തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി.സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പല ഓഫീസുകളിലും ജീവഭയം കൂടാതെ ജോലി ചെയ്യുവാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. തങ്ങളുടെ ജോലിയുടെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുവാന്‍ ചുമതലപ്പെട്ട വില്‍പ്പന നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെ കുത്തിക്കൊല്ലാന്‍ മടിക്കില്ലെന്നാണ് വ്യാപാരി സംഘടനയുടെ നേതാവ് പരസ്യമായി പ്രസംഗിച്ചത്.
കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ ക്വാറി മാഫിയയുമായി ബന്ധമുള്ള അക്രമികള്‍ വെള്ളറട വില്ലേജ് ഓഫീസ് തീയിട്ട് അവിടെയുണ്ടായിരുന്ന ജീവനക്കാരെ കൊല്ലാന്‍ ശ്രമിച്ചത് അത്യന്തം ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലെ അസൗകര്യങ്ങളുടെ പേരില്‍ രോഗികളുടെ ബന്ധുക്കള്‍ അവിടുത്തെ ജീവനക്കാരെ ആക്രമിക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മനസമാധാനത്തോടുകൂടി ജോലി ചെയ്യുന്നതിന് വേണ്ടസാഹചര്യം ഒരുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എന്‍ജിഎ സംഘ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: