ഒത്തുകളിയുടെ ആശാന്‍ യെച്ചൂരി: ശ്രീശാന്ത്

Monday 2 May 2016 11:17 pm IST

തിരുവനന്തപുരം: ബംഗാളിലെ കോണ്‍ഗ്രസുമായുള്ള ഒത്തുകളി രാഷ്ട്രീയത്തിന്റെ ജാള്യത മറയ്ക്കാനാണ് തന്നേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വ്യാജ പ്രചരണങ്ങളിലൂടെ സീതാറാം യെച്ചൂരി കടന്നാക്രമിക്കുന്നതെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി എസ്.ശ്രീശാന്ത്. ഒത്തുകളിക്കാര്‍ സിപിഎമ്മുകാരും കോണ്‍ഗ്രസുമാണ്. ഒത്തുകളിയുടെ ആശാന്‍ യെച്ചൂരിയാണ്. അതാണ് ബംഗാളില്‍ കാണുന്നത്. ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ മാത്രമാണെന്നും ശ്രീശാന്ത് പറഞ്ഞു. ബംഗാളില്‍ ജനാധിപത്യ പുനഃസ്ഥാപനത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും കോണ്‍ഗ്രസ് അവിടെ ചെറിയ പാര്‍ട്ടി മാത്രമാണെന്നും യെച്ചുരി പറയുന്നു. അതായത് കേരളത്തില്‍ ബിജെപിയുടെ ജനസ്വാധീനം യെച്ചൂരി അംഗീകരിക്കുകയാണ്. ബിജെപിയുണ്ടാക്കാന്‍ പോകുന്ന നേട്ടം തിരിച്ചറിഞ്ഞാണ് യെച്ചൂരി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ രേഖകളും തെളിവുകളും പരിശോധിച്ച് കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണ്. ഈ സാഹചര്യത്തില്‍ തനിക്കെതിരെ വ്യാജ കുറ്റപ്പെടുത്തലുകള്‍ നടത്തുന്നത് യെച്ചൂരിയുടെ രാഷ്ട്രീയ കാപട്യമാണ് വ്യക്തമാക്കുന്നത്. കോടതികളെ സിപിഎം അംഗീകരിക്കുന്നുണ്ടോയെന്ന് യെച്ചൂരി വ്യക്തമാക്കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു. ലാവ്‌ലിന്‍ അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തെ കീഴ്‌കോടതി കുറ്റവിമുക്തനാക്കി. ഇതിനെതിരെ സിബിഐ അപ്പീല്‍ കൊടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പിണറായിയെ അഴിമതിക്കാരനെന്ന് യെച്ചൂരി കുറ്റപ്പെടുത്തുന്നുണ്ടോയെന്നും ശ്രീശാന്ത് ചോദിച്ചു. തിരുവനന്തപുരത്ത് തനിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളിക്കുകയാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. തന്റെ വിജയം ഉറപ്പായതോടെ അണികളെ കൊണ്ട് പാര്‍ട്ടി ഓഫീസും പ്രചരണ വസ്തുക്കളും നശിപ്പിക്കുന്നു. ഇതിനൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി അപവാദ പ്രചരണം നടത്തുന്നു. ഇതാണ് സംഭവിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ ബിജെപിയുടെ തനി നിറമാണ് പുറത്തായതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ ആരോപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.