നീറ്റ് പരീക്ഷ ഇന്ന് തന്നെ: വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയും തള്ളി

Saturday 30 April 2016 9:46 pm IST

ന്യൂദല്‍ഹി: അഖിലേന്ത്യാ എംബിബിഎസ്-ബിഡിഎസ് ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് തന്നെ നടക്കും. ആദ്യഘട്ട പരീക്ഷയാണ് ഇന്ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നത്. പരീക്ഷ തടയണമെന്നാവശ്യപ്പെട്ട് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീംകോടതി തള്ളി. വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. സിബിഎസ്ഇ സിലബസും കേരളാ സിലബസും വ്യത്യസ്തമാണെന്ന വിദ്യാര്‍ത്ഥികളുടെ വാദവും കോടതി അംഗീകരിച്ചില്ല. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഇതിലിടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു. ഇന്ന് നടക്കുന്ന നീറ്റ് ആദ്യഘട്ട പരീക്ഷ യാതൊരു മാറ്റവുമില്ലാതെ നടക്കുമെന്നും കോടതി വ്യക്തമാക്കി. അതിനിടെ നീറ്റ് നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനം നടത്തുന്ന പ്രവേശന പരീക്ഷ അംഗീകരിക്കണമെന്നും കേരളം ആവശ്യപ്പെടും. ഇതുസംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് പുറത്തിറങ്ങും മുമ്പ് കേരളത്തില്‍ പരീക്ഷ പൂര്‍ത്തിയായതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് കേരളം വിശദീകരിക്കുന്നു. ദേശീയ പൊതുപ്രവേശന പരീക്ഷയെ ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ മെയ് 3ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് അനില്‍ ആര്‍ ദവെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. എന്നാല്‍ ഈ വര്‍ഷം തന്നെ പ്രവേശന പരീക്ഷ നടത്താന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാരും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സിബിഎസ്ഇയും കോടതിയെ അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.