ചരിത്രത്തിലെ കൂടിയ ചൂട് പാലക്കാട്ട്

Friday 29 April 2016 10:41 am IST

ഉടലുരുക്കും വെയിലില്‍ …
കോട്ടയം പ്ലസ്സ് ക്ലബ്ബിന് സമീപം വൈദ്യുതി പോസ്റ്റില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരന്‍
ചിത്രം: വി.ബി.ശിവപ്രസാദ്

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തി, 41.9 ഡിഗ്രി. ഇതിനുമുമ്പ് 1987ലാണ് കേരളത്തില്‍ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്, 41.8 ഡിഗ്രി.

ചൂടു കൂടുന്നതനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സൂര്യാതപം ഏല്‍ക്കുന്നവരുടെ എണ്ണവും പെരുകുന്നുണ്ട്. രാവിലെ 11നും ഉച്ചയ്ക്ക് മൂന്നിനും ഇടയ്ക്ക് വെയില്‍ കൊള്ളുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സൂര്യാതപം ഏല്‍ക്കുന്നവരുടെ എണ്ണം കുറയുന്നില്ല. പ്രത്യേകിച്ച് അവധിക്കാലം ആഘോഷിക്കാന്‍ വിവിധ കളികളിലേര്‍പ്പെടുന്ന കുട്ടികള്‍ക്കാണ് കൂടുതലായും സുര്യാതപം ഏല്‍ക്കുന്നത്.

അതിനിടെ സംസ്ഥാനത്ത് ഉടന്‍ മഴ പെയ്യുമെന്നും സൂചനയുണ്ട്. കടുത്ത വേനല്‍ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്തിന് ആശ്വാസമേകി അടുത്ത അഞ്ചുദിവസത്തിനുള്ളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകൂട്ടല്‍. മാലിദ്വീപിന് മുകളില്‍ ചക്രവാതം രൂപപ്പെട്ടതാണ് കേരളത്തില്‍ മഴ പെയ്യാന്‍ വഴിതുറക്കുന്നത്. അതിനാല്‍ അഞ്ചുദിവസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്യും. മെയ് അഞ്ചിന് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ പെയ്യുന്നതോടെ നിലവിലെ ചൂട് രണ്ടു ഡിഗ്രിയെങ്കിലും കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രതീക്ഷ.

ചൂടു കൂടുന്നത് മഴ പെയ്യാനുള്ള സാധ്യത വര്‍ധിപ്പിക്കും. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം അനുസരിച്ച് മെയ് ആദ്യവാരം കേരളത്തില്‍ മഴ ലഭിക്കുമത്രെ. എന്നാല്‍ മഴ എത്തും മുമ്പ് കൊടുംചൂട് അനുഭവപ്പെടുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കുന്നു. പകല്‍ താപനില ഇനിയും ഉയരും. സമുദ്രത്തില്‍ നിന്ന് വരണ്ട കാറ്റുവീശുന്നതും അന്തരീക്ഷത്തില്‍ ഈര്‍പ്പമില്ലാത്തതം ചൂടു വര്‍ധിപ്പിക്കും. മാത്രമല്ല ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ അനുഭവപ്പെടുന്ന താപതരംഗം കേരളത്തിലെയും താപനില വര്‍ധിപ്പിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.