ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ സ്വകാര്യ ബസ്‌ ജീവനക്കാരന്‍ അറസ്റ്റില്‍

Wednesday 1 February 2012 12:39 am IST

കോതമംഗലം: ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയും പതിനാലുകാരിയുമായ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ്‌ ജീവനക്കാരനെ കോതമംഗലം പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ചെറുവട്ടൂര്‍ സ്വദേശിയും എറണാകുളം-ഇടുക്കി റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന ഇബിടി ബസ്‌ ക്ലീനറുമായ വള്ളോക്കുടി ബിന്‍സന്‍ അബ്ദുള്‍ റഹ്മാന്‍ (19) ആണ്‌ അറസ്റ്റിലായത്‌. ഇയാള്‍ ഇടുക്കി കരിമ്പന്‍ സ്വദേശിനിയായ ഒമ്പതാം ക്ലാസുകാരിയെ പ്രണയം നടിച്ച്‌ വിവാഹവാഗ്ദാനം നല്‍കിയാണ്‌ കോതമംഗലത്തേക്ക്‌ തട്ടിക്കൊണ്ടുപോയത്‌. തിങ്കളാഴ്ച രാവിലെ സ്കൂള്‍ യൂണിഫോം ധരിക്കാതെ കളര്‍ ഡ്രസ്സ്‌ ധരിച്ച്‌ വീട്ടില്‍ നിന്ന്‌ പോയ പെണ്‍കുട്ടി സ്കൂളില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന്‌ സ്കൂള്‍ അധികൃത വീട്ടില്‍ വിവരം അറിയിച്ച്‌ രക്ഷിതാക്കളും സ്കൂള്‍ അധികൃതരും ഇടുക്കി പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രണയവിവരം അറിയാമായിരുന്ന പെണ്‍കുട്ടിയുടെ സഹോദരി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ബസ്‌ ജീവനക്കാരനെക്കുറിച്ചുള്ള വിവരം ലഭിച്ചത്‌. ഇടുക്കി പോലീസ്‌ കോതമംഗലം പോലീസിനെ വിവരം അറിയിക്കുകയും കോതമംഗലം പോലീസ്‌ പെണ്‍കുട്ടിക്കും പ്രതിക്കും വേണ്ടി വ്യാപക തെരച്ചില്‍ നടത്തുകയും ചെയ്യുന്നതിനിടയില്‍ പ്രതി പെണ്‍കുട്ടിയുമായി കോതമംഗലം പാര്‍ക്ക്‌, തട്ടേക്കാട്‌ എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങിയശേഷം ബസ്‌ ഉടമ ജീവനക്കാര്‍ക്ക്‌ താമസിക്കുന്നതിന്‌ വേണ്ടി കോളേജ്‌-തങ്കളം റോഡിലുള്ള ലോഡ്ജില്‍ എത്തി മുറിയില്‍ പ്രവേശിക്കുന്നത്‌ കണ്ട പരിസരവാസികള്‍ വളരെ സമയം കഴിഞ്ഞും വെളിയില്‍ വരാത്തതിനെത്തുടര്‍ന്ന്‌ സംശയം തോന്നി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ കോതമംഗലം പോലീസ്‌ സ്ഥലത്തെത്തി വാതിലില്‍ മുട്ടിവിളിച്ചു. യാതൊരുവിധ സംശയത്തിനും ഇടനല്‍കാതെ വാതില്‍ തുറന്ന്‌ പ്രതി പുറത്തേക്കിറങ്ങിവരികയും ഇതിനിടയില്‍ പോലീസ്‌ മുറിയില്‍ നടത്തിയ തെരച്ചിലില്‍ പഴയ ടയറുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. പോലീസ്‌ തക്കസമയത്ത്‌ എത്തിയില്ലായിരുന്നെങ്കില്‍ പ്രതിയുടെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഇടയാകുമായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. കോതമംഗലം എസ്‌ഐ ടി.ഡി. സുനില്‍കുമാര്‍, എഎസ്‌ഐ ജേക്കബ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ അബ്ദുള്‍ സത്താര്‍, പി.കെ. മാണി എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌. ഇടുക്കി പോലീസ്‌ സ്റ്റേഷനില്‍ മാന്‍മിസ്സിംഗ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ പ്രതിയെയും പെണ്‍കുട്ടിയെയും വൈദ്യപരിശോധനക്ക്‌ വിധേയമാക്കിയശേഷം ഇടുക്കി പോലീസിന്‌ കൈമാറിയതായി കോതമംഗലം പോലീസ്‌ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.