ഐഎംഎ യുടെ പ്രസ്താവന പിന്‍വലിക്കണം: യുഎന്‍എ

Wednesday 1 February 2012 12:39 am IST

കൊച്ചി: സംസ്ഥാനത്ത്‌ സമരം നടത്തുന്ന നഴ്സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന ഐഎംഎ പ്രസിഡന്റിന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന്‌ യുണൈറ്റഡ്‌ നഴ്സസ്‌ അസോസിയേഷന്‍ (യുഎന്‍എ). നഴ്സുമാര്‍ നടത്തിവരുന്ന സമരങ്ങളുടെ രീതി ശരിയല്ലന്നും അവര്‍ക്കെതിരേ എസ്മ പ്രയോഗിക്കണമെന്നും ഐഎംഎ അഭിപ്രായപ്പെട്ടിരുന്നു. ഐഎംഎ പ്രസിഡന്റിന്റെ പ്രസ്താവന ഐഎംഎയിലെ അംഗങ്ങളായുള്ള മുതലാളിമാരുടെ ആശുപത്രി മാനേജ്മെന്റിനെ സംരക്ഷിക്കുന്നതിന്‌ വേണ്ടിയാണ്‌. ഡോക്ടര്‍മാര്‍ക്കെതിരെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ കാസര്‍കോഡ്‌ മുതല്‍ കന്യാകുമാരി വരെ സമരം നടത്തുന്ന ഐഎംഎക്ക്‌ യുഎന്‍എയുടെ സമരത്തെക്കുറിച്ചു അഭിപ്രായം പറയാന്‍ ധാര്‍മിക ഉത്തരവാദിത്തമില്ല. ഐഎംഎയുടെ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ ആശുപത്രിക്കെതിരെ ജനാധിപത്യരീതിയിലുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്നും യുഎന്‍എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലേക്‌ ഷോര്‍ ആശുപത്രിയില്‍ മിനിമം കൂലി കൊടുക്കുന്നുണ്ടെന്നും അവിടെ നടക്കുന്ന നഴ്സുമാരുടെ സമരം അനാവശ്യവുമാണെന്നുമുള്ള തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ പ്രസ്താവന അടിസ്ഥാരഹിതമാണ്‌. വസ്തുതകള്‍ അന്വേഷിക്കാതെയാണ്‌ മന്ത്രി ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞതെന്നും ഇതു പിന്‍വലിച്ച്‌ മന്ത്രി മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലേക്‌ ഷോറില്‍ നഴ്സുമാരുടെ ജോലി സുരക്ഷ, ശമ്പള വര്‍ധനവ്‌, റിസ്ക്‌ അലവന്‍സ്‌ തുങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ആശുപത്രിയിലെ നഴ്സുമാര്‍ സമരം നടത്തുന്നത്‌. ഇക്കാര്യങ്ങളുന്നയിച്ച്‌ നവംബര്‍ ഒന്‍പതിന്‌ യുഎന്‍എയുടെ നേതൃത്വത്തില്‍ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കു പോലും മാനേജ്മെന്റ്‌ തയ്യാറാകാതിരുന്നതിനാലാണ്‌ സമരം ആരംഭിച്ചത്‌. നഴ്സുമാര്‍ക്ക്‌ മിനിമം കൂലി നല്‍കുന്നുണ്ടോയെന്നുപോലും ജില്ലാ ലേബര്‍ ഓഫീസ്‌ പരിശോധിക്കാറില്ലെന്നും അവര്‍ ആരോപിച്ചു. സമരത്തെ തുടര്‍ന്ന്‌ അങ്കമാലി എല്‍ എഫ്‌ ആശുപത്രിയില്‍ മിനിമം കൂലി നല്‍കുമെന്നറിയിച്ചിട്ടും കഴിഞ്ഞ ദിവസം ശമ്പളം വാങ്ങിയവരില്‍ ചിലര്‍ക്കു മാത്രമേ മിനിമം കൂലി ലഭിച്ചിട്ടുള്ളു. അമൃത ആശുപത്രിയില്‍ ഇതുവരെ മിനിമം നല്‍കാന്‍ മാനേജ്മെന്റ്‌ തയ്യാറായിട്ടില്ലെന്നും അവര്‍ അറിയിച്ചു. യുഎന്‍എ പ്രസിഡന്റ്‌ ജാസ്മിന്‍ ഷാ, സെക്രട്ടറി സുധീപ്‌ കൃഷ്ണന്‍, ഷിഹാബ്‌, നിജില്‍, ജിതിന്‍ ലോഹി, ബെല്‍ജോ ഏല്യാസ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.