പൂനെ: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍ മുംബൈയ്ക്ക് അഞ്ചാം ജയം. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിനെ എട്ട് വിക്കറ്റിനു തകര്‍ത്തു മുംബൈ. ഒമ്പത് കളികളില്‍ പത്ത് പോയിന്റോടെ രണ്ടാം സ്ഥാനത്തേക്കുയരാനും മുംബൈയ്ക്കായി. സ്കോര്‍: പൂനെ സൂപ്പര്‍ജയന്റ്സ് – 159/5 (20), മുംബൈ ഇന്ത്യന്‍സ് – 161/2 (18.3).
ആദ്യം ബാറ്റ് ചെയ്ത പൂനെ ഓപ്പണര്‍ സൗരഭ് തിവാരി (57), സ്റ്റീവന്‍ സ്മിത്ത് (45) എന്നിവരുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ വാരിയത്. സ്മിത്ത് 23 പന്തില്‍ നാലു ഫോറും മൂന്നു സിക്സറും പറത്തിയപ്പോള്‍, തിവാരി 45 പന്തില്‍ നാല് ഫോറും രണ്ടു സിക്സറും നേടി. എം.എസ്. ധോണി (24), തിസര പെരേര (12 നോട്ടൗട്ട്) എന്നിവരും പിന്തുണ നല്കി.
മുംബൈയ്ക്കായി ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റെടുത്തു. മിച്ചല്‍ മക്ലെന്ഘന്, ഹര്ഭജന് സിങ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
നായകന് രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനം മുംബൈയ്ക്ക് അനായാസ ജയം സമ്മാനിച്ചു. 60 പന്തില്‍ എട്ടു ഫോറും മൂന്നു സിക്സറും സഹിതം പുറത്താകാതെ 65 റണ്‍സെടുത്തു രോഹിത്. ജോസ് ബട്ലര് (27 നോട്ടൗട്ട്), അമ്പാട്ടി റായുഡു (22), പാര്‍ഥിവ് പട്ടേല്‍ (21) എന്നിവരും പിന്തുണ നല്കി. ആര്. അശ്വിനും അശോക് ദിന്‍ഡയ്ക്കും ഓരോ വിക്കറ്റ്. എട്ട് കളികളില്‍ രണ്ടു ജയം മാത്രമുള്ള പൂനെ ആറാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: