അധികാരം ലഭിച്ചാല്‍ രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കും: കുമ്മനം

Saturday 30 April 2016 4:01 pm IST

തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭൂരഹിതര്‍ക്ക് പഞ്ചായത്തിലാണെങ്കില്‍ 20 സെന്റും മുന്‍സിപ്പാലിറ്റിയില്‍ 10 സെന്റും കോര്‍പ്പറേഷനില്‍ അഞ്ചു സെന്റും നല്‍കും. ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ പാര്‍പ്പിട പദ്ധതിയും മന്നത്ത് പദ്മനാഭന്റെ പേരില്‍ വിദ്യാഭ്യാസ സഹായ പദ്ധതിയും നടപ്പാക്കും. 24 മണിക്കൂറും തടസ്സമില്ലാതെ കേരളത്തില്‍ കുടിവെള്ള വിതരണം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എന്‍ഡിഎയുടെ വികസനരേഖ പ്രകാശിപ്പിക്കുന്ന ചടങ്ങില്‍ അധ്യക്ഷ ഭാഷണം നടത്തുകയായിരുന്നു കുമ്മനം. സര്‍വമേഖലകളിലും സമ്പൂര്‍ണമായ നവോത്ഥാനമാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്. മുന്നണികളുണ്ടാക്കിയ വിനാശത്തിന്റെ തിക്തഫലം അനുഭവിക്കുന്ന ജനതയെ രക്ഷിക്കാനാണ് എന്‍ഡിഎ വികസനരേഖ കൊണ്ടുവന്നത്. ഇരുമുന്നണികളില്‍ നിന്നും കേരളത്തിന് വിമോചനം ആവശ്യമാണ്. ഇരുവരും മാറി മാറി 60 വര്‍ഷം ഭരിച്ചപ്പോള്‍ കേരളത്തില്‍ കുടിക്കാന്‍ വെള്ളമില്ല, ഭക്ഷണമില്ല, കിടപ്പാടമില്ല, തൊഴിലില്ല എന്ന അവസ്ഥയാണ്. വറ്റിക്കിടക്കുന്ന 44 നദികള്‍, മണ്ണിട്ടു നികത്തിയ പാടശേഖരങ്ങള്‍, കയ്യേറ്റത്തിന് വിധേയമായ വനഭൂമി, പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസി-ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ ഇവയെല്ലാം പുനരുദ്ധരിക്കാനാണ് എന്‍ഡിഎ ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ തയ്യാറാക്കിയ വികസനരേഖയാണ് എന്‍ഡിഎ ജനാധിപത്യ കേരളത്തിന്റെ മുന്നില്‍ വയ്ക്കുന്നത്. പ്രധാനമായും ഇതില്‍ പത്തിന കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പിന്നാക്കാവസ്ഥയില്‍ കഴിയുന്ന 70 ലക്ഷം പേരാണ് കേരളത്തിലുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട ഇവരെ മുഖ്യധാരയിലെത്തിക്കാനുള്ള ഉത്തരവാദിത്വം എന്‍ഡിഎ ഏറ്റെടുക്കുമെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.