നീറ്റ് പരീക്ഷ : ഉത്തരവ് ഭേദഗതി ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി

Saturday 30 April 2016 12:19 pm IST

ന്യൂദല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ ഏകീകൃത പൊതു പ്രവേശന പരീക്ഷ(നീറ്റ്) നടത്തിപ്പു സംബന്ധിച്ച ഉത്തരവ് ഭേദഗതി ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിധി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. ഏകീകൃത പരീക്ഷ നടത്തുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയായിരുന്നു. സിബിഎസ്ഇ സിലബസും സംസ്ഥാന സിലബസും വ്യത്യസ്തമാണെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിധിയില്‍ ഇനി ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. മേയ് ഒന്നിനും ജൂലായ് 24നും രണ്ടു ഘട്ടമായി പരീക്ഷ നടത്തി ഏകീകൃത പൊതു പ്രവേശനം നടത്തണമെന്നാണു സുപ്രീം കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാരും മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയും സിബിഎസ്ഇയും മുന്നോട്ട് വച്ച സമയക്രമം അംഗീകരിച്ചാണ് മേയ് ഒന്നിനും ജൂലായ് 24നുമായി നീറ്റ് പരീക്ഷ നടത്താന്‍ സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്. മേയ് ഒന്നിനുള്ള അഖിലേന്ത്യാ പ്രീ മെഡിക്കല്‍, പ്രീ ഡെന്റല്‍ പരീക്ഷയെ നീറ്റിന്റെ ഒന്നാം ഘട്ടമായി പരിഗണിക്കാനും ഇതിന് അപേക്ഷിക്കാത്തവര്‍ക്ക് ജൂലായ് 24ന് അവസരം നല്‍കാനുമായിരുന്നു തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.