മോഷണം; 40,000 രൂപയും 8 പവന്‍ സ്വര്‍ണവും കവര്‍ന്നു

Monday 2 May 2016 9:39 pm IST

തൊടുപുഴ: വീടിന്റെ ഓട് പൊളിച്ച് 40,000 രൂപയും 8 പവന്‍ സ്വര്‍ണവും മോഷ്ടാവ് കവര്‍ന്നു. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. കാരിക്കോട് കൊമ്പനാപറമ്പില്‍ ജബ്ബാറിന്റെ വീട്ടില്‍ നിന്നുമാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഉംറയ്ക്ക് പോയ സമയത്താണ് മോഷണം. കഴിഞ്ഞ 15 ദിവസമായി ജബ്ബാറും കുടുംബവും ഉംറയ്ക്ക് പോയിട്ട്. വീടിന്റെ ഓട് പൊളിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ട് സമീപവാസികളാണ് വിവരം പോലിസിലറിയിച്ചത്. മോഷണം നടന്നിട്ട് എത്ര ദിവസമായി എന്നും പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഉടമസ്ഥര്‍ തിരികെ എത്തിയാല്‍ മാത്രമെ എന്തൊക്കെ മോഷണം പോയെന്നു കണ്ടെത്താന്‍ കഴിയുകയുള്ളു. 40000 രൂപയും 8 പവന്‍ ആഭരണങ്ങളും വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്നതായാണ് വീട്ടുകാരുമായി പോലീസ് ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത്. വീടിനുള്ളില്‍ മുളകുപൊടി വാരി വിതറിയ നിലയിലാണ്. തൊടുപുഴ  സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒന്നിലധികം പേര്‍ സംഭവത്തില്‍ ഉള്‍പെട്ടതായാണ് വിവരം ലഭിച്ചിരിക്കുന്നത്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊടുപുഴ സിഐ ഷാജു ജോസിനാണ് കേസിന്റെ അന്വേഷണ ചുമതല. ജബ്ബാര്‍ മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയംഗമാണ്. കഴിഞ്ഞ ദിവസം മാറിക സെന്റ് ആന്റണീസ്  ഫൊറോന പള്ളിയിലും മോഷണം നടന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ പള്ളിയധികൃതര്‍ ഇതുവരെ പോലീസിനു പരാതി നല്‍കിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.