ചിന്മയാനന്ദസ്വാമികള്‍ - സനാതന ധര്‍മ്മത്തിന്റെ വക്താവ്

Wednesday 4 May 2016 8:21 pm IST

ചിന്മയാനന്ദസ്വാമികളുടെ ജനനം 1916 മെയ് 8ന് എറണാകുളത്തായിരുന്നു. മൂത്ത സന്തതിയായിരുന്ന സ്വാമികള്‍ക്ക് രണ്ടു അനുജത്തിമാരും ഉണ്ടായിരുന്നു. അച്ഛനും, മുത്തച്ഛനും കൊച്ചി രാജ്യത്തിലെ ന്യായാധിപനും, മുഖ്യ ന്യായാധിപനും ആയിരുന്നു. കൊച്ചി രാജവംശവുമായി അടുത്ത ബന്ധമുള്ള ഒരു കുലീന കുടുംബം തന്നെയായിരുന്നു അത്.ബാലകൃഷ്ണന്‍ എന്നായിരുന്നു നാമധേയം. ബാലകൃഷ്ണനു അഞ്ചുവയസ്സുള്ളപ്പോള്‍ അമ്മ പ്രസവത്തില്‍ മരിച്ചു. ഈ മൂന്നു കുട്ടികളെയും വളര്‍ത്തിയത് വലിയമ്മ - ചെറിയമ്മമാരായിരുന്നു. ഈശ്വരവിശ്വാസികളും ദാനധര്‍മ്മിഷ്ഠരുമായിരുന്നു കുടുംബം. ചട്ടമ്പിസ്വാമികള്‍ ഇടയ്ക്കിടെ അവരുടെ ആതിഥേയത്വം സ്വീകരിക്കുമായിരുന്നു. ബാലകൃഷ്ണന്റെ ചോറൂണും, നാമകരണവും ചട്ടമ്പിസ്വാമികളാണ് ചെയ്തത്. രണ്ടു വയസ്സ് തികഞ്ഞ് എഴുത്തിനിരുത്തിയതും സ്വാമികള്‍ തന്നെ. ദീര്‍ഘദര്‍ശിയായ സ്വാമികള്‍ തന്റെ മാര്‍ഗം പിന്തുടരുവാനുള്ള ഈ കുട്ടിയുടെ വിധി മുന്‍കൂട്ടി കണ്ടുകൊണ്ടാകാം അന്നു തന്നെ ഇവന്‍ ലോകപ്രശസ്തനാകുമെന്ന് പ്രവചിച്ചത്. ബുദ്ധിമാനായിരുന്നെങ്കിലും വലിയ വീട്ടിലെ കുട്ടികളുടെ അശ്രദ്ധയും ആര്‍ഭാടതല്പരതയും ബാലകൃഷ്ണനുമുണ്ടായിരുന്നു. അതുകൊണ്ട് പത്താം തരം കഴിഞ്ഞ് എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍, അദ്ധ്യാപകര്‍ സയന്‍സ് വിഷയങ്ങള്‍ ഉപേക്ഷിച്ച് ഹ്യൂമാനിറ്റീസ് തിരഞ്ഞെടുക്കുവാന്‍ ഉപദേശിക്കുകയായിരുന്നു. അങ്ങനെ ബാലകൃഷ്ണമേനോന്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ഇംഗ്ലീഷ് ബിരുദത്തിനു ചേര്‍ന്നു. ബിരുദാനന്തരം എംഎക്കു പഠിക്കുവാന്‍ ലഖ്‌നോവിലേക്കു വണ്ടി കയറി. രാഷ്ട്രീയത്തിലെ ഇടവേള കണ്ണടച്ച് എന്തും വിശ്വസിക്കുന്ന ഒരു പ്രകൃതക്കാരനായിരുന്നില്ല ബാലകൃഷ്ണന്‍. ആചാരാനുഷ്ഠാനങ്ങളെയും പൗരോഹിത്യ മേധാവിത്വത്തേയും നിശിതമായി വിമര്‍ശിച്ചിരുന്ന ഒരു യുക്തിവാദിയെയാണ് ലഖ്‌നൗവില്‍ കാണുന്നത്. ബാലകൃഷ്ണമേനോന്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ആകൃഷ്ടനായി കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ വിദ്യാര്‍ത്ഥി സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കുചേര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നിരവധി ലേഖനങ്ങള്‍ ബി.കെ.