ഉത്തരാഖണ്ഡില്‍ നടത്താനിരുന്ന വിശ്വാസവോട്ട് സുപ്രീം കോടതി തടഞ്ഞു

Friday 19 May 2017 9:04 pm IST

ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ നാളെ നടത്താനിരുന്ന വിശ്വാസവോട്ടെടുപ്പ് സുപ്രീം കോടതി തടഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം തുടരാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നാളെ, ഏപ്രില്‍ 29ന് വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി തീരുമാനവും സുപ്രീംകോടതി റദ്ദാക്കി. ഹരീഷ് റാവത്ത് സര്‍ക്കാരിനും കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി തീരുമാനം. രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് കേസില്‍ മെയ് മൂന്നു മുതല്‍ ആറുവരെ വാദം തുടരുമെന്ന് അറിയിച്ചു. അപ്പീലില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഇടക്കാല സ്റ്റേ തുടരാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച് സുപ്രീംകോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള മറുപടി കോടതിക്ക് കൈമാറും. സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ എന്തുകൊണ്ട് അവസരം നല്‍കിയില്ല എന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിട്ടുണ്ട്. കേന്ദ്രം സമര്‍പ്പിക്കുന്ന പുതുക്കിയ അപ്പീലിന്മേലുള്ള മറുപടി കോണ്‍ഗ്രസ് തിങ്കളാഴ്ചയ്ക്കകം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹരീഷ് റാവത്ത് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും ഭരണപ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി കോടതിയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.