ഉത്തരാഖണ്ഡ്: കോടതി നിരീക്ഷണത്തില്‍ ബലപരീക്ഷണം ആകാം- സുപ്രീം കോടതി

Wednesday 4 May 2016 12:02 am IST

ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ കോടതി നിരീക്ഷണത്തില്‍ വിശ്വാസവോട്ട് തേടുന്ന കാര്യം പരിശോധിക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ഇന്ന് നിലപാട് അറിയിക്കാനാണ് ഉത്തരവ്. ഉത്തരാഖണ്ഡ് നിയമസഭയില്‍ തങ്ങളുടെ മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തേടണമെന്നാണ് അഭിപ്രായം. ഇതിനുള്ള സാധ്യത പരിശോധിച്ച് നിലപാട് അറിയിക്കണം. കോടതി അറ്റോര്‍ണി ജനറലിനോട് നിര്‍ദ്ദേശിച്ചു. രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം നല്‍കിയ അപ്പീലിലാണ് ജസ്റ്റീസുമാരായ ദീപക് മിശ്ര, ശിവകീര്‍ത്തി സിംഗ് എന്നിവരുടെ നിര്‍ദ്ദേശം. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്ക് കേസ് പരിഗണിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും രാവിലെ പത്തരയ്ക്ക് തന്നെ കേസ് എടുത്തു. എങ്കിലും വിശദമായ വാദം ഇന്നേ നടക്കുകയുള്ളൂ. കേന്ദ്രത്തിന്റെ അപ്പീലിന്‍മേല്‍ അന്തിമ വിധി വരും വരെ, ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം തുടരാന്‍ ഏപ്രില്‍ 27ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് കോടതി ചില ചോദ്യങ്ങളും ഉന്നയിച്ചിരുന്നു.മാര്‍ച്ച് 27നാണ് കേന്ദ്രം ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഒന്‍പത് എംഎല്‍എമാര്‍ കൂറുമാറിയതിനെത്തുടര്‍ന്ന് പ്രതിസന്ധി ഉടലെടുത്തതോടെയാണ് ഹരീഷ് റാവത്ത് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.