കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സഖാക്കള്‍ തന്നെയെന്ന് കുറ്റപത്രം

Friday 29 April 2016 10:26 pm IST

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം തകര്‍ത്തത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നും പാര്‍ട്ടിയിലെ വിഭാഗീയതയാണ് അക്രമത്തിന് കാരണമെന്നും കുറ്റപത്രം. ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം കഌസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട അഞ്ചുപേരെ തന്നെ പ്രതികളാക്കിയാണു ക്രൈംബ്രാഞ്ച് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍, കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറി പി. സാബു, സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരാണു കേസിലെ പ്രതികള്‍. ഇവരെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്. കഞ്ഞിക്കുഴിയിലെ സിപിഎം വിഭാഗീയതയെത്തുടര്‍ന്നു പ്രതികള്‍ സ്മാരകത്തിന് തീവയ്പ് നടത്തിയശേഷം കൃഷ്ണപിള്ളയുടെ പ്രതിമ അടിച്ചുതകര്‍ത്തെന്നാണു കേസ്. കേസിലെ പ്രധാന സാക്ഷികളും സിപിഎമ്മുകാരാണ്. കേസിലെ പ്രതികള്‍ എല്ലാവരും വിഎസ് പക്ഷക്കാരാണ്. ലതീഷ് ബി. ചന്ദ്രന്‍ ഗൂഢാലോചന നടത്തിയാണ് സ്മാരകം തകര്‍ത്തതെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. സ്മാരകം തകര്‍ക്കലിലേക്ക് നയിച്ചത് സിപിഎമ്മിലെ വിഭാഗീയതയാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മുഹമ്മ കണ്ണര്‍കാട്ട് പാര്‍ട്ടി നടപടികള്‍ നേരിട്ട വിഎസ് പക്ഷക്കാരായ ലതീഷ്, മുന്‍ ലോക്കല്‍ കമ്മറ്റിസെക്രട്ടറി പി. സാബു, ദീപു, രാജേഷ്, പ്രമോദ് എന്നിവര്‍ ആസൂത്രണം ചെയ്താണ് അക്രമം നടത്തിയത്. സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടാക്കാനായി സമീപ പ്രദേശമായ കായിപ്പുറത്തെ ഇന്ദിരാഗാന്ധിയുടെ സ്തൂപവും ഇവര്‍ തകര്‍ത്തിരുന്നു. കൃഷ്ണപിള്ള സ്മാരകം പോലും സംരക്ഷിക്കാന്‍ കഴിയാത്തവരാണ് ഔദ്യോഗിക പക്ഷ നേതൃത്വം എന്ന് വരുത്തിത്തീര്‍ക്കുകയും ഇവരുടെ ലക്ഷ്യമായിരുന്നു. മുന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ എല്ലാം തന്നെ ഇപ്പോഴത്തെ അന്വേഷണ സംഘവും ശരിവെച്ചിട്ടുണ്ട്. കൃഷ്ണപിള്ള ഒളിവില്‍ കഴിയുന്നതിനിടെ പാമ്പു കടിയേറ്റ് മരിച്ച മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടം വീട്ടിലെ സ്മാരകം 2013 ഒക്‌ടോബര്‍ 31ന് പുലര്‍ച്ചെയാണ് കത്തിച്ചത്. എന്നാല്‍ അന്വേഷണം ഇപ്പോള്‍ പ്രതികളാക്കപ്പെട്ടവരില്‍ ഒതുക്കാനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നതെന്ന് ആക്ഷേപം ഉയരുന്നു. സ്മാരകം കത്തിക്കാന്‍ ഗൂഢാലോചന നടത്തിയവര്‍, പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയവര്‍, കൃത്യത്തിന് ശേഷം ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയവര്‍, അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉന്നതര്‍ തുടങ്ങിയവരെയൊക്കെ വലയ്ക്ക് പുറത്താണ്. ഗൂഢാലോചന സംബന്ധിച്ച് സിപിഎം ജില്ലാ നേതാക്കള്‍, കേന്ദ്രകമ്മറ്റിയംഗങ്ങള്‍ എന്നിവരിലേക്ക് അന്വേഷണം നീണ്ടപ്പോഴാണ് അന്നത്തെ അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് പുതിയ സംഘത്തെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ചത്. നിലവിലെ പ്രതികളെ സംരക്ഷിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ ശ്രമങ്ങള്‍ പാര്‍ട്ടിയിലും പുറത്തും വിവാദമായിരുന്നു. സിപിഎമ്മുകാരല്ല സ്മാരകം തകര്‍ത്തതെന്നായിരുന്നു വിഎസിന്റെ നിലപാട്. അമ്മയെ തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ വിഎസ് കുടൂതല്‍ അപഹാസ്യനാകുകയാണ്. കേസില്‍ സിപിഎം ഉന്നതരെ സംരക്ഷിക്കുന്നതിലൂടെ ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുള്ള മറ്റൊരു ഒത്തുതീര്‍പ്പു കൂടി മറനീക്കുകയാണ്. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ സ്ഥാപക നേതാവിന് പോലും രക്ഷയില്ലെന്ന് കൃഷ്ണപിള്ള സ്മാരകത്തിന്റെ ദുര്‍ഗതി വ്യക്തമാക്കുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.