ഇടുക്കി: ജില്ലയിലെ ഹൈറേഞ്ച് മേഖലയില്‍ വേനല്‍ചൂട് ശക്തമായതോടെ മഞ്ഞമഴ പെയ്യുന്നു. അടിമാലി കുഞ്ചിത്തണ്ണിക്ക് സമീപം മൂലക്കടിയിലാണ് മഞ്ഞ നിറമുള്ള മഴ ഒരാഴ്ച്ചയായി പെയ്യുന്നത്. പ്രദേശത്ത് നാലേക്കറോളം വരുന്ന കൃഷിയിടങ്ങളിലാണ് മഴ ലഭിച്ചത്.
രൂക്ഷമായ ഗന്ധത്തോടെ പെയ്യുന്ന മഴ അമ്ലമഴയാണെന്നാണ് സംശയിക്കുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ മഴവെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഇലകളില്‍ നിറം കണ്ടെത്തിയതോടെയാണ് പ്രദേശത്ത് പെയ്യുന്നത് മഞ്ഞമഴയാണെന്ന് നാട്ടുകാര്‍ കണ്ടെത്തുന്നത്. ഏലത്തിന്റെതുള്പ്പെടെയുള്ള കൃഷികളുടെ ഇലകള്‍ മഴയില്‍ കരിഞ്ഞിട്ടുണ്ട്.
ശേഖരിച്ച സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാകൂ എന്ന് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: