കേരളത്തില്‍ ഇടതുവലത് രാഷ്ട്രീയം അവസാനിച്ചു മൂന്നാം മുന്നണി ശക്തമായ ബദല്‍: ജെയ്റ്റ്‌ലി

Saturday 30 April 2016 9:57 pm IST

തിരുവനന്തപുരം: ഇടതുവലതു മുന്നണികളിലായി ധ്രുവീകരിക്കപ്പെട്ടിരുന്ന കേരളരാഷ്ട്രീയം ഇപ്പോള്‍ മൂന്നു മുന്നണികളിലായി മാറിയിരിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേരളത്തില്‍ ആദ്യമായാണ് മൂന്നു മുന്നണികള്‍ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് എന്‍ഡിഎയുടെ വികസനരേഖ പ്രകാശിപ്പിക്കുകയായിരുന്നു ജെയ്റ്റ്‌ലി. ഇക്കുറി ബിജെപിയും എന്‍ഡിഎയും മത്സരിക്കുന്നത് അധികാരം പിടിക്കാനാണ്. ബിജെപിയുടെ വോട്ടുവിഹിതം കേരളത്തില്‍ ക്രമാനുഗതമായി വര്‍ധിച്ചിരിക്കുകയാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും തുടര്‍ന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വമ്പിച്ച വിജയ വും ഇത് അടിവരയിടുന്നു. മുന്നണി രാഷ്ട്രീയത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ ബിജെപി കേരളത്തില്‍ അതിജീവിച്ചിരിക്കുകയാണ്. ഇന്ന് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ 11 കക്ഷികളുണ്ട്. ഓരോ പാര്‍ട്ടിയുടെയും സംഭാവന വളരെയധികം പ്രധാനപ്പെട്ടതാണ്. എന്‍ഡിഎ മികച്ച വിജയം കരസ്ഥമാക്കും. അധികാരം എന്‍ഡിഎക്ക് ലഭിച്ചാല്‍ കടക്കെണിയിലായ കേരളം സാമ്പത്തികസുസ്ഥിരത കൈവരിക്കും. ദളിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുന്നേറ്റം ഉണ്ടാകുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ലോകമാകമാനം ഇടതു പ്രത്യയശാസ്ത്രത്തെ തിരസ്‌കരിച്ചിരിക്കുകയാണ്. ഭാരതത്തിലും സ്വതവെ ദുര്‍ബലമായ ഇടതുപക്ഷം രൂക്ഷമായ പ്രത്യയശാസ്ത്ര പ്രതിസന്ധി നേരിടുന്നു. അതിനാലാണ് അവര്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിരിക്കുന്നത്. ബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യം ഒന്നാം യുപിഎയുടെ തുടര്‍ച്ചയാണ്. താമസംവിനാ കേരളത്തിലും അവര്‍ സഹകരിക്കുമെന്നതിന്റെ തെളിവാണ് ബംഗാളിലെ കൂട്ട്. ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന സാമ്പത്തിക മാതൃക കേരളത്തിനോ രാജ്യത്തിനോ പ്രയോജനം ചെയ്യുന്നതല്ല. ആയിരുന്നെങ്കില്‍ കേരളം ഇത്രയും വികസനമുരടിപ്പ് അനുഭവിക്കുമായിരുന്നില്ല. യുഡിഎഫിനാകട്ടെ ബദല്‍ സാമ്പത്തിക മാതൃക മുന്നോട്ടുവയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഇതാണ് കേരളത്തിലെ യുവതലമുറയെ പ്രവാസിസമൂഹമാക്കി മാറ്റിയത്. കേരളം മാനവവിഭവശേഷി കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി മാറിയതിന് കാരണം ഇടതുവലത് മുന്നണികളുടെ ഭരണമാണ്. ചരിത്രപരമായി കേരളം മികവുറ്റ സംസ്ഥാനമാണ്. വിനോദസഞ്ചാരം പ്രകൃതിവിഭവങ്ങള്‍ നീണ്ട തീരപ്രദേശവും എന്നിവയാല്‍ സമ്പന്നമാണ്. എന്നാല്‍ ഇത് പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഇരുമുന്നണികള്‍ക്കും കഴിഞ്ഞില്ലെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. മികച്ച വികസനരേഖയാണ് എന്‍ഡിഎ മുന്നോട്ടുവച്ചിരിക്കുന്നത്. വികസനവിരോധികളായ ഇടതുപക്ഷത്തെയും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന യുഡിഎഫിനെയും തൂത്തെറിഞ്ഞ് പുരോഗതിയിലേക്ക് കുതിക്കാന്‍ കേരളത്തിന് മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ ബിജെപിക്കും എന്‍ഡിഎക്കും ഏറെ അനുകൂലമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വികസനതരംഗം ചെറുപ്പക്കാരെയും പിന്നാക്ക വിഭാഗങ്ങളെയും കൂടുതലായി ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളം വലിയ രാഷ്ട്രീയമാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.