മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ലീന്‍ ചിറ്റ്‌ ;ഉപലോകായുക്തക്കെതിരെ ലോകായുക്ത

Monday 2 May 2016 10:48 pm IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ലോകായുക്തയിലോ ഉപലോകായുക്തയിലോ കേസുകളൊന്നും നിലവിലില്ലെന്ന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉപലോകായുക്താ നടപടിക്കെതിരെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ്. ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലകൃഷ്ണന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ലോകായുക്ത നടത്തിയത്. താന്‍ വിദേശത്തായിരുന്ന സമയത്താണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നതെന്നും അറിയാത്ത കാര്യങ്ങള്‍ക്ക് പഴികേട്ടത് മുജ്ജന്മ പാപം കാരണമാവാമെന്നും ലോകായുക്ത പറഞ്ഞു. വിവരാവകാശ നിയമ പ്രകാരം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കുമെതിരെ 45 കേസുകള്‍ ഉണ്ടെന്ന് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സമര്‍പ്പിച്ച പരാതിയിലായിരുന്നു മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള ഉപലോകായുക്തയുടെ ഉത്തരവ്. ഇവിടെ നിലവിലുള്ള കേസുകളില്‍ ഒന്നില്‍പോലും സെക്ഷന്‍ 14 പ്രകാരം ഡിക്ലറേഷന്‍ സമര്‍പ്പിക്കുകയോ സെക്ഷന്‍ 15 പ്രകാരം വിചാരണയ്ക്ക് ഉത്തരവിടുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതിഭാഗത്തുള്ളവരെ ഒരുവിധത്തിലും കളങ്കിതരായി കണക്കാക്കാനാവില്ലെന്നായിരുന്നു ഉപലോകായുക്ത പരാമര്‍ശം. ഇത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പാറ്റൂര്‍ കേസിലും ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പുറത്തുവന്നിരുന്നു. താന്‍ പരിഗണിക്കുന്ന കേസുകളില്‍ ഉപലോകായുക്ത അഭിപ്രായം പറഞ്ഞത് അനൗചിത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനും എതിരെയുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് ഉപലോകായുക്തയുടെ നടപടിയെ ജസ്റ്റിസ് പയസ് കുര്യാക്കോസ് വിമര്‍ശിച്ചത്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി ഒരു കെപിസിസി അംഗത്തിന്റെ മകള്‍ക്ക് ആര്‍സിസിയില്‍ പുനര്‍നിയമനം നല്‍കിയ കേസ് പരിഗണിക്കുന്നതിനിടയിലാണ് ലോകായുക്തയുടെ പരാമര്‍ശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.