ഉള്ളടക്കത്തില്‍ ഒന്ന്

Wednesday 4 May 2016 9:13 pm IST

1980-ല്‍ കേരളത്തില്‍ ഇടതുമുന്നണി ആന്റണി വിഭാഗം കോണ്‍ഗ്രസിനെക്കൂടെ ഉള്‍പ്പെടുത്താന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയായി. എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, വി.എം.സുധീരന്‍ തുടങ്ങിയവര്‍ നയിച്ച കോണ്‍ഗ്രസുമായി ഒത്തുചേര്‍ന്നാണ് സിപിഎം, ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ 1980ല്‍ അധികാരത്തില്‍ വരുന്നത്. പക്ഷെ, സിപിഎം- കോണ്‍ഗ്രസ് കൂട്ടുകെട്ട് ഇരുപതു മാസത്തിനുള്ളില്‍ തകര്‍ന്നു. എന്നിരുന്നാലും ഇന്ദിരാഗാന്ധി ഭരണകൂടത്തിന്റ വിദേശനയത്തിന്റെ വക്താക്കളായിരുന്നു ഇന്ത്യന്‍ ഇടതുപക്ഷം. സോവിയറ്റ് യൂണിയന്റെ 1979 ഡിസംബറിലെ അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തിന് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അന്താരാഷ്ട്ര വേദികളില്‍ സമദൂരം പാലിച്ച് പിന്തുണ നല്‍കിയിരുന്നു. ചേരിചേരാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്യൂബയിലെ ഫിഡല്‍കാസ്‌ട്രോ ഭാരതത്തില്‍ വരുന്നതും ഈ കാലഘട്ടത്തിലാണ്. സിപിഎമ്മിന്റെ കോണ്‍ഗ്രസ് വിരോധം മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി നയിക്കുന്ന മുന്നണിക്ക് ജയസാദ്ധ്യതയുള്ളതുകൊണ്ട് മാത്രമാണ് കേരളം, ത്രിപുര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ സിപിഎം തയ്യാറാകുന്നത്. ഇപ്പോള്‍ ബംഗാളില്‍ രാഷ്ട്രീയ സാഹചര്യം മാറിയപ്പോള്‍ കേവലം അഞ്ചുവര്‍ഷംകൊണ്ട് തന്നെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാതെ കോണ്‍ഗ്രസ് പാളയത്തില്‍ സിപിഎം എത്തിയത് ആശയപരമായ ഐക്യം കോണ്‍ഗ്രസുമായി വച്ചുപുലര്‍ത്തിയതുകൊണ്ടാണ്. മുപ്പത്തിനാലുവര്‍ഷം ദുര്‍ഭരണം നടത്തി ഒരു നാടിന്റെ വികസനത്തെ മുടിപ്പിച്ച് പ്രസ്ഥാനത്തിന് ഒറ്റയ്ക്ക് ജനങ്ങളെ നേരിടാനുള്ള ആത്മവിശ്വാസവും ഇല്ലാതായിരിക്കുന്നു. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി ബംഗാളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ കൂലിപ്പണിക്കാരായി ഇന്ന് ജീവിക്കുന്നത് ഇടതുഭരണത്തിന്റെ സാക്ഷിപത്രമാണ്. അധികാരം ഇല്ലെങ്കില്‍ പാര്‍ട്ടിയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ല. കേരളത്തില്‍ അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ മാറിമാറി അധികാരത്തില്‍ വരുന്നതുകൊണ്ടുമാത്രമാണ് സിപിഎം കുറച്ചെങ്കിലും ശക്തമായി നിലകൊള്ളുന്നത്. ഒരുകാലത്ത് കമ്മ്യൂണിസത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന ആന്ധ്രപ്രദേശ്, ഇന്നത്തെ തെലുങ്കാന, ബീഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുഖ്യധാരയില്‍നിന്ന് പുറത്താണ്. ഈ സംസ്ഥാനങ്ങളിലെല്ലാം വിവിധ കാലയളവില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രമാണ് സിപിഎം-സിപിഐ കക്ഷികള്‍ക്കുള്ളത്. സിപിഎം-കോണ്‍ഗ്രസ് ഐക്യം വീണ്ടും ശക്തമായി പ്രകടമാകുന്നത് 1996ലാണ്. ബിജെപി പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ സാഹചര്യത്തില്‍ ബിജെപി സര്‍ക്കാരിനെ ഒഴിവാക്കാന്‍ എന്ന ന്യായം പറഞ്ഞാണ് ദേവഗൗഢയുടെ സര്‍ക്കാരിനെ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് പിന്തുണച്ചത്. 