ജീവനക്കാരെ പൂട്ടിയിട്ട് വില്ലേജ് ഓഫീസിന് തീയിട്ടു; ഏഴു പേര്‍ക്ക് പരിക്ക്

Thursday 28 April 2016 11:12 pm IST

അജ്ഞാതന്‍ തീയിട്ട് നശിപ്പിച്ച വെള്ളറട വില്ലേജ് ഓഫീസ്

തിരുവനന്തപുരം: വെള്ളറട വില്ലേജ്ഓഫീസില്‍ ജീവനക്കാരെ പൂട്ടിയിട്ട് ഓഫീസിനു തീയിട്ടു. വില്ലേജ് ഓഫീസര്‍ അടക്കം ഏഴുപേര്‍ക്ക് പരിക്ക്. രേഖകള്‍ കത്തിനശിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ ഹെല്‍മെറ്റും കോട്ടും ധരിച്ചെത്തിയ യുവാവാണ് ഓഫീസിന് തീയിട്ടത്.

ഓഫീസില്‍ കയറിയ യുവാവ് വില്ലേജ് ഓഫീസറുടെ മുന്നിലെത്തി ഒരുകാര്യം കാണിച്ചുതരാമെന്ന് പറഞ്ഞ് കൈവശം ഉണ്ടായിരുന്ന പെട്ടി തറയില്‍ ഇടിച്ച ശേഷം ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ചു. തുടര്‍ന്ന് വില്ലേജ് ഓഫീസ് അകത്തു നിന്ന് പൂട്ടുകയും ചെയ്തു. പെട്ടിയിലുണ്ടായിരുന്ന പെട്രോള്‍ കത്തിപ്പടരുകയും അതില്‍ നിറച്ചിരുന്ന മിശ്രിതത്തില്‍ നിന്ന് അമിതമായി പുക പുറത്തുവരികയും ചെയ്തു. പരിഭ്രാന്തരായ ജീവനക്കാര്‍ നിലവിളിച്ചപ്പോള്‍ പുറത്തേക്കോടിയ യുവാവ് ഓഫീസ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോആശുപത്രിലെ ശുചിമുറിയില്‍ കയറി സോക്‌സിലും കോട്ടിലും ഉണ്ടായിരുന്ന തീ കെടുത്തി രക്ഷപ്പെടുകയായിരുന്നു.

തീപ്പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് ഏഴുപേര്‍ക്ക് പരിക്കേറ്റത്. ഒറ്റശേഖരമംഗലം സ്വദേശി വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലി(45)ന് മുപ്പത് ശതമാനം പൊള്ളലേറ്റു. തീ കൊളുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ വേണുഗോപാലിന്റെ കൈയിലും മുഖത്തും പൊള്ളലേല്‍ക്കുകയായിരുന്നു.

വില്ലേജ് ഓഫീസില്‍ വസ്തുനികുതി ഒടുക്കാന്‍ വന്ന വെള്ളറട സ്വദേശി ഇസഹാഖി(78)നും പൊള്ളലേറ്റു. രണ്ടുപേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബേണ്‍ ഐസിയുവില്‍ ചികിത്സയിലാണ്. വില്ലേജ് ഓഫീസര്‍ എന്‍. മോഹനന്‍ (51), സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ (43), ഫീല്‍ഡ് അസിസ്റ്റന്റ് പ്രഭാകരന്‍നായര്‍ (43) എന്നിവരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പരിക്കേറ്റ പാര്‍ട്ട് ടൈം സ്വീപ്പര്‍ വിജയമ്മയെ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുക ശ്വസിച്ച് ബോധക്ഷയം സംഭിവിച്ച ഹോമിയോ ആശുപത്രിയിലെ ജിവനക്കാരി മിനിയെ വെള്ളറട പ്രാഥമിക ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു.

കളക്ടര്‍ ബിജു പ്രഭാകര്‍, ലാന്‍ഡ് റവന്യൂ ജോ. കമ്മീഷണര്‍ പത്മകുമാര്‍ എന്നിവര്‍ രോഗികളെ സന്ദര്‍ശിച്ചു. കത്തിനശിച്ച രേഖകളുടെ പകര്‍പ്പുകള്‍ താലൂക്ക് ഓഫീസില്‍ നിന്ന് ലഭ്യമാകുമെന്ന് കളക്ടര്‍ അറിയിച്ചു. റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദ് സ്ഥലം സന്ദര്‍ശിച്ചു. പ്രതിക്ക് പൊള്ളലേറ്റിട്ടുള്ളതിനാല്‍ ചികിത്സ തേടാന്‍ സാധ്യതയുണ്ട്. ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായും പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.

വെള്ളറട ഭാഗത്ത് നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ ഭൂമിയിലെ ഒരു ക്വാറി സ്വകാര്യ വസ്തുവിലാണെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഒരു ക്വാറി ഉടമ ആവശ്യപ്പെട്ടിരുന്നു. വില്ലേജ് അധികൃതര്‍ ഈ ആവശ്യം നിരസിച്ചിരുന്നു. ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെ സംബന്ധിച്ചും വില്ലേജ് ഓഫീസിനെതിരെ പരാതിയുണ്ട്. കഴിഞ്ഞ വര്‍ഷം 150 ലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കളക്‌ട്രേറ്റില്‍ നിന്ന് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.