എഞ്ചിനീയറിങ് പ്രവേശന പരീക്ഷ; ഉത്തര സൂചികകള്‍ പ്രസിദ്ധീകരിച്ചു

Thursday 28 April 2016 11:34 pm IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ ഉത്തര സൂചികകള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി ആകെ 351 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഉത്തരസൂചികകള്‍ www.cee.kerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തര സൂചികകള്‍ സംബന്ധിച്ച് ആക്ഷേപമുള്ള പരീക്ഷാര്‍ത്ഥികള്‍ പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപ മുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ എന്ന ക്രമത്തില്‍ പ്രവേശനകമ്മീഷണറുടെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം മെയ് മൂന്നിന് മുന്‍പാകെ അപേക്ഷിക്കണം. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷ നല്‍കണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. അതേസമയം മെഡിക്കല്‍ പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ഏകീകൃത പ്രവേശനപരീക്ഷ(നീറ്റ്) നടപ്പാക്കണമെന്ന് ഇന്നലെ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ഇത് മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മെഡിക്കല്‍ പരീക്ഷ ഇന്നലെയാണ് പൂര്‍ത്തിയായത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.