സൂര്യാഘാതം: തൊഴിലിടങ്ങളില്‍ പരിശോധന ശക്തമാക്കി

Friday 29 April 2016 12:59 pm IST

പാലക്കാട്: കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ജില്ലയില്‍ ചൂട് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ നിതാന്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. തുറന്ന സ്ഥലങ്ങളില്‍ പണിയെടുക്കുന്നവര്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ വിശ്രമിക്കേണ്ടതാണ്. ദേഹാസ്വാസ്ഥ്യം, തളര്‍ച്ച, പേശിവലിവ് എന്നിവ തോന്നുന്ന പക്ഷം വൈദ്യസഹായം തേടേണ്ടതാണ്. പണിയിടങ്ങളിലെ തൊഴിലാളികള്‍ മുന്‍കരുതല്‍ സ്വീകരിക്കുകയും വിശ്രമ സമയത്ത് ജോലി ചെയ്യാതെ തണലിടങ്ങളിലേക്ക് മാറിയിരിക്കുകയും വേണം. അടുക്കളയില്‍ ജനാലകള്‍ തുറന്നിട്ടോ എക്‌സോസ്റ്റ് ഫാന്‍ ഉപയോഗിക്കുകയോ ചെയ്യാം. സൂര്യാഘാതവുമായി ബന്ധപ്പെട്ട് തുറന്ന സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനമുള്‍പ്പടെയുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് 3 മണിവരെയും പണിയെടുക്കുവാന്‍ പാടില്ല. ഇവര്‍ക്ക് വിശ്രമം അനുവദിക്കുന്നത് വിലയിരുത്തുന്നതിന് തൊഴിലിടങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പരിശോധനകള്‍ ശക്തമാക്കിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴിലിടങ്ങളില്‍ ബാലവേല നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. ആവശ്യത്തിന് ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുവാനും അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ വൃത്തിയുള്ള ശൗചാലയങ്ങള്‍ ഉറപ്പ് വരുത്തുവാനും കോണ്‍ട്രാക്ടര്‍മാര്‍/ തൊഴിലുടമകള്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തവര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ ചെയ്യും. തൊഴിലിടങ്ങള്‍ പരിശോധിക്കുവാനായി ജില്ലാ ലേബര്‍ ഓഫീസറുടെ (എന്‍ഫോഴ്‌സ്‌മെന്റ്) നേതൃത്വത്തില്‍ പത്ത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന മൂന്ന് സ്‌ക്വഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. തുറന്ന ഇടങ്ങളില്‍ 11 മുതല്‍ മൂന്നുവരെ പണിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസുമായോ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുമായോ ബന്ധപ്പെടേണ്ടതാണ്. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഡി എം ഒ ഡോ. കെ പി റീത്ത, ഡോ. പി ബി ഗുജ്‌റാള്‍, എപ്പിഡെര്‍മോളജിസ്റ്റ് റോസ് തോമസ്, ജില്ലാ ലേബര്‍ ഓഫീസര്‍ കെ എന്‍ രമേശ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.