വില്ലേജ് ഓഫീസിലെ തീയിടല്‍; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

Friday 29 April 2016 10:42 pm IST

തിരുവനന്തപുരം: വെള്ളറട വില്ലേജ്ഓഫീസ് തീയിട്ട സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി നിസാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. തീയിട്ട അജ്ഞാതനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായില്ല. ഇയാളുടെ സോക്‌സിലും കോട്ടിലും തീപിടിച്ചിരുന്നു. പൊള്ളലേല്‍ക്കാന്‍ സാധ്യത ഉണ്ടെന്ന് കരുതി സമീപത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ആരും ചികിത്സ തേടി എത്തിയതായി കണ്ടെത്തിയില്ല. ഇതേ തുടര്‍ന്നാണ് അന്വേഷണം തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തുന്നത്. അജ്ഞാതന്‍ ധരിച്ചിരുന്ന കോട്ട് വില്ലേജ് ഓഫീസിനു സമീപത്തു നിന്നും കണ്ടെത്തി. കടുക്കറ ചെക്ക് പേസ്റ്റില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. വെള്ളറട പ്രദേശത്തെ മൊബൈല്‍ ടവറിനു കീഴില്‍ തീകത്തിക്കുന്ന സമയത്തുണ്ടായിരുന്ന ഫോണുകളുടെ കോള്‍ വിശദാംശങ്ങള്‍ വിവിധ മൊബൈല്‍ കമ്പനികളോട് പോലിസ് ആവശ്യപ്പെട്ടു. തീകത്തിക്കാന്‍ പോട്രോളിനോടോപ്പം ഉപയോഗിച്ച മിശ്രതത്തിന്റെ സാമ്പിള്‍ ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ചു. തീപിടുത്തത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വില്ലേജ് ഓഫീസര്‍ അടക്കമുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.