എം. എന്ന തൂലികാമാനത്തില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ലേഖകന്‍ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായി. പിടിക്കപ്പെടും എന്ന ഒരു സ്ഥിതിയിലെത്തിയപ്പോള്‍ അദ്ദേഹം അവിടെ നിന്നും കശ്മീരിലേക്ക് രക്ഷപ്പെട്ടു. കശ്മീരികളുടെ ഇടയില്‍ മലയാളിയായ താന്‍ പിടിക്കപ്പെടുവാനുള്ള സാധ്യത കൂടുതലാണ് എന്ന് മനസ്സിലാക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. അതുകൊണ്ട് കശ്മീരില്‍ നിന്നും പഞ്ചാബിലേക്ക് കടന്നു. അദ്ദേഹം അബ്ബത്താബാദ് (ഇന്നത്തെ പാകിസ്ഥാനില്‍) എന്ന സ്ഥലത്തേക്ക് കയറിയ ബസ്സ് പോലീസ് വഴിയില്‍ തടഞ്ഞു. ഈ ബസ്സില്‍ ഒരു മദ്രാസിയുണ്ടോ എന്ന് പോലീസുകാര്‍ ചോദിക്കുന്നതു കേട്ട മേനോന്‍ പിന്‍വാതിലില്‍ കൂടി പുറത്തേക്കു ചാടി രക്ഷപ്പെട്ടു. പോലീസ് പുറകേ തന്നെയുണ്ടായിരുന്നു. ഒരു മിലിട്ടറി ക്യാമ്പിനുള്ളിലേക്കു തന്നെ വലിഞ്ഞുനടന്നു. ക്യാമ്പിനു മുന്നില്‍ റിക്രൂട്ട്‌മെന്റിന്റെ ബോര്‍ഡ് ഉണ്ടായിരുന്നു. ഒരു ഉദ്യോഗാര്‍ത്ഥിയാകാം എന്നു കരുതി മിലിട്ടറി യൂണിറ്റ് സാധാരണ ടെസ്റ്റൊക്കെ നടത്തി അവരുടെ അംബാലയിലെ ഇന്റലിജന്‍സ് സെറ്റ്അപ്പില്‍ ബാലകൃഷ്ണമേനോനെ നിയമിച്ചു. പോലീസ് തനിക്കു പുറകെ തന്നെയുണ്ട്, താമസിയാതെ പിടിക്കപ്പെടും അതുകൊണ്ട്, തനിക്ക് അഭയം തന്നവരെ ജാള്യതയിലാക്കണ്ട എന്നു കരുതി മേനോന്‍ ക്യാമ്പില്‍ നിന്നും പുറത്തുവന്നു. പഞ്ചാബ് പോലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു ശാരീരികമായി പീഡിപ്പിച്ചു. ഐസ്‌കട്ടക്കു മുകളില്‍ കിടത്തിയായിരുന്നു ചോദ്യം ചെയ്തത്. അത്രയും ശാരീരികക്ഷമതയില്ലാത്തതു കാരണം ന്യൂമോണിയ പിടിപ്പെട്ടു. അതിനകം അംബാല ജയിലില്‍ മൂന്നു നാലു മരണങ്ങള്‍ സംഭവിച്ചിരുന്നു. അതുകൊണ്ട് ജയിലില്‍ വെച്ച് മരണം ഒഴിവാക്കുകയെന്നതായിരുന്നു ജയിലധികൃതരുടെ തന്ത്രം. അവര്‍ മൃതപ്രായനായ അദ്ദേഹത്തെ അംബാല - ദില്ലി റോഡില്‍ ഉപേക്ഷിച്ചു കൈയൊഴിഞ്ഞു. ഈശ്വരകൃപയാല്‍ ഒരു മദ്ധ്യവയസ്‌ക ആസന്നമരണനായ ഈ യുവാവിനെ കണ്ടു. അവരുടെ, സമപ്രായനായ മകന്‍ ബ്രിട്ടീഷ് ആര്‍മിയില്‍, യൂറോപ്പിലെ യുദ്ധക്കളത്തിലായിരുന്നു. ബാലകൃഷ്ണമേനോന്‍ അവശനാണെങ്കിലും കുലീനത വിളിച്ചറിയിക്കുന്നതായിരുന്നു മുഖം. അവര്‍ ദില്ലി സഫ്ദര്‍ജങ് ഹോസ്പിറ്റലില്‍ എത്തിച്ചു. ചികിത്സക്കു വേണ്ടതെല്ലാം ചെയ്തു. അപകടനില തരണം ചെയ്തപ്പോള്‍ തന്റെ വീട്ടില്‍ കൊണ്ടുപോയി ശുശ്രൂഷിച്ചു. അങ്ങനെ മരണത്തിന്റെ പിടിയില്‍ നിന്നും ബാലകൃഷ്ണമേനോന്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.