കേരളത്തിന്റെ 'നിര്‍ഭയ'

Thursday 5 May 2016 3:27 pm IST

പെരുമ്പാവൂരിനടുത്ത് ദളിത് യുവതി ക്രൂരമായ പീഡനത്തിനിരയായി കേരളത്തിനും സ്വന്തമായി ഒരു 'നിര്‍ഭയ' ഉണ്ടായിരിക്കുന്നു. പ്രബുദ്ധകേരളം, സാക്ഷരകേരളം എന്നെല്ലാം നാം അഭിമാനിച്ചിരുന്ന കേരളത്തിലെ പെരുമ്പാവൂരിലാണ് ലോ കോളേജ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയെയാണ് ബലാല്‍സംഗം ചെയ്തശേഷം ക്രൂരമായി മുറിവേല്‍പ്പിച്ച് കുടല്‍മാല വെളിയില്‍ ചാടിയ നിലയില്‍ കാണപ്പെട്ടത്. ഇത് വെളിച്ചത്തുകൊണ്ടുവരുന്നത് ഭ്രാന്തമായ കാമാസക്തി മാത്രമല്ല, മൃഗീയമായ ക്രൂരതയുടെ പ്രതിഫലനംകൂടിയാണ്. ബലാല്‍സംഗം വഴി ലൈംഗിക സംതൃപ്തി നേടിയശേഷം ആ പെണ്‍കുട്ടി കൊലചെയ്യപ്പെട്ട രീതി വെളിപ്പെടുത്തുന്നത് ക്രൂരമായ ലൈംഗികവൈകൃതംകൂടിയാണ്. പ്രബുദ്ധകേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത സംസ്ഥാനമാണെന്നാണ് കുറ്റകൃത്യകണക്കുകള്‍ തെളിയിക്കുന്നതും പഠനങ്ങള്‍ അടിവരയിടുന്നതും. കേരളം ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനവും കൊച്ചി ഏറ്റവും അപകടകരമായ സിറ്റിയുമാണ്. പെരുമ്പാവൂരും കൊച്ചിയുള്‍പ്പെടുന്ന എറണാകുളം ജില്ലയിലെ ഒരു പ്രദേശമാണല്ലോ. കേരളം കുറ്റകൃത്യനിരക്കില്‍ യുപിയെക്കാള്‍ മുന്നിലാണ്. അക്രമങ്ങള്‍ അധികവും നടക്കുന്നത് കൂലിപ്പണിക്കാര്‍ക്കുനേരെ (ദളിതര്‍ ഉള്‍പ്പെടെ) ആണ്. അവരില്‍ 18 വയസിന് താഴെയുള്ളവരാണ് ഇരകളാകുന്നതില്‍ അധികവും. ഇവിടുത്തെ ക്രൈംറേറ്റ് 42.41 ശതമാനമാണ്- ദേശീയശരാശരിയുടെ ഇരട്ടി. സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ 33.8 ശതമാനമാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും ദേശീയ ശരാശരിയുടെ ഇരട്ടിയാണ്- 20.3. ഇവിടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ 100 ശതമാനം വര്‍ധനയുണ്ടത്രെ. ഇതില്‍ 30 ശതമാനവും ഇരകള്‍ ദളിതരാണ്. ഇതിന് കാരണമായി പറയുന്നത് മദ്യപാനവും മയക്കുമരുന്നുപയോഗവുമാണ്. ഞാന്‍ ജനിച്ചത് പെരുമ്പാവൂരില്‍നിന്നും ആറ് കിലോമീറ്റര്‍ ദൂരെയുള്ള വെങ്ങോലയിലാണ്. പക്ഷെ പത്താംക്ലാസുവരെ പഠിച്ചത് പെരുമ്പാവൂരിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ്. വെങ്ങോലയില്‍ എല്ലാ വീടുകളിലെയും വയലില്‍ പണിചെയ്തിരുന്നത് ദളിതരാണ്. പക്ഷെ ഒരിക്കലും ഒരു ദളിത് യുവതിയും ആക്രമിക്കപ്പെട്ടതായോ മാനഭംഗത്തിനിരയായതായോ ഞാന്‍ കേട്ടിട്ടുപോലുമില്ല. അന്ന് വെങ്ങോലയില്‍ കള്ളുഷാപ്പും ചാരായഷാപ്പും ഉണ്ടായിരുന്നു. കള്ള് കുടിച്ച് ലഹരിയിലായാല്‍ ദളിതര്‍ക്ക് ഞങ്ങളോടുള്ള വിനയം വര്‍ധിക്കുമായിരുന്നു. കുടിച്ചുവന്ന് ചിലര്‍ ഭാര്യയെ മര്‍ദ്ദിക്കുമായിരുന്നുവെങ്കിലും അവരുടെ സ്ത്രീകള്‍ ലൈംഗികമായി സുരക്ഷിതരായിരുന്നു. കേരളത്തില്‍ ഉപഭോഗസംസ്‌കാരത്തിന്റെ വളര്‍ച്ചയും 'സൈബര്‍നീല'യും (ഇത് ആര്‍ക്കുവേണമെങ്കിലും കാണാന്‍ ഇന്ന് സൗകര്യമുണ്ടല്ലോ!) ആളുകളുടെ മാനസികനില തകിടംമറിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ജിഷയുടെ ബലാല്‍സംഗവും ക്രൂരമായ പീഡനവും. കേരളത്തില്‍ ദളിതര്‍ക്ക് ഇന്നും സുരക്ഷിതമായ ആവാസവ്യവസ്ഥ ഇല്ല എന്നത് ഒരു സത്യമാണ്. അടച്ചുറപ്പുള്ള വീടുകള്‍പോലും അവര്‍ക്കില്ല എന്നത് അതിക്രമിച്ച് കയറി അക്രമങ്ങള്‍ നടത്താന്‍ പ്രേരകമാണ്. ജിഷയുടെ വീടിനും അടച്ചുറപ്പുണ്ടായിരുന്നില്ല. ഇവര്‍ അയല്‍വാസികളുമായി നല്ല ബന്ധത്തിലായിരുന്നില്ല എന്നും പറയുന്നുണ്ട്. സ്ത്രീകള്‍ മാത്രമുള്ള, സുരക്ഷിതമല്ലാത്ത വീട് അയല്‍ക്കാരുമായി അകല്‍ച്ച സൃഷ്ടിക്കാന്‍ അവരെ പ്രേരിപ്പിച്ചിരിക്കും. ജിഷ, സഹോദരി, അമ്മ എന്നിവരടങ്ങിയ കുടുംബമായിരുന്നു ജിഷയുടേത്. മറ്റൊരു വസ്തുത ജിഷയുടെ അമ്മയുടെ നേരെ കൊലപാതകശ്രമമുണ്ടായി എന്നതാണ്. ഇതിനെതിരെ നിയമവിദ്യാര്‍ത്ഥിനിയായ ജിഷ കേസ് കൊടുത്തിരുന്നു എന്നതും ആ വ്യക്തിയില്‍ പ്രതികാരദാഹമുളവാക്കിയിരിക്കാം. ജിഷയുടെ കൊലപാതകം വളരെ ആസൂത്രിതമായി ചെയ്യപ്പെട്ടതാണ് എന്നാണ് നിഗമനം. ജിഷ കൊലചെയ്യപ്പെട്ട് അഞ്ചുദിവസം കഴിഞ്ഞിട്ടാണ് പോലീസ് കേസെടുത്തത് എന്നത് സംസ്ഥാന സര്‍ക്കാരിന്റെയും കുറ്റാന്വേഷകരുടെയും അനാസ്ഥയാണ് കാണിക്കുന്നത്. അഞ്ചുദിവസത്തിനുശേഷം ജിഷയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ആഭ്യന്തരമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നത് സ്വാഭാവികമാണ്. ദളിത് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമവും സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമവും കുതിച്ചുയരുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുകയാണ്. പട്ടാപ്പകല്‍ കൊലചെയ്യപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ഇരുപതോളം മുറിവുകളാണ് കണ്ടെത്തിയത്. വലിയ ഏതോ ആയുധമുപയോഗിച്ച് രഹസ്യഭാഗം കുത്തിക്കീറിയ നിലയില്‍ കണ്ടത് വെളിപ്പെടുത്തുന്നത് കുറ്റവാളിയുടെ മൃഗീയമായ ക്രൂരതയോ ലൈംഗിക വൈകൃതമോ ആണ്. ജിഷയുടെ നെഞ്ചിലും കഴുത്തിലും താടിയിലും കത്തികൊണ്ട് മുറിവേല്‍പ്പിച്ചിരുന്നു. ദല്‍ഹിയിലെ 'നിര്‍ഭയ'യുടെ കൊലപാതകംപോലെ ഈ കൊലപാതകത്തിലും ഒരാള്‍ മാത്രമല്ല എന്ന നിഗമനത്തിലാണ് പോലീസ്. ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ കുരുക്കിയാണ് യുവതിയെ ആക്രമണത്തിനിരയാക്കിയത്. അവള്‍ വീട്ടില്‍ ~ഒറ്റക്കായിരിക്കുമെന്നും അമ്മ രാത്രി മാത്രമേ എത്തുകയുള്ളൂവെന്നും അറിയുന്നവര്‍ അയല്‍ക്കാര്‍ തന്നെയായിരിക്കണമല്ലോ. കനാല്‍ പുറമ്പോക്കില്‍ ഒറ്റമുറി വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുമ്പോള്‍ തന്റെ മകളെ ആരെങ്കിലും അക്രമിക്കുമോ എന്ന ഭയം അമ്മയ്ക്കുണ്ടായിരുന്നു. എങ്ങനെ കേരളം ഇങ്ങനെ അധഃപതിച്ചുവെന്നത് ദുരൂഹമാണ്. ഒരു നല്ല അയല്‍പക്കമാണ് ഏതൊരു കുടുംബത്തിന്റെയും ഭാഗ്യം. എല്ലാവരും എല്ലാത്തിനും സഹകരിക്കുകയും അയല്‍പക്കത്തെ കുട്ടികളൊരുമിച്ച് സ്‌കൂളില്‍ പോകുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ദൃഢമായ സൗഹൃദം ജീവിതാന്ത്യം വരെ നിലനില്‍ക്കുന്നതാണ്. എന്റെ സഹപാഠിയായിരുന്ന പുത്തന്‍വീട്ടില്‍ രുഗ്മിണിയുടെ സുഖവിവരം ഇപ്പോഴും ഞാന്‍ ഫോണില്‍ അന്വേഷിക്കും. വളയന്‍ചിറങ്ങര സ്‌കൂളിലെ ഒരു വാര്‍ഷികത്തിന് അതിഥിയായെത്തിയ എന്നോട് സംസാരിക്കാന്‍ വീടിനടുത്തു താമസിച്ചിരുന്ന ദളിത് കുട്ടി വന്നു. ഇത് തെളിയിക്കുന്നത് ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന ലാളിത്യവും സൗഹൃദവും മറ്റുമാണ്. ഈ സൗഹൃദം ജാതി-മതങ്ങള്‍ക്കതീതമായിരുന്നു. പ്രത്യേകിച്ച് ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം. വെങ്ങോലയില്‍നിന്ന് പെരുമ്പാവൂരില്‍ ടൈപ്പ് റൈറ്റിംഗ്-ഷോര്‍ട്ട് ഹാന്‍ഡ് പഠിക്കാന്‍ ഞാന്‍ ഒറ്റയ്ക്കാണ് ഇടവഴികളില്‍ക്കൂടി പോയിരുന്നത്. സ്‌കൂള്‍ ആനിവേഴ്‌സറി കഴിഞ്ഞ് രാത്രി ഒറ്റയ്ക്ക് ഊടുവഴികളില്‍ക്കൂടി വരുമ്പോള്‍ മദ്യപരെ കണ്ടാല്‍ അവര്‍ ഭവ്യതയോടെ മാറിനില്‍ക്കുമായിരുന്നു. ഒരിക്കല്‍ ഞാന്‍ തലകറങ്ങി വഴിയില്‍ വീണപ്പോഴും എനിക്ക് വെള്ളം തരാനല്ലാതെ ഒരു പുരുഷനും അടുത്തുപോലും വന്നില്ല. അങ്ങനെയുള്ള പെരുമ്പാവൂരിനടുത്ത കുറുപ്പംപടിയില്‍ ഉണ്ടായ ലൈംഗികാതിക്രമ-കൊലപാതകം എന്നെ ഏറെ ദുഃഖിപ്പിക്കുന്നു. സംസ്‌കാരം എന്നുപറഞ്ഞാല്‍ ഇംഗ്ലീഷ് പറയുന്നതും അടിപൊളി വസ്ത്രം ധരിക്കുന്നതും മറ്റുമാണോ? മലയാളികളില്‍ ചിലര്‍ സഹജീവികളോടോ അയല്‍വാസികളോടോ സ്‌നേഹത്തോടെ എന്തുകൊണ്ട് പെരുമാറുന്നില്ല. കേരളം സ്‌നോബുകളുടെ സംസ്ഥാനം കൂടിയായി മാറുകയാണ്. പോലീസ് ഈ കേസില്‍ നിസ്സംഗത പാലിച്ചത് ദളിത് വിഭാഗത്തിന് നീതിക്കും നിയമ സംരക്ഷണത്തിനും അര്‍ഹതയില്ല എന്ന ബോധം മനസ്സില്‍ സൂക്ഷിക്കുന്നതിനാലാണ്. ജിഷയുടെ കൊലപാതകത്തിനുശേഷം, അതില്‍ പോലീസും സര്‍ക്കാരും കാണിച്ച നിസ്സംഗതക്കെതിരെ കടുത്ത രോഷമാണ് കേരളമൊട്ടാകെ ഉയര്‍ന്നിരിക്കുന്നത്. തലസ്ഥാനം മുതല്‍ മധ്യകേരളം വരെ പ്രക്ഷുബ്ധമാണ്. നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയുടെ ക്രൂരമായ ബലാത്സംഗ-കൊലപാതകത്തിനെതിരെ നിയമ വിദ്യാര്‍ത്ഥികളും മറ്റും തെരുവിലിറങ്ങിയപ്പോഴാണ് പോലീസ് ഉണര്‍ന്നത്. 'കേരളം എന്ന പേരു കേട്ടാല്‍' തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്ന് പാടിയിരുന്ന മലയാളികളാണ് ഇന്ന് അന്തര്‍മുഖരായി, അയല്‍പക്കത്തെ ദയനീയാവസ്ഥയോട് നിസ്സംഗത പുലര്‍ത്തി, തങ്ങളുടെ ജീവിതം മാത്രം ഭദ്രമാക്കുന്നതില്‍ ശ്രദ്ധിക്കുന്ന തരത്തിലേക്ക് തരംതാണത്! ഹാ! കഷ്ടം കേരളമേ എന്ന് ദുഃഖിക്കുകയല്ലാതെ എന്തു പരിഹാരം? ഇത്രയേറെ സ്ത്രീ പീഡനങ്ങള്‍ നടക്കുന്ന കേരളത്തില്‍, വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഉചിതമായി പ്രതികരിക്കുക തന്നെ ചെയ്യണം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.