കൊച്ചി: മെട്രോ റെയില്‍ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ജനങ്ങളുടെയും വ്യാപാരികളുടെയും ദുരിതം തീര്‍ക്കണമെന്ന് എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.കെ. മോഹന്‍ദാസ്. എം.ജി. റോഡില്‍ യാത്രക്കാരുടെയും വ്യാപാരികളുടെയും പരാതികള്‍ കേട്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എംജി റോഡില്‍ പ്രത്യേക സിറ്റി ഇന്‍ഫര്‍മെഷന്‍ കൗണ്ടര്‍ തുറക്കും. ഷീ, ഹീ ടോയ്ലറ്റുകള് നിര്‍മിക്കും. റോഡിന്റെ സൗന്ദര്യവത്ക്കരണവും നടത്തും. പരിസ്ഥിതി മലിനീകരണം ചെറുക്കാന്‍ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കും.
സൈക്കിള്‍ സ്റ്റാന്‍ഡ് സൗകര്യം ഒരുക്കും. വ്യാപാരികള്‍ക്കായി ഗ്രീവന്‍സ് സെല്‍ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടിഡി ക്ഷേത്ര പരിസരം, മാര്‍ക്കറ്റ് എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. ഗൗഡ സാരസ്വത ബ്രാഹ്മണ സഭാ അധ്യക്ഷന്‍ പി.രംഗനാഥ പ്രഭുവിനെ നേരില്‍ കണ്ട് അനുഗ്രഹവും പിന്തുണയും തേടി. ബിജെപി സംഘടനാ സെക്രട്ടറി കെ.സുഭാഷിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. ബിജെപിയുടെ താമരക്കുടകളുമായിട്ടായിരുന്നു പ്രവര്‍ത്തകരുടെ പ്രചാരണം. ഇന്നലെയോടെ മോഹന്‍ദാസിന്റെ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം സമാപിച്ചു. കെ. ദിലീപ്കുമാര്, നവീന്‍ ഷേണായി, പ്രദീപ് ഷേണായി, ദീപു ഡി പൈ, സി.ജി. രാജഗോപാല്‍, കെ.എസ്. സുരേഷ്കുമാര്‍, സി.എല്‍. ആനന്ദ്, എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: