കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ശമ്പളപരിഷ്കരണ കമ്മീഷന് ശുപാര്‍ശ അംഗീകരിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ജീവനക്കാരുടെ ശമ്പളവര്‍ധനവ് നടപ്പാക്കുന്നതിനു ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശമ്പളവര്‍ധന വൈകുന്നതിനെതിരെ ഹൈക്കോടതിയിലെ ഗസറ്റഡ് ഉദ്യോഗസ്ഥരക്കമുള്ള ജീവനക്കാരുടെ സംഘടനകള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസിന്റെ ഉത്തരവ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു മുമ്പ് തന്നെ ശമ്പളപരിഷ്കരണ കമ്മീഷന് ശുപാര്‍ശ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ ഇത്തരം തീരുമാനം നടപ്പാക്കുന്നതിനു തടസമില്ലെന്നു ഹൈക്കോടതി മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി പറഞ്ഞൂ. ഈ സാഹചര്യത്തില്‍ കാലതമാസം വരാതെ തുടര്‍നടപടി സ്വീകരിക്കണമെന്നും നടപടികള്‍ ഈ മാസം 18നു അറിയിക്കണമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
2015 ജൂണില്‍ നല്കിയ ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജനുവരിയില്‍ മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കിയെന്നു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതോടൊപ്പം ഹൈക്കോടതി ജീവനക്കാരുടെ വേതനം പരിഷ്കരിക്കാനുള്ള റിപ്പോര്‍ട്ടുണ്ടായിട്ടും നടപടി എടുത്തില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: