റെയില്‍വെ കോച്ചുകളില്‍ തെരഞ്ഞെടുപ്പ് പരസ്യം:അനുമതി നല്‍കിയത് നിയമം ലംഘിച്ച്

Tuesday 3 May 2016 11:49 pm IST

തിരുവനന്തപുരം: കോച്ചുകളില്‍ തെരഞ്ഞെടുപ്പ് പരസ്യം പതിക്കുന്നതില്‍ റെയില്‍വെയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇരട്ടത്താപ്പ്. എല്‍ഡിഎഫിനു വേണ്ടി നിയമങ്ങള്‍ ഇളവ് ചെയ്ത് പരസ്യം പതിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമം കര്‍ക്കശമാക്കി. റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പക്ഷപാതത്തിനെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. റെയില്‍വെക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി കോച്ചുകളില്‍ തെരഞ്ഞെടുപ്പ് പരസ്യം പതിക്കാന്‍ മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ എല്‍ഡിഎഫുമായി അടുത്ത ബന്ധമുള്ള, കണ്ണൂരില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവിന്റെ ബന്ധുകൂടിയായ ഉദ്യോഗസ്ഥനാണ് ഇടതിനു മാത്രം അനുമതി നല്‍കിയത്. കോച്ചുകളിലും സ്റ്റേഷനുകളിലും പരസ്യം പ്രദര്‍ശിപ്പിക്കാന്‍ കരാര്‍ ഏറ്റെടുത്തിട്ടുള്ള കമ്പനികള്‍ക്കാണ് ഇതിന്റെ ചുമതല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് പരസ്യം പതിക്കേണ്ടത്. മുന്നണിയുടെ പേരും പരസ്യത്തിലെ വാചകങ്ങളും തയ്യാറാക്കി പരസ്യ കമ്പനി റെയില്‍വെക്ക് നല്‍കണം. വിശദവിവരങ്ങള്‍ കാണിച്ച് റെയില്‍വെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയ ശേഷമാണ് കോച്ചുകളില്‍ പരസ്യം പതിക്കാന്‍ കമ്പനികളെ ചുമതലപ്പെടുത്തുന്നത്. ഇത്തരത്തില്‍ എല്‍ഡിഎഫാണ് കോച്ചുകളില്‍ പരസ്യം പതിക്കാന്‍ പരസ്യ കമ്പനികളെ ആദ്യം സമീപിച്ചത്. ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത് ഉദ്യോഗസ്ഥനും. ഷൊര്‍ണ്ണൂരില്‍ നിന്നു പുറപ്പെടുന്ന ഏറനാട് എക്‌സ്പ്രസ്സിലെ കോച്ചുകളില്‍ പരസ്യം പതിക്കാന്‍ എല്‍ഡിഎഫിന് റെയില്‍വെ അനുമതി നല്‍കി. പരസ്യത്തില്‍ നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നായിരുന്നു കമ്മീഷന്‍ നല്‍കിയ കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ നിയമം ലംഘിച്ച് എല്‍ ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന് കോച്ചുകളില്‍ പതിച്ച പരസ്യത്തില്‍ സിപിഎം നേതാക്കളായ വി.എസ്. അച്യുതാനന്ദന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ എന്നിവരുടെ ചിത്രങ്ങളുമുണ്ട്. ഇതോടെ ബിജെപി ഉള്‍പ്പെടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പരസ്യം കോച്ചുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ റെയില്‍വെയെ സമീപിച്ചു. എന്നാല്‍ നേതാക്കളുടെ ചിത്രങ്ങള്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് ചില ഉന്നത ഉദ്യോഗസ്ഥന്‍ നല്‍കിയത്. ഇതോടെ പരസ്യം പതിക്കുന്നതില്‍ നിന്നും പാര്‍ട്ടികള്‍ പിന്മാറി. ജീവനക്കാരുടെ ഇരട്ടത്താപ്പില്‍ റെയില്‍വേക്ക് നഷ്ടമായത് കോടികളുടെ വരുമാനം. ഉദ്യോഗസ്ഥരുടെ ‘'അടവുനയ'ത്തില്‍ എല്‍ഡിഎഫിന്റെ പരസ്യം മാത്രം ട്രെയിനില്‍ പതിപ്പിക്കാനായി. മൂന്ന് മാസത്തെ കരാര്‍ നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞേ പരസ്യം നീക്കം ചെയ്യാന്‍ സാധിക്കൂ. പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷനുകളില്‍ ഫഌക്‌സുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലും പക്ഷപാതം കാണിച്ചു. പൊതുസ്ഥലത്ത് ഫഌക്‌സുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ഇല്ലെന്നിരിക്കെ എറണാകുളം തുടങ്ങിയ സ്റ്റേഷനുകളില്‍ എല്‍ഡിഎഫ് നേതാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ ബാനറുകളും ഫഌക്‌സുകളും പ്രദര്‍ശിപ്പിച്ചു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍മാര്‍ ഫഌക്‌സുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് രേഖാമൂലം നോട്ടീസും നല്‍കി. എന്നാല്‍ ഇനിയും ഇവ നീക്കം ചെയ്തിട്ടില്ല. മൂന്ന് മാസത്തേക്ക് 46,000 രൂപയാണ് ഓരോ കോച്ചുകള്‍ക്കും പരസ്യ ഇനത്തില്‍ നല്‍കേണ്ടത്. കോച്ചുകളില്‍ കൂടാതെ സ്റ്റേഷനുകളില്‍ റെയില്‍വെ അറിയിപ്പിനോടൊപ്പവും പരസ്യം നല്‍കാം. ഇരുപത് ലക്ഷം രൂപയാണ് റെയില്‍വേക്ക് തെരഞ്ഞെടുപ്പ് പരസ്യ ഇനത്തില്‍ ഇതുവരെ ലഭിച്ചിട്ടുള്ളത്. പക്ഷപാതം കാണിക്കാതിരുന്നെങ്കില്‍ വരുമാനം കോടികള്‍ കഴിയുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.