ലഹരിമുക്ത കേരളത്തിലേക്ക് ഇനിയെത്ര ദൂരം?

Wednesday 27 April 2016 9:35 pm IST

ലഹരിയ്ക്കടിമയായ അയല്‍വാസി 10 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി എന്ന വാര്‍ത്ത കേരളം കേട്ടത് ഞെട്ടലോടെയാണ്. ഈ കൊലപാതകം ഭാവിയില്‍ കേരളത്തില്‍ അരങ്ങേറാന്‍ പോകുന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ഒരു മുന്നറിയിപ്പായി കണക്കാക്കേണ്ടിയിരിക്കുന്നു. കേരളം ഇതുവരെ മദ്യലഹരിയുടെ സ്വന്തം നാടായിരുന്നു. കേരളത്തിലെ പ്രതിശീര്‍ഷ മദ്യോപയോഗം 8.2 ലിറ്റര്‍ ആയിരുന്നു. മദ്യനിരോധനം നിലവില്‍ വരുകയും 712 ബാറുകള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ, ലഹരിയുടെ അടിമകള്‍ മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ തുടങ്ങിയതോടെ കേരളം കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും പറുദീസയായി മാറുകയാണ്. അതോടൊപ്പം വൈറ്റ്‌നര്‍, സൈക്കിള്‍ ട്യൂബ് സൊലൂഷന്‍, ചുമയുടെ മരുന്ന് മുതലായവയും മയക്കുമരുന്നു കലര്‍ത്തിയ അരിഷ്ടങ്ങളും ലഹരിക്കായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഈ വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപയോഗത്തിന്റെ ഇരയാണ് എറണാകുളം നഗരത്തില്‍ കൊല്ലപ്പെട്ട 10 വയസ്സുകാരന്‍. ഇന്ന് കേരളത്തില്‍ അബ്കാരി ആന്റ് നാര്‍ക്കോട്ടിക് ഡ്രഗ്‌സ് സബ്സ്റ്റന്‍സ് ആക്ടിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്. 2015 ല്‍ 2233 കേസുകള്‍ നാര്‍ക്കോട്ടിക് സെല്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 2016 ഏപ്രില്‍ ആയപ്പോള്‍ തന്നെ ഈ സംഖ്യ കടന്നുകഴിഞ്ഞിരിക്കുന്നു. ഇത് ഇന്ന് എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഈ വര്‍ഷം ഇതുവരെ 399 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേരളം ഇന്ന് എല്ലാ നിയമവിരുദ്ധ പ്രവൃത്തികളുടെയും കേന്ദ്രമായി മാറുകയാണ്. തെരഞ്ഞെടുപ്പടുക്കെ ഗള്‍ഫില്‍നിന്നും മറ്റും കേരളത്തിലേക്ക് കള്ളപ്പണം ഒഴുകുകയാണ്. അതിന് പുറമെയാണ് കഞ്ചാവും കൊക്കെയ്‌നും ഹെറോയിനും ഹാഷിഷ് ഓയിലും ബ്രൗണ്‍ഷുഗറും കടത്തുന്നത്. ഇവ കടത്തിക്കൊണ്ടുവരുന്നത് അധികവും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇത് തടയുന്നതില്‍ ആരോഗ്യവകുപ്പ് തികഞ്ഞ പരാജയമാണ്. ലഹരിയുടെ കേന്ദ്രമായ കേരളത്തില്‍ മുതിര്‍ന്നവര്‍ മാത്രമല്ല മദ്യം ഉപയോഗിച്ചിരുന്നത്. പല സ്‌കൂള്‍ കുട്ടികളും മദ്യപാനികളായിരുന്നു. രക്ഷകര്‍ത്താക്കള്‍ മദ്യം ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെച്ച് വീട്ടില്‍ വച്ച് മദ്യസേവ ചെയ്യുന്നത് കുട്ടികള്‍ അനുകരിച്ചതാണ് ഇതിന് കാരണം. മനഃശാസ്ത്രജ്ഞര്‍ പറയുന്നത് കേരളത്തില്‍ കുട്ടികള്‍ ഒന്‍പതു വയസ്സു മുതല്‍ മദ്യം കുടിച്ചുതുടങ്ങുന്നുവെന്നാണ്. ഫ്രിഡ്ജില്‍ നിന്നും മദ്യമെടുത്ത് തങ്ങളുടെ കുപ്പിവെള്ളത്തില്‍ കലര്‍ത്തിയാണ് ഇവരുടെ മദ്യസേവ! ലഹരിതേടി കുട്ടികള്‍ ഉറക്കഗുളികകള്‍ കഴിയ്ക്കുമ്പോഴും ഇത് നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് നടപടി എടുക്കുന്നില്ല. 10384 ലിറ്റര്‍ മയക്കുമരുന്നരിഷ്ടം വിറ്റതായി എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റ് കണക്കുകള്‍ സൂചിപ്പിക്കുന്നു. മദ്യപാനം ഭക്ഷണംപോലെ മലയാളികളുടെ ശീലമാണ്. ബാറുകള്‍ അടച്ചശേഷം മയക്കുമരുന്നുപയോഗത്തില്‍ മൂന്നിരട്ടി വര്‍ധനയാണുണ്ടായിരിക്കുന്നതത്രെ. ഇത് ആഭ്യന്തരമന്ത്രി പറഞ്ഞ കണക്കാണ്. യാഥാര്‍ത്ഥ്യം ഇതിലധികമായിരിക്കും. ദുഃഖകരമായ അവസ്ഥ കേരളത്തിന്റെ ഭാവിതലമുറയും ലഹരിയുടെ അടിമകളായി മാറുന്നല്ലോ എന്നതാണ്. 234 സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സില്‍ 228 എണ്ണവും മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. ഇതു വാങ്ങിക്കഴിച്ചാണ് സ്‌കൂള്‍ കുട്ടികള്‍ പലരും മയക്കുമരുന്നടിമകളാകുന്നത്. കിട്ടാന്‍ എളുപ്പമാണെങ്കില്‍ കഴിക്കുന്നത് ശീലമാകുമല്ലോ. കൊണ്ടുനടന്നു വില്‍ക്കുന്ന മയക്കുമരുന്ന് സ്‌കൂളിലും പാര്‍ക്കിലും ആവശ്യപ്രകാരം എത്തിച്ചുകൊടുക്കുന്നു. ഇന്ന് കുട്ടികളില്‍ നല്ലൊരു ശതമാനം പേരും പുകവലിക്കുന്നവരാണ്. അതിനുപുറമെയാണ് ഇപ്പോള്‍ ഇവര്‍ കഞ്ചാവിലേക്കും കറുപ്പിലേക്കും ഹാഷിഷിലേക്കും ഹെറോയിനിലേക്കും മാത്രമല്ല എല്‍എസ്ഡി ഉപയോഗത്തിലേക്കും തിരിഞ്ഞിരിക്കുന്നത്. മയക്കുമരുന്ന് കുത്തിവെയ്പ്പും നടക്കുന്നുണ്ട്. സര്‍ക്കാര്‍ കൈയടിക്കുവേണ്ടിയോ വോട്ടിന് വേണ്ടിയോ ഒരു നടപടി എടുക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്തിനെപ്പറ്റി ചിന്തിക്കുന്നില്ല. ബാറുകള്‍ അടച്ചിട്ടും പഞ്ചനക്ഷത്ര ബാറില്‍ രഹസ്യമായി മദ്യം വില്‍ക്കുന്നുണ്ട്. ലഹരിമുക്ത കേരളത്തിന് സാര്‍ത്ഥകമായ നടപടികള്‍ സ്വീകരിച്ചാലേ ഭാവിതലമുറയെങ്കിലും രക്ഷപ്പെടുകയുള്ളൂ. ഇപ്പോള്‍ തെരഞ്ഞെടുപ്പടുക്കവെ ഇടതുമുന്നണിയുടെ നേര്‍ക്ക് ഉയരുന്ന പ്രധാന ചോദ്യം അടച്ച ബാറുകള്‍ തുറക്കുമോ എന്നാണ്. അതിന് അവര്‍ നല്‍കുന്ന മറുപടി തങ്ങളുടെ നയം മദ്യവര്‍ജനമാണെന്നാണ്. അപ്പോള്‍ കേരളം അടുത്തകാലത്തൊന്നും ലഹരിയുടെ വിപത്തില്‍നിന്ന് രക്ഷപ്പെടില്ലെന്നര്‍ത്ഥം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.