ആന്‍ജിയോഗ്രാം യന്ത്രം പണിമുടക്കി; രോഗികള്‍ വലഞ്ഞു

Saturday 30 April 2016 9:03 pm IST

അമ്പലപ്പുഴ: ഡോക്ടര്‍മാര്‍ തമ്മിലുള്ള കുടിപ്പക മൂലം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആന്‍ജിയോഗ്രാം യന്ത്രം പണിമുടക്കി. ഇതേതുടര്‍ന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ കാത്ത് ലാബിന് മുന്നില്‍ സമരം ചെയ്തു. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും അകത്തേക്കോ പുറത്തേക്കോ കടക്കാനാവാത്ത വിധം പത്തോളം വരുന്ന കൂട്ടിരിപ്പുകാരാണ് സമരം നടത്തിയത്. രോഗിയെ ആന്‍ജിയോഗ്രാമിന് വിധേയമാക്കുന്നതിനു മുന്‍പ് ക്രമം തെറ്റിയ ഹൃദയമിടിപ്പ് ക്രമപ്പെടുത്താന്‍ ഷോക്ക് നല്‍കാന്‍ ഉപയോഗിക്കുന്ന യന്ത്രമായ ഡി സുബലേറ്ററാണ് തകരാറിലായത്. അന്യ ജില്ലകളില്‍ ഉള്‍പ്പെടെയുള്ള എട്ടോളം രോഗികള്‍ക്കാണ് ശനിയാഴ്ച ആഞ്ചിയോഗ്രാം നല്‍കാന്‍ നിശ്ചയിച്ചിരുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം രോഗികള്‍ വെള്ളിയാഴ്ച വൈകിട്ടു മുതല്‍ ഭക്ഷണം നല്‍കിയിരുന്നില്ല എന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ അന്‍ജിയോഗ്രാമിന് എത്തിയപ്പോഴാണ് യന്ത്രം തകരാറിലായെന്ന് അധികൃതര്‍ പറയുന്നത്. ഇതോടെ തലേന്നു മുതല്‍ ഭക്ഷണം കഴിക്കാതിരുന്ന രോഗികളുടെ സ്ഥിതി ഏറെ ദയനീയമാകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുകയും ചെയ്തു. ഇതോടെയാണ് കൂട്ടിരിപ്പുകാരും ബന്ധുക്കളും ചേര്‍ന്ന് കാത്ത് ലാബിനു മുന്നില്‍ ഉപരോധസമരം തീര്‍ത്തത്. ഒടുവില്‍ കാര്‍ഡിയോളജിയിലെ ഡോകടര്‍മാര്‍ എത്തി പരിശോധിച്ചപ്പോള്‍ യന്ത്രത്തിന് തകരാറില്ല എന്ന് കണ്ടെത്തുകയായിരുന്നു. ഇതിനു ശേഷം ഉച്ചയോടെ ആന്‍ജിയോഗ്രാം ചികിത്സ നല്‍കാമെന്ന് ഏറ്റതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. യന്ത്രം കേടായി എന്ന് വരുത്തിത്തീര്‍ത്തതിനു പിന്നില്‍ പുറത്ത് ലാബുകള്‍ നടത്തി കൊള്ളലാഭം കൊയ്യുന്ന ഡോക്ടറാണന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.