സുരേഷ്‌ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Friday 29 April 2016 10:23 pm IST

ന്യൂദല്‍ഹി: മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ്‌ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ 11 മണിക്ക് രാജ്യസഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷിലാണ് സുരേഷ്‌ഗോപി സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം സുരേഷ് ഗോപി പ്രതികരിച്ചു. രാജ്യസഭയില്‍ 90-ാം നമ്പര്‍ സീറ്റാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് മുമ്പ് സുരേഷ്‌ഗോപിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. ഭാര്യ രാധിക, മക്കളായ ഗോകുല്‍, ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവരും സുരേഷ് ഗോപിക്കൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. തുടര്‍ന്ന് പാര്‍ലമെന്റിലേക്കെത്തിയ താരത്തിന് അനുമോദനങ്ങളുമായി മലയാളികളും അല്ലാത്തവരുമായ എംപിമാരെത്തി. രാജ്യസഭയില്‍ സഭചേരുന്നതിന് മുമ്പ് കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ്- ഇടതുപക്ഷ എംപിമാരും സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങള്‍ നല്‍കി. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്യസഭാധ്യക്ഷന്റെ കാല്‍തൊട്ടുവണങ്ങി സീറ്റിലേക്ക് മടങ്ങിയ എംപി ആദ്യദിനം മറക്കാനാവാത്ത അനുഭവമായിരുന്നെന്ന് അഭിപ്രായപ്പെട്ടു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എന്നിവര്‍ സഭയില്‍ വെച്ച് സുരേഷ്‌ഗോപിയെ അഭിനന്ദിച്ചു. സുരേഷ് ഗോപിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും പുറമേ ഒഡീസി നര്‍ത്തകി കദംബരി ശിവായ പലിറ്റ് അടക്കമുള്ള സുഹൃത്തുക്കളും സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നതിനായി പാര്‍ലമെന്റിലെത്തിയിരുന്നു. ബാലഗോകുലം അടക്കമുള്ള സംഘടനകളുടെ സ്വീകരണവും പാര്‍ലമെന്റില്‍ സുരേഷ്‌ഗോപി എംപിക്ക് ലഭിച്ചു. പാര്‍ലമെന്റിലെ ബിജെപി ഓഫീസില്‍ നടന്ന ചടങ്ങില്‍ ബാലഗോകുലം സംസ്ഥാന മാര്‍ഗ്ഗദര്‍ശി ഭഗവത്ഗീത എംപിക്ക് ഉപഹാരമായി സമര്‍പ്പിച്ചു. ബാലഗോകുലം ഭാരവാഹികളായ കെ.വി രാമചന്ദ്രന്‍, എം.ആര്‍ വിജയന്‍, പി.കെ സുരേഷ്, ബാബു പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.