ശബരിമലയിലെ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ അഹിന്ദുക്കള്‍ക്ക് അവകാശമില്ല: ദേവസ്വം ബോര്‍ഡ്

Monday 2 May 2016 9:08 pm IST

ന്യൂദല്‍ഹി: ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ അഹിന്ദുക്കള്‍ക്ക് അവകാശമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീപ്രവേശനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത് മുസ്ലിം സമുദായാംഗമാണ്. അയാള്‍ക്ക് ഹര്‍ജി നല്‍കാന്‍ അവകാശമില്ല, ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കും. മറ്റു മതങ്ങളെയും ഇതുസംബന്ധിച്ചുണ്ടാകുന്ന കോടതി വിധി ബാധിക്കും. മുസ്ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും ഇത്തരത്തിലുള്ള വിലക്ക് നിലവിലുണ്ട്. ശബരിമലയില്‍ പ്രവേശന അനുമതി നല്‍കിയാല്‍ മറ്റു മതക്കാരും പ്രവേശനത്തിനായി ആവശ്യമുന്നയിക്കുമെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ ഓര്‍മ്മിപ്പിച്ചു. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശന അനുമതി നല്‍കുന്നത് ആചാരവിരുദ്ധമാണെന്നും ബോര്‍ഡ് കോടതിയെ ധരിപ്പിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച യങ ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് നൗഷാദ് ഖാനെ ലക്ഷ്യമിട്ടാണ് അഹിന്ദുക്കള്‍ക്ക് ശബരിമല വിഷയത്തില്‍ എന്തുകാര്യമെന്ന് ബോര്‍ഡ് അഭിഭാഷകന്‍ ചോദിച്ചത്. ആചാരങ്ങളും വിശ്വാസങ്ങളും ഭരണഘടനയ്ക്ക് അതീതമാകരുതെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ രാജീവ് ചന്ദ്രശേഖര്‍ എംപിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ശബരിമലയിലെ നിലവിലുള്ള ആചാരങ്ങള്‍ തുടരണമെന്നും പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്നുമാവശ്യപ്പെട്ട് കേസില്‍ കക്ഷി ചേര്‍ക്കണമെന്ന്് എംപി ആവശ്യപ്പെട്ടു. അയ്യപ്പ വിശ്വാസികളുടെ അവകാശങ്ങള്‍ക്കും സംരക്ഷണം ആവശ്യമാണ്. വിശ്വാസത്തില്‍ അധിഷ്ഠിതമായി ആചാരങ്ങള്‍ പാലിക്കാനുള്ള മൗലികാവകാശം അയ്യപ്പഭക്തര്‍ക്കുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.