലകൃഷ്ണവാര്യര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.