നീറ്റ് അടുത്തവര്‍ഷം മതിയെന്ന് കേന്ദ്രം, ഇപ്പോള്‍ത്തന്നെ വേണം: സുപ്രീംകോടതി

Saturday 30 April 2016 9:48 am IST

ന്യൂദല്‍ഹി: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് രാജ്യവ്യാപകമായി ഈ വര്‍ഷം മുതല്‍ ഏകീകൃത പ്രവേശനപ്പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- നീറ്റ്) നടത്താന്‍ അനുമതി നല്‍കിയ സുപ്രീംകോടതിവിധിയെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ സ്വാഗതം ചെയ്തു. നീറ്റ് പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പ്രവേശനപ്പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെയും സിബിഎസ്ഇയെയും പരമാവധി സഹായിക്കണമെന്ന നിലപാടാണ് കേന്ദ്ര ആരോഗ്യവകുപ്പിനുള്ളതെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി ഏറെ നാളായി ഇതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നുവെന്നും പറഞ്ഞു. ഈ ലക്ഷ്യം നേടാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് സുപ്രീംകോടതി ഉത്തരവെന്ന് നദ്ദ പറഞ്ഞു. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും പ്രവേശനപ്പരീക്ഷകള്‍ വിജയകരമായി നടത്താന്‍ എല്ലാ ശ്രമങ്ങളും മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഈവര്‍ഷം പരീക്ഷ നടത്താനുള്ള കോടതി തീരുമാനത്തില്‍ കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ അടുത്ത വര്‍ഷം മുതല്‍ നീറ്റ് നടത്തിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിക്കാനാവില്ലെന്നും രണ്ടുഘട്ടങ്ങളായി ഇത്തവണ തന്നെ പരീക്ഷ നടത്തണമെന്നും കോടതി വീണ്ടും വ്യക്തമാക്കി. പരീക്ഷ ഒറ്റ ഘട്ടമായി നടത്താനുള്ള ആവശ്യവും കോടതി നിരസിച്ചു. എന്നാല്‍ നീറ്റിന്റെ നിയമ സാധുത സംബന്ധിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് അനില്‍ ആര്‍ ദവെയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് മെയ് മൂന്നിന് വാദം കേള്‍ക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.