1997ല്‍ ഐ.കെ. ഗുജ്‌റാളിന്റെ മന്ത്രസഭയും കോണ്‍ഗ്രസ് ഇടതു പിന്തുണയില്‍ രൂപംകൊണ്ടതാണ്. ഭാരതത്തില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയംഗം (സിപിഐ) കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുന്നതും (ഇന്ദ്രജിത് ഗുപ്ത) ഇടതു-കോണ്‍ഗ്രസ് പിന്തുണയുള്ള ഗൗഢ, ഗുജ്‌റാള്‍ മന്ത്രിസഭകളിലാണ്. പിന്നീട് നാം കാണുന്നത് ദേശീയ തലത്തില്‍ വിശേഷിച്ച് പാര്‍ലമെന്റില്‍ സിപിഎം-കോണ്‍ഗ്രസ് സഹകരണമാണ്. തുടര്‍ന്നുവന്ന വാജ്‌പേയി സര്‍ക്കാരിന്റെ ഭരണകാലത്ത് കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് ഐക്യം വീണ്ടും ശക്തമായി. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്-സിപിഎം ഐക്യം എന്നതായിരുന്നു ന്യായീകരണം. 2004ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്-സിപിഎം സഹകരണത്തിന്റെ ചരിത്രത്തിലെ നാഴികകല്ലാണ്. സോണിയാഗാന്ധി അദ്ധ്യക്ഷയായ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്പീക്കര്‍ സ്ഥാനം സിപിഎമ്മിന് കോണ്‍ഗ്രസ് നല്‍കി. അങ്ങനെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം സോമനാഥ് ചാറ്റര്‍ജിയെ സ്പീക്കറായി തെരഞ്ഞെടുത്തു. യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ സിപിഎം നിര്‍ദ്ദേശിച്ചിട്ടും സോമനാഥ് ചാറ്റര്‍ജി സ്പീക്കര്‍ സ്ഥാനം രാജിവച്ചില്ല എന്നതും ഇവിടെ എടുത്തുപറയേണ്ടതുണ്ട്. കോണ്‍ഗ്രസിനു പിന്തുണ നല്‍കിയതിന്റെ പേരില്‍ സോമനാഥ് ചാറ്റര്‍ജിയെ സിപിഎം പുറത്താക്കിയിരുന്നു. രസകരമായ വസ്തുത, ആറുവര്‍ഷങ്ങള്‍ക്കുള്ളില്‍ അതേ സിപിഎം കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കി സോമനാഥ്ചാറ്റര്‍ജിയുടെ നാട്ടില്‍ മത്സരിക്കുന്നു എന്നതാണ്. ഇവിടെ ജനങ്ങള്‍ സിപിഎമ്മിനെ തന്നെ പുറത്താക്കി ദേശീയ ശക്തികള്‍ക്ക് കരുത്തേകുമെന്ന് ഉറപ്പാണ്. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ മുന്നണി ബന്ധങ്ങള്‍ക്ക് യാതൊരു മാനദണ്ഡവുമില്ല. കാലാകാലങ്ങളിലെ നിലനില്‍പ്പിനായി സ്വീകരിക്കുന്ന അടവുനയ സഖ്യങ്ങള്‍ക്ക് ബൗദ്ധികവും താത്വികവുമായ ന്യായീകരണം പാര്‍ട്ടി തയ്യാറാക്കുന്നു എന്നുമാത്രം. ഉദാഹരണത്തിന് 1948ല്‍ തിരുവിതാംകൂറില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി കെഎസ്പിയുമായി ചേര്‍ന്ന് മത്സരിച്ചു. പക്ഷേ ഒരു സീറ്റിലും വിജയിച്ചില്ല. തിരു-കൊച്ചി സംസ്ഥാനത്ത് നടന്ന 1951-52ലെ പൊതു തെരഞ്ഞെടുപ്പില്‍ കെഎസ്പി, ആര്‍എസ്പി എന്നീ പാര്‍ട്ടികളായിരുന്നു കമ്മ്യൂണിസ്റ്റ് സഖ്യകക്ഷികള്‍. 