പ്രൊഫ. ബല്‍രാജ് മധോക് അന്തരിച്ചു

Monday 2 May 2016 8:25 pm IST

ന്യൂദല്‍ഹി: ജനസംഘം മുന്‍ അഖിലേന്ത്യാ അധ്യക്ഷനും ആര്‍എസ്എസ് പ്രചാരകനുമായിരുന്ന പ്രൊഫ. ബല്‍രാജ് മധോക്(96) അന്തരിച്ചു. ദല്‍ഹി രാജേന്ദ്രനഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം ഇന്നലെ വൈകിട്ട് ദല്‍ഹിയില്‍ നടന്നു. സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപികയായിരുന്ന അന്തരിച്ച കമലയാണ് ഭാര്യ. രണ്ട് പെണ്‍മക്കളുമുണ്ട്. 1967ലെ പൊതുതെരഞ്ഞെടുപ്പില്‍ 35 സീറ്റുകളുമായി ജനസംഘം കരുത്തുകാട്ടിയത് മധോക്കിന്റെ നേതൃത്വത്തിലാണ്. അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതും ജമ്മുകാശ്മീരിലേക്ക് സംഘപ്രവര്‍ത്തനം വ്യാപിപ്പിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. പാക് അധീന പ്രദേശമായ ബാള്‍ട്ടിസ്ഥാനില്‍ 1920ല്‍ ജനിച്ച മധോക്കിന്റെ കുടുംബം ഭാരത വിഭജനത്തോടെ ദല്‍ഹിയിലെത്തി. വടക്കന്‍ പഞ്ചാബില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ മക്കള്‍ക്കായി ആരംഭിച്ച പഞ്ചാബ് യൂണിവേഴ്‌സിറ്റി കോളേജ്, ദല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ അദ്ദേഹം അധ്യാപകനായി പ്രവര്‍ത്തിച്ചു. ജമ്മുകാശ്മീര്‍ പ്രജാപരിഷത്തിന്റെ സ്ഥാപകനേതാവുകൂടിയാണ്. ജനസംഘത്തിന്റെ ബംഗാള്‍ ഘടകം ശ്യാമപ്രസാദ് മുഖര്‍ജി രൂപീകരിച്ചപ്പോള്‍ ദല്‍ഹിയിലും പഞ്ചാബിലും മധോക് ആണ് സംഘടന കെട്ടിപ്പടുത്തത്. 1961ല്‍ ദല്‍ഹി മണ്ഡലത്തില്‍ നിന്നും ലോക്‌സഭാംഗമായി വിജയിച്ചു. 1967ല്‍ തെക്കന്‍ ദല്‍ഹിയില്‍ നിന്നും ലോക്‌സഭയിലെത്തി. തുടര്‍ന്ന് 1966-67ല്‍ സംഘടനയുടെ ദേശീയ അധ്യക്ഷ പദവിയും നിര്‍വഹിച്ചു. അടിയന്തരാവസ്ഥയില്‍ 18 മാസം മിസ തടവുകാരനായി ജയിലില്‍ കഴിഞ്ഞ ബല്‍രാജ് മധോക്കിന് ക്യാബിനറ്റ് പദവി ഇന്ദിരാഗാന്ധി വാഗ്ദാനം നല്‍കിയിരുന്നതായി അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവചരിത്രമായ 'ഒരു രക്തസാക്ഷിയുടെ ഛായാചിത്രം', ഹിന്ദുരാഷ്ട്രത്തിന്റെ പ്രമാണം, ഹിന്ദുസ്ഥാന്‍ ഓണ്‍ ദ ക്രോസ് റോഡ്‌സ്, കാര്‍ഗിലും ഭാരത-പാക് ബന്ധവും, ജീത് യാ ഹാര്‍, സിന്‍ദഗി കാ സഫര്‍ തുടങ്ങിയ ശ്രദ്ധേയമായ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ബല്‍രാജ് മധോകിന്റെ നിര്യാണത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്, സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി എന്നിവര്‍ അനുശോചിച്ചു. സമാജത്തിനും രാഷ്ട്രത്തിനുമായി സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് സര്‍സംഘചാലക് അനുസ്മരിച്ചു. രാഷ്ട്രവിഭജനകാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന കാര്യങ്ങള്‍ രാജ്യസ്‌നേഹികള്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് എല്ലാ സ്വയംസേവര്‍ക്കുംവേണ്ടി ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതായി സര്‍സംഘചാലകും സര്‍കാര്യവാഹും അറിയിച്ചു. ബല്‍രാജ് മധോക്കിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര പ്രതിബദ്ധത അതിശക്തമായിരുന്നെന്ന് മോദി അനുസ്മരിച്ചു. ചിന്തകളിലെ വ്യക്തതയും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. രാഷ്ട്രത്തിനും സമൂഹത്തിനുമായി നിസ്വാര്‍ത്ഥമായ അര്‍പ്പണമാണ് അദ്ദേഹം നടത്തിയതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ബല്‍രാജ് മധോക്കിന്റെ നിര്യാണത്തില്‍ അനുശോചിച്ച എല്‍.കെ. അദ്വാനി പ്രത്യയശാസ്ത്രത്തിലും മൂല്യങ്ങളിലും ഉറച്ചുനിന്ന വ്യക്തിത്വമായിരുന്നു മധോക്കെന്ന് അനുസ്മരിച്ചു. കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരിയും മധോക്കിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.