മണ്ഡലങ്ങളിലൂടെ മാനന്തവാടി

Thursday 28 April 2016 2:26 pm IST

മാനന്തവാടി :ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും ആദിവാസി വിഭാഗത്തിന്റെ അനിഷേധ്യ നേതാവുമായ കെ.മോഹന്‍ദാസ് മത്സരരംഗത്തെത്തിയതോടെ ശക്തമായ ത്രികോണമത്സരമാണ് മാനന്തവാടിയില്‍ നടക്കുന്നത്. പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷമിയുടെ മണ്ഡലമായ മാനന്തവാടിയില്‍ സിപിഎമ്മിലെ ഒ.ആര്‍.കേളു ആണ് എല്‍ഡിഎഫിനായി ജനവിധി തേടുന്നത്. ബിഡിജെഎസിന്റെ വോട്ടുകളും ജെആര്‍എസിന്റെ വോട്ടുകളും മോഹന്‍ദാസിന് തുണയാകുമെന്നതുതന്നെയാണ് എന്‍ഡിഎയുടെ വിജയ പ്രതീക്ഷ. ആദിവാസി ഗോത്രനേതാവ് സി.കെ.ജാനുവിന്റെ തട്ടകമായ പനവല്ലിയും തിരുനെല്ലിയുമെല്ലാം മാനന്തവാടി മണ്ഡലത്തിലാണ്. മാനന്തവാടി മുനിസിപ്പാലിറ്റി, തിരുനെല്ലി, എടവക, തവിഞ്ഞാല്‍, വെള്ളമുണ്ട, പനമരം, തൊണ്ടര്‍നാട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം. 185580 ആണ് ആകെവോട്ടര്‍മാര്‍. 91397പുരുഷന്‍മാരും 94183 സ്ത്രീകളും. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.കെ.ജയലക്ഷ്മിക്ക് 62996 വോട്ടും സിപിഎമ്മിലെ കെ.സി.കുഞ്ഞിരാമന് 50262 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്ത ബിജെപി ഇത്തവണ ര ണ്ടാംഘട്ട പ്രചാരണം ആരംഭിച്ചതോടെ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. എല്‍ഡിഎഫിന്റെ കോട്ടയെന്നറിയപ്പെടുന്ന തിരുനെല്ലി പഞ്ചായത്തിലങ്ങോളമിങ്ങോളം ആവേശോജ്ജല സ്വീകരണമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ.മോഹന്‍ദാസിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. കാലാകാലങ്ങളായി മണ്ഡലം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു മുന്നണിക്കു കീഴില്‍ വളര്‍ച്ച മുരടിച്ച അവസ്ഥയിലാണ് ആദിവാസി വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഈ പഞ്ചായത്ത്. ചോര്‍ന്നൊലിക്കുന്ന വീടുകള്‍, കുടിവെള്ള ക്ഷാമം, ഗതാഗതപ്രശ്‌നം, തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ നരകിക്കുകയാണ് പഞ്ചായത്തിലെ ഭൂരിഭാഗം കോളനികളും. ഭൂമി പോരാട്ടവുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന ഗോത്രമഹാസഭയുടെ തുടക്കംകുറിച്ച പനവല്ലി കോളനി തിരുനെല്ലി പഞ്ചായത്തിലാണ്. ആദിവാസി വിഭാഗങ്ങള്‍ക്കെതിരായി പലതരത്തിലുള്ള ബാഹ്യഇടപെടലൂകളും പ്രലോഭനങ്ങള്‍ നടക്കുകയും, ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഇവരൂടെതനതായഗോത്ര സംസ്‌കാരം തകിടംമറിയാന്‍ ഇടയാവുന്നതും ഇത്തരം സംഭവങ്ങള്‍ക്കെതിരായി ഇടത്-വലത് മുന്നണികള്‍ ശബ്ദിക്കാത്തതും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുന്നു. പഞ്ചായത്തി ല്‍ വന്‍തോതില്‍ റിസോര്‍ട്ട് മാഫിയ പിടിമുറുക്കിയിട്ടുണ്ട് ഇടത്തരം കൃഷിക്കാരുടെ കൃഷിഭൂമിയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പ്രദേശത്ത് വന്യമൃഗശല്യം പാരമ്യത്തിലാണ്. മേലെ തലപ്പുഴ കുണ്ടറ ചന്തു- മാധവി ദമ്പതികളുടെ മകനാണ് 37 കാരനായ മോഹന്‍ദാസ്. ഭാര്യ സുനിതയും വൈഷ്ണവദാസ്, വിനായകദാസ്, വരുണ്‍ദാസ് എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. 1987ല്‍ ആര്‍.എസ്.എസിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. സിപിഎമ്മിലെ ഒ.ആര്‍. കേളു കാട്ടിക്കുളം ഓലഞ്ചേരി രാമന്‍-പരേതയായ അമ്മു ദമ്പതികളുടെ മകനാണ് 43 കാരനായ കേളു. ഭാര്യ ശാന്തയും മിഥുന, ഭാവന എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. 2006 മുതല്‍ 10 വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കേളു ഇപ്പോള്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തിരുനെല്ലി ഡിവിഷന്‍ മെമ്പറാണ്. 15 വര്‍ഷമായി സിപിഎം മാനന്തവാടി ഏരിയ കമ്മിറ്റിയംഗമാണ്. തവിഞ്ഞാല്‍ വെണ്‍മണി പാലോട് കുറിച്യ തറവാടിലെ കുഞ്ഞാമന്റെയും അമ്മിണിയുടെയും മൂത്ത മകളാണ് മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടുന്ന മന്ത്രി ജയലക്ഷ്മി. കമ്പളക്കാട് ചെറുവടി അനിലാണ് ഭര്‍ത്താവ്. തവിഞ്ഞാല്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരിക്കെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു അവസരമൊത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.