ശബരിമലയില്‍ ആചാരനുഷ്ഠാനങ്ങള്‍ നിര്‍വിഘ്‌നം നടക്കണം: ദേവസ്വം ബോര്‍ഡ്

Tuesday 3 May 2016 11:36 pm IST

തിരുവനന്തപുരം: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും തുടര്‍ന്നും നിര്‍വിഘ്‌നം നടക്കണമെന്നാണ് എല്ലാ അയ്യപ്പഭക്തന്മാരുടെയും ആഗ്രഹമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ കാത്തുസൂക്ഷിക്കുന്നതു സംബന്ധിച്ച ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈന്ദവരുടെ ആചാരാനുഷ്ഠാനങ്ങള്‍ തെരുവില്‍ കെട്ടിയ ചെണ്ടയല്ല. എല്ലാ മതങ്ങള്‍ക്കും അവരുടേതായ ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്. ഭരണഘടനയുടെ പേരുപറഞ്ഞ് അതില്‍ കൈകടത്തുന്നത് ശരിയല്ലെന്നും പ്രയാര്‍ പറഞ്ഞു. ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ അധ്യക്ഷത വഹിച്ചു. ബോര്‍ഡംഗം പി.കെ. കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദ്, ചീഫ് എഞ്ചിനീയര്‍ ജി. മുരളീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ സുജാതകുമാരി സ്വാഗതവും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ ഗോപകുമാര്‍ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. 8ന് വൈകിട്ട് 5 മുതല്‍ 7 വരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിനുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രാര്‍ത്ഥനായജ്ഞം നടത്തും. 29ന് തിരുവനന്തപുരത്ത് ശംഖുംമുഖത്തുവച്ച് ഭക്തജനസംഗമം നടത്തും. അന്ന് ഒരുകോടി ഭക്തജനങ്ങളുടെ ഒപ്പുശേഖരണവും നടത്താന്‍ യോഗം തീരുമാനിച്ചു. നേരത്ത ഇത്തരം യോഗങ്ങള്‍ പത്തനംതിട്ട, ഹരിപ്പാട് ദേവസ്വം ജില്ലകളില്‍ നടന്നിരുന്നു. ഇന്ന് വൈക്കം ദേവസ്വം ജില്ലയില്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.