സ്വന്തം വീട്ടുകാരുടെ പോലും വോട്ടു ലഭിക്കാത്ത വിശ്വസാഹിത്യകാരന്‍

Friday 29 April 2016 8:02 pm IST

എസ്.കെ. പൊറ്റക്കാട്,           തകഴി,                 അടൂർഭാസി,          സുകുമാർ  അഴീക്കോട്‌

സ്വന്തം വീട്ടുകാരുടെ വോട്ടുപോലും കിട്ടാതെ പരാജയപ്പെട്ടയാളായിരുന്നു തകഴി ചേട്ടന്‍ എന്ന തകഴി ശിവശങ്കരപ്പിള്ള. ഇടതുപക്ഷ പാര്‍ട്ടിയായ കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കുട്ടനാട് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തകഴി ദയനീയമായിട്ടാണ് പരാജയപ്പെട്ടത്. മത്തായി മാഞ്ഞൂരാനായിരുന്നു കെഎസ്പിയുടെ കേരള സ്ഥാപകന്‍. ശ്രീകണ്ഠന്‍ നായര്‍ പ്രമുഖ നേതാവായിരുന്നു. കുട്ടനാട്ടില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയായിട്ടാണ് തകഴിയെ പാര്‍ട്ടി അവതരിപ്പിച്ചത്.

എന്നാല്‍ പാര്‍ട്ടിയെയും സാഹിത്യലോകത്തെയും വല്ലാതെ ഞെട്ടിച്ച് കളഞ്ഞു തകഴിയുടെ പ്രകടനം. പ്രമുഖ കൃഷിക്കാരനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വര്‍ഗീസ് അഗസ്റ്റ്യനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. മത്സരം കടുത്തു. പ്രചാരണം കൊഴുത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞു പെട്ടി പൊട്ടിച്ചു. തന്നോടൊപ്പം പ്രചാരണ രംഗത്ത് സജീവമായിരുന്നവരുടെ ആവേശവും കൊഴുപ്പും തനിക്ക് വേണ്ടിയായിരുന്നില്ലേ എന്ന് സംശയിച്ചുപോകുന്ന തരത്തിലെ ഫലമായിരുന്നു വന്നത്. തന്നോടൊപ്പം ഉണ്ടായിരുന്ന പ്രവര്‍ത്തകരെക്കാള്‍ വോട്ടു കുറവായിരുന്നു പെട്ടിയില്‍. 1867 വോട്ടു മാത്രമാണ് തകഴിക്ക് ലഭിച്ചത്.

സ്വന്തം ചിറ്റമ്മപോലും തനിക്ക് വോട്ടു ചെയ്തില്ലെന്ന് പിന്നീട് തകഴി തന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. ചിറ്റപ്പന്‍, ”അയാള്‍ വോട്ടു ചെയ്യില്ലായെന്ന് മുഖത്ത് നോക്കി പറഞ്ഞിരുന്നു.” ഞങ്ങള്‍ കോണ്‍ഗ്രസിനെ വോട്ടു ചെയ്യൂവെന്ന് വോട്ടു ചോദിച്ച് ചെന്നപ്പോള്‍ പറഞ്ഞതായി തകഴിയുടെ ആത്മകഥയില്‍ പറയുന്നു. പിന്നെ ക്രിസ്ത്യാനികള്‍, അവര്‍ ഒന്നടങ്കം ക്രിസ്ത്യാനിക്ക് വോട്ടു ചെയ്തതായും തകഴി പരാജയം വിലയിരുത്തി കണ്ടെത്തി.

തിരുവിതാംകൂര്‍ സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു. ഇടതുപക്ഷത്ത് റ്റി.വി. തോമസും പി.റ്റി. പുന്നൂസും. മത്തായി മാഞ്ഞൂരാനും ശ്രീകണ്ഠന്‍ നായരും എല്ലാമാണ് തകഴി ഇടതുപക്ഷക്കാരനാകാന്‍ കാരണം. ശ്രീകണ്ഠന്‍ നായരാണ് സ്ഥാനാര്‍ത്ഥിയാകാന്‍ തകഴിയെ പ്രേരിപ്പിച്ചത്. കുറ്റിപ്പുഴ കൃഷ്ണപിള്ളയും ജോസഫ് മുണ്ടശ്ശേരിയും തനിക്കുവേണ്ടി പ്രസംഗിക്കാന്‍ എത്തുമെന്ന് തകഴി കരുതി. എന്നാല്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രസംഗിക്കാന്‍ അവരെത്തിയില്ല. ഏതായാലും തകഴിയുടെ ആദ്യത്തെയും അവസാനത്തെയും തെരഞ്ഞെടുപ്പായി അത് മാറി.

എസ്.കെ. പൊറ്റക്കാടും രണ്ട് തവണ മത്സരത്തിനിറങ്ങി ലോകസഭയിലേക്ക്. ആദ്യതവണ പരാജയത്തിന്റെ രുചി അറിഞ്ഞു. 1957 ല്‍ തലശ്ശേരി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ചു തോറ്റു. കോണ്‍ഗ്രസിന്റെ ജിനചന്ദ്രനാണ് 1000 വോട്ടിന് തോല്‍പ്പിച്ചത്. എന്നാല്‍ 1962 ല്‍ കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. തന്റെ സുഹൃത്തും സാഹിത്യകാരനുമായ സുകുമാര്‍ അഴീക്കോടിനെയാണ് പരാജയപ്പെടുത്തിയത്. 66000 വോട്ടിനാണ് അഴീക്കോടിനെ പരാജയപ്പെടുത്തിയത്. പാര്‍ലമെന്റംഗമെന്ന നിലയില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇതിന്റെ അനുഭവം വെച്ച് പൊറ്റക്കാട് ഒരു അപൂര്‍ണ നോവല്‍ എഴുതി. ‘നോര്‍ത്ത് അവന്യു’ എന്നാണ് നോവലിന്റെ പേര്.

ഹാസ്യ സാമ്രാട്ട് അടൂര്‍ ഭാസി മത്സരിച്ചു വിജയിച്ച ചരിത്രമുണ്ട്. തിരുവനന്തപുരം നഗരസഭയിലേക്കാണ് മത്സരിച്ചത്. 1950 ല്‍ ആര്‍എസ്പി സീറ്റിലാണ് മത്സരിച്ച് ജയിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.