റബ്ബര്‍: സര്‍ക്കാരറിയാന്‍ ചിലത്

Friday 29 April 2016 9:51 am IST

റബര്‍ കൃഷിയില്‍ ഉറച്ചുനില്‍ക്കുവാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്ന രണ്ടു ഘടകങ്ങളുണ്ട്. ഒന്ന്: കര്‍ഷകന്റെ നേരിട്ടുള്ള നിരന്തര നിരീക്ഷണവും പരിചരണവും റബ്ബറിന് ആവശ്യമില്ല. രണ്ട്: മറ്റു കൃഷികളില്‍ വെളിവെടുപ്പു കൃത്യസമയത്തു നടക്കാതിരുന്നാല്‍ ആദായം പൂര്‍ണമായും നഷ്ടമാകുന്നു. ടാപ്പു ചെയ്യാതിരുന്നാലും നഷ്ടപ്പെടുന്നില്ല, ചെയ്യുമ്പോള്‍ ആദായം കൂടുതല്‍ കിട്ടും. റബ്ബര്‍ കര്‍ഷകരില്‍ നല്ലൊരു ശതമാനം മറ്റു വരുമാന മാര്‍ഗങ്ങളുള്ളവരാണ്. അതുകൊണ്ടാണ് കടുത്ത പ്രതിസന്ധിയിലും ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകാത്തത്. 40 ശതമാനത്തിലധികം റബ്ബര്‍ തോട്ടങ്ങളും ടാപ്പിങ് നിര്‍ത്തിവച്ച സാഹചര്യത്തിലും റബര്‍ വിലയില്‍ മാറ്റമുണ്ടാകുന്നില്ല. മുന്‍കാലങ്ങളിലെ അനിയന്ത്രിത ഇറക്കുമതി വഴിയെത്തിയ റബ്ബറിന്റെ അധികതയാണ് പ്രധാന കാരണം. കൂനിന്മേല്‍ കുരുപോലെ തായ്‌ലന്‍ഡ് രണ്ടുലക്ഷം ടണ്ണിന്റെ ബഫര്‍ സ്റ്റോക് ലോക കമ്പോളത്തിലേക്കിറക്കിയതും ആഗോളവിലയിടിവിനു കാരണമായി. ലോകത്തിലെ ഏറ്റവും വലിയ മൂന്ന് റബ്ബര്‍ ഉല്‍പ്പാദക രാജ്യങ്ങളിലൊന്നായ തായ്‌ലന്‍ഡിന്റെ ഏറ്റവും പുതിയ റബര്‍ നയം ശുഭോദര്‍ക്കമാണ്. അവിടെ വനപ്രദേശത്തു കൃഷി ചെയ്തുപോന്ന വന്‍ റബ്ബര്‍ കൃഷി നശിപ്പിക്കുകയാണ്. ഭാവിയില്‍ ഇതിവിടെ ആശ്വാസകരമാണ്. റബ്ബര്‍ മേഖലയില്‍ ചില പരിഹാരങ്ങള്‍ മാര്‍ഗങ്ങള്‍: 1. സര്‍ക്കാര്‍ സഹായത്തോടെ ബഫര്‍ സ്റ്റോക്കു സൂക്ഷിക്കുക. റബ്ബര്‍ ഇറക്കുമതിക്ക് നിര്‍ബന്ധിക്കുന്ന വ്യവസായികള്‍ക്ക് ഇത് സപ്ലൈ ചെയ്യുക. 2. താങ്ങുവില പുതുക്കി നിശ്ചയിക്കുക (സാധാരണ ഗതിയില്‍ ആഗോളവിലയെക്കാള്‍ കൂടുതലാണ് ആഭ്യന്തര വില) 3. പൊതുമേഖല പരാജയമെന്നതിനാല്‍, പ്രൈവറ്റ് മേഖലയെ പ്രോത്സാഹിപ്പിച്ച് കേരളത്തിലും, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും ടയര്‍ ഫാക്ടറികള്‍ തുടങ്ങുക. ടയര്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുക. ഇന്‍സന്റീവ് നല്‍കുക. 4. ചെറുകിട മേഖലയില്‍ റബ്ബറുല്‍പ്പന്ന നിര്‍മാണത്തിന് പുതിയ സംരംഭകരെ സജ്ജമാക്കുക. (മുദ്രാ ബാങ്കിന്റെ സഹായവും പ്രയോജനപ്പെടുത്താം) 5. മുഴുവന്‍ റോഡുകളും റബറൈസ് ചെയ്യുക. 6. ടാപ്പര്‍മാര്‍, ഷീറ്റുല്‍പ്പാദനത്തിന് വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍, ഉല്‍പ്പാദക സംഘങ്ങളെ ശക്തമാക്കി, ലാറ്റക്‌സ് ശേഖരിച്ചു നിലവാരമുള്ള ഷീറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനവസരമുണ്ടാക്കുക. 7. റബര്‍ തോട്ടങ്ങളില്‍, മുളക്, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കുറുമ്പുപ്പൂ കൃഷികള്‍, ആയുര്‍വേദ മരുന്നുകള്‍ ഇടക്കൃഷി ചെയ്യാന്‍ പ്രോത്സഹനം നല്‍കുക. തേന്‍ ശേഖരണം വര്‍ധിപ്പിക്കുക. 8. ഉല്‍പ്പാദനം കുറഞ്ഞ തോട്ടങ്ങള്‍ വെട്ടിമാറ്റി ആവര്‍ത്തന കൃഷി ചെയ്യാന്‍ സബ്‌സിഡി നല്‍കുക. ഒരേക്കറില്‍ 200 ല്‍ കൂടുതല്‍ റബ്ബര്‍ തൈകള്‍ വയ്ക്കാന്‍ അനുവദിക്കരുത്. 9. നിശ്ചിത വണ്ണമെത്തിയ മരങ്ങള്‍ മാത്രം ടാപ്പു ചെയ്യാന്‍ അനുവദിക്കുക.

സി.പി. ഗോപാലകൃഷ്ണന്‍, നെടുങ്കുന്നം, റിട്ട.ജോയിന്റ് റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.