പ്രധാനമന്ത്രി എട്ടിന് കുട്ടനാട്ടില്‍: ഒരുക്കങ്ങള്‍ തുടങ്ങി

Tuesday 3 May 2016 1:11 pm IST

എടത്വാ: കുട്ടനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസുവിന്റെ പ്രചാരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടനാട്ടിലെത്തും. എട്ടിന് ഉച്ചക്ക് 12.45ന് പച്ച ചെക്കിടിക്കാട് ലൂര്‍ദ്ദ്മാത ഹയര്‍സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന എന്‍ഡിഎ കണ്‍വന്‍ഷനിലാണ് മോദി സംസാരിക്കുന്നത്. പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ആലപ്പുഴ എസ്പി അശോക് കുമാര്‍, ചെങ്ങന്നൂര്‍ ഡിവൈ എസ്പി ശിവസുദന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്‌കൂളും, പരിസര പ്രദേശങ്ങളും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. സ്‌കൂളിന് സമീപം ചുടുകാട്ടില്‍ ജിജിയുടെ പുരയിടത്തില്‍ ഹെലികോപ്ടര്‍ ഇറക്കാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. ആദ്യം എടത്വാ ഹോളി ഏയിഞ്ചല്‍സ് ഇഗ്ലീഷ് മീഡിയം സ്‌കൂള്‍ പരിസരത്ത് കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും സുരക്ഷാ പരിമിതി കാരണം ഇവിടെ നിന്ന് മാറ്റുകയായിരുന്നു. പച്ചയില്‍ നടക്കുന്ന എന്‍ഡിഎയുടെ കണ്‍വന്‍ഷനില്‍ അന്‍പതിനായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി സംസാരിക്കുന്ന സ്റ്റേജിന്റെ പണി ആരംഭിച്ചു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര മന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, ജെ.പി. നദ്ദ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, സ്ഥാനാര്‍ത്ഥി സുഭാഷ് വാസു എന്നിവര്‍ സംസാരിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ബിഡിജെഎസ് ജില്ല പ്രസിഡന്റ് സുരേഷ് ബാബു, കെ.എസ്. രാജന്‍, കെ. ജയകുമാര്‍, ടി.കെ. അരവിന്ദാക്ഷന്‍, എം.ആര്‍. സജീവ് എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.