ജീവനക്കാരെ പൂട്ടിയിട്ട് വില്ലേജ് ഓഫീസിന് തീയിട്ട സംഭവം; അന്വേഷണം ഊര്‍ജിതമാക്കി

Friday 29 April 2016 4:04 pm IST

പാറശാല: വെള്ളറട വില്ലേജ് ഓഫീസില്‍ ജീവനക്കാരെ പൂട്ടിയിട്ട് ഓഫീസിന് തീയിട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിനായി നെയ്യാറ്റികര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചു. ഡിവൈഎസ്പിക്ക് പുറമെ വെള്ളറട, പാറശാല, ആര്യനാട് സിഐമാരും ആര്യങ്കോട്, മാരായമുട്ടം, വെള്ളറട, പാറശാല എസ്‌ഐമാരും അടങ്ങുന്ന ഷാഡോ പോലീസും അന്വേഷണ സംഘത്തിലുണ്ടാകും. അക്രമണം നടത്തിയ ആളുടേതെന്നു കരുതപ്പെടുന്ന സിസിടിവി ദൃശ്യം സമീപത്തെ സ്ഥാപനത്തില്‍ നിന്നും ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സംഭവം ഗൂഢാലോചനയാണെന്ന് കരുതില്ലെന്നും, വില്ലേജ് ഓഫീസിലെ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുടെ പേരില്‍ വ്യക്തി വൈരാഗ്യം തീര്‍ത്തതാകാം എന്നും, വൈകാതെ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്പി പറഞ്ഞു. പ്രദേശവാസികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ 11-നായിരുന്നു സംഭവം. ഓഫീസില്‍ കയറിയ യുവാവ് വില്ലേജ് ഓഫീസറുടെ മുന്നിലെത്തി ഒരുകാര്യം കാണിച്ചുതരാമെന്ന് പറഞ്ഞ് കൈവശം ഉണ്ടായിരുന്ന പെട്ടി തറയില്‍ ഇടിച്ച ശേഷം ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ചു. തുടര്‍ന്ന് വില്ലേജ് ഓഫീസ് അകത്തു നിന്ന് പൂട്ടുകയും ചെയ്തു. പെട്ടിയിലുണ്ടായിരുന്ന പെട്രോള്‍ കത്തിപ്പടരുകയും അതില്‍ നിറച്ചിരുന്ന മിശ്രിതത്തില്‍ നിന്ന് അമിതമായി പുക പുറത്തുവരികയും ചെയ്തു. പരിഭ്രാന്തരായ ജീവനക്കാര്‍ നിലവിളിച്ചപ്പോള്‍ പുറത്തേക്കോടിയ യുവാവ് ഓഫീസ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിലെ ശുചിമുറിയില്‍ കയറി സോക്‌സിലും കോട്ടിലും ഉണ്ടായിരുന്ന തീ കെടുത്തി രക്ഷപ്പെടുകയായിരുന്നു. തീയും പുകയും ഉയര്‍ന്നയുടന്‍ അകത്തുണ്ടായിരുന്നവര്‍ നിലവിളിച്ചു. വില്ലേജ് ഓഫീസര്‍ ഇതിനിടെ ടോയ്‌ലെറ്റില്‍ കുടുങ്ങുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാര്‍ കോടാലി ഉപയോഗിച്ച് കതക് വെട്ടിപ്പൊളിച്ചാണ് വില്ലേജില്‍ ഓഫീസില്‍ കുടുങ്ങിയവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. പാറശാലയില്‍ നിന്നും നെയ്യാറ്റിന്‍കരയില്‍ നിന്നും എത്തിയ അഗ്നിശമനസേന തീ അണച്ചു. സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ ഉള്‍പ്പടെ 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.