പ്രിയപ്പെട്ട സുരേഷ് ഗോപി എംപിയ്ക്ക്

Saturday 30 April 2016 9:47 am IST

സിനിമയിലും ടെലിവിഷനിലും കേരളക്കരയാകെയും ആകാരസൗകുമാര്യം കൊണ്ടും സംഭാഷണ ചാതുര്യചടുലതാദികള്‍കൊണ്ടും സ്തംഭമായി നിലകൊള്ളുന്ന താങ്കള്‍ എംപിയാകുമ്പോള്‍ മുന്നിട്ടിറങ്ങി ചെയ്യേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. പൊതുജനങ്ങളും അറിയുകയും അവരുടെ പിന്‍ബലവും താങ്കള്‍ക്ക് ലഭിക്കുകയും ചെയ്യട്ടെ എന്ന ഉദ്ദേശ്യത്തിലാണ് പരസ്യമായി ഇങ്ങനെയൊരു പ്രസ്താവം. കലാകാരന്മാരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന പതിവുണ്ടെന്ന് ഒന്നരപ്പതിറ്റാണ്ട് മുമ്പ് ഞാന്‍ താങ്കളെ ഓര്‍മപ്പെടുത്തിയത് ഓര്‍ക്കുന്നെന്ന് കരുതുന്നു. ആക്ഷന്‍ ഹീറോ ആയി താങ്കളെ വിലയിരുത്തുമ്പോള്‍ ഞാന്‍ കണ്ടത് താങ്കള്‍ അവതരിപ്പിച്ച മികവുറ്റ മറ്റനേകം കഥാപാത്രങ്ങളെയാണ്. താങ്കള്‍ നാടെമ്പാടും ചെയ്ത സേവനങ്ങളെയും സഹാനുഭൂതികളെയുമാണ്. എന്റെ തിരക്കഥയില്‍ താങ്കള്‍ക്ക് ലഭിച്ച 'ഭരത്' പുരസ്‌ക്കാരത്തെയാണ്. ഇന്നിപ്പോള്‍ രാജ്യത്തിന്റെ നിയമനിര്‍മാണസഭകളിലൊന്നില്‍ താങ്കള്‍ അംഗമാകുമ്പോള്‍ എനിക്ക് മൂന്ന് കാര്യങ്ങള്‍ (തല്‍ക്കാലം മൂന്ന്. ബാക്കി വഴിയെ) ഓര്‍മിപ്പിക്കാനുണ്ട്. 1. ജനസംഖ്യാനിയന്ത്രണം ഫലപ്രദമാക്കണം വെള്ളമില്ലാതാകുന്നു. അതിനായി തമ്മിലടിക്കുന്ന ഘട്ടമെത്തുന്നു. ആഗോളതാപനം, അത്യുഷ്ണം എന്നൊക്കെ പറയുമ്പോഴും ജനസംഖ്യാപ്പെരുപ്പവും ഒരു കാരണം തന്നെ. ഇനി വായുവിനായി തമ്മിലടിക്കുന്ന ഘട്ടം വരാം. ഇക്കാണുന്ന ജനസംഖ്യ ഒരു പ്രശ്‌നമല്ലെന്നും അത്രയും മനുഷ്യശക്തി നമുക്ക് ലഭിക്കുകയാണല്ലൊയെന്നും പറയുന്നതാരായാലും അത് വഞ്ചനയാണ്. എല്ലാ ജോലികളും മനുഷ്യന്‍ ചെയ്യേണ്ടതല്ല. മനുഷ്യന്‍ അവന്റെ സ്വത്വത്തെ ജ്വലിപ്പിക്കുന്ന ജോലികളിലേക്ക് കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ബാക്കിയൊക്കെ യന്ത്രങ്ങള്‍ക്ക് വിട്ടുകൊടുക്കണം. മനുഷ്യകുലത്തിന് ഒട്ടും ആവശ്യമില്ലാത്ത ജോലികളിവിടെ ഒരുപാടുണ്ട്. അവയില്‍നിന്നൊക്കെയും അവന്‍ മാറിപ്പോകട്ടെ. മനുഷ്യന്‍ പൂര്‍ണ മനുഷ്യനാകണമെങ്കില്‍ ജനപ്പെരുപ്പം നിയന്ത്രിക്കപ്പെടണം. അസൂയ പോലും ജനസംഖ്യാ വര്‍ദ്ധനയില്‍ നിന്നുണ്ടാകുന്നു എന്നുപറയുമ്പോള്‍ എത്ര ഭീകരമാണ് ജനപ്പെരുപ്പത്തിന്റെ തിക്തത എന്ന് ഓര്‍ക്കുക. 2. ഓരോ വീട്ടിലും ഓരോ പശു പശുവിനെ വളര്‍ത്താന്‍ സ്ഥലസൗകര്യമുള്ള എല്ലാ വീട്ടിലും ഓരോ പശുവിനെയെങ്കിലും വളര്‍ത്താന്‍ സര്‍ക്കാര്‍ സഹായത്തോടെ പദ്ധതി കൊണ്ടുവരണം. പശു അവസാനമില്ലാത്ത ഐശ്വര്യമാണ്. മനുഷ്യനെ ബാധിക്കുന്ന ഒരുപാട് രോഗങ്ങള്‍ക്ക് കാരണം വീടുകളില്‍ നിന്ന് പശു മറഞ്ഞുപോയതാണ്. ആരോഗ്യത്തിനും ആയുസ്സിനും ഉതകുന്നതേ പശു നമുക്ക് തരുന്നുള്ളൂ. മനുഷ്യനും പ്രകൃതിക്കും പശു നല്‍കുന്ന ഗുണങ്ങള്‍ എണ്ണമറ്റതാണ്. അതുകൊണ്ടുതന്നെയാണ് പശു 'മാതാവ്'ആയത്. അടുത്തടുത്ത വീടുകളില്‍ പശു ഉണ്ടാകുമ്പോള്‍ ഒരു കറവക്കാരന്‍ ഉണ്ടാകും. പുല്‍കൃഷി ഉണ്ടാകും. കാലിത്തീറ്റ ഫാക്ടറികള്‍ ഉണ്ടാകും. തൊഴിലവസരങ്ങള്‍ ഉണ്ടാകും. പാലും പാലില്‍ നിന്നുള്ള പുതിയ ഉല്‍പ്പന്നങ്ങളും ആഹാരക്രമത്തില്‍ ഉണ്ടാകും. രാജ്യത്തിനു തന്നെ പുതിയ സംസ്‌കാരവും ഐശ്വര്യവും ഉണ്ടാകും. 3. വോട്ടര്‍മാരുടെ പിന്തുണയുള്ളവരേ സ്ഥാനാര്‍ത്ഥികളാകാവൂ ആര്‍ക്കും നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും മത്സരിക്കാമെന്ന നില മാറണം. ജനപിന്തുണയുള്ളവര്‍ മാത്രം മത്സരിക്കട്ടെ. നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് അതേ മണ്ഡലത്തിലെ ചുരുങ്ങിയത് മൂവായിരം പേരുടെയെങ്കിലും പിന്തുണയുണ്ടെന്ന് അധികാരികളെ ബോധ്യപ്പെടുത്തണം. ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി അതേ മണ്ഡലത്തിലെ അയ്യായിരം പേരുടെയെങ്കിലും പിന്തുണയുണ്ടെന്ന് ബോധ്യപ്പെടുത്തണം. അങ്ങനെയാകുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ ആധിക്യംകൊണ്ടുണ്ടാകുന്ന ഒരുപാട് അസൗകര്യങ്ങളും അധികച്ചെലവുകളും സര്‍ക്കാരിന് ഒഴിവാക്കാം. തെരഞ്ഞെടുപ്പിലുണ്ടാകുന്ന അനാവശ്യ ഭാരം ഒഴിവാക്കാം. ഒപ്പം തന്നെ തുക കെട്ടിവയ്ക്കുക എന്ന നിയമം എടുത്തുകളയണം. തുക കെട്ടിവയ്ക്കുക എന്നത് പണമിടപാടിന്റെ സൂചനയാണ്. പണമിടപാട് പലപ്പോഴും അഴിമതിയിലേക്കുള്ള സൂചനയാണ്. താങ്കളുടെ രാജ്യസ്‌നേഹവും ആത്മാര്‍ത്ഥതയും ഇംഗ്ലീഷ് ഭാഷാ വഴക്കവും രാജ്യസഭയില്‍ കേരളത്തിനായല്ല ഭാരതത്തിനായിത്തന്നെ ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു. ബല്‍റാം മട്ടന്നൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.