1951-52ല്‍ മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെ. കേളപ്പന്റെ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി. അതുപോലെ 1954ലെ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗുമായി അനൗദ്യോഗികസഖ്യം കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടാക്കി. 1954ല്‍ തിരു-കൊച്ചി നിയമസഭയിലേക്കു നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പിഎസ്പി, ആര്‍എസ്പി, കെഎസ്പി എന്നീ കക്ഷികളുമായി ചേര്‍ന്നാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി മത്സരിച്ചത്. 1957ല്‍ ലീഗുമായി ചില ധാരണകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലീഗ് വിജയിച്ച ഏഴു സീറ്റില്‍ ആറിടത്ത് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയ്ക്ക് നാമമാത്രമായ വോട്ടാണ് ലഭിച്ചത്. ഒരു ലീഗ് മണ്ഡലത്തില്‍ (താനൂര്‍) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെതന്നെ നിര്‍ത്തിയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1964ല്‍ രണ്ടായി പിളര്‍ന്നതിനുശേഷം 1965ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുതുതായി രൂപംകൊണ്ട് സിപിഎം ലീഗുമായി ധാരണയുണ്ടാക്കി. 1967ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ്, കെടിപി, കെഎസ്പി, ആര്‍എസ്പി, സിപിഐ, സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങിയ കക്ഷികളുമായി ചേര്‍ന്നാണ് സിപിഎം സപ്തകക്ഷിമുന്നണിയുണ്ടാക്കി വിജയം നേടിയത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ഘടകകക്ഷികള്‍ സി.പിഎം മുന്നണിവിട്ട് കോണ്‍ഗ്രസ് മുന്നണിയില്‍ ചേക്കേറി. 1977ല്‍ ജനതാപാര്‍ട്ടിയും ഓള്‍ ഇന്ത്യ മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് പിള്ള വിഭാഗവും ഇടതുമുന്നണിയിലായി. 1980ല്‍ കോണ്‍ഗ്രസ് (ആന്റണി വിഭാഗം), കേരള കോണ്‍ഗ്രസ് മാണി എന്നിവ ഇടതുപക്ഷത്തായി. ആ മുന്നണിയ്ക്ക് ദീര്‍ഘായുസ്സ് ഉണ്ടായില്ല. പിന്നീട് 1987, 1991, 1996, 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ ഇടതു-വലതുമുന്നണികള്‍ കുടമാറ്റം നടത്തുന്നതുപോലെ ചില പാര്‍ട്ടികളെ മാറ്റി. കേരള കോണ്‍ഗ്രസ് (ജോസഫ്) കേരള കോണ്‍ഗ്രസ് (സെക്കുലര്‍), കേരള കോണ്‍ഗ്രസ് (പി.സി.തോമസ്), കേരള കോണ്‍ഗ്രസ് (ഡെമോക്രാറ്റിക്), ഐഎന്‍എല്‍, പിഡിപി, ജെഎസ്എസ്, സിഎംപി, കേരള കോണ്‍ഗ്രസ് (പിള്ള), കെ.കരുണാകരന്റെ ഡിഐസി, എന്‍സിപി, കോണ്‍ഗ്രസ് (സെക്കുലര്‍) തുടങ്ങിയവയെല്ലാം ഇടതുപക്ഷസഖ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടികളാണ്. എന്‍ഡിഎഫ്, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ ഇടതുപക്ഷത്തിന് ഒളിഞ്ഞും തെളിഞ്ഞും മണ്ഡലാടിസ്ഥാനത്തില്‍ പിന്തുണ നല്‍കിയും ഇടതുസഹയാത്രികരായി നിലകൊള്ളുന്നു. ശ്രദ്ധേയമായ വസ്തുത കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാത്ത ഒരു പാര്‍ട്ടിയും ഇന്ന് കേരളത്തിലില്ല. കോണ്‍ഗ്രസിലെ ആന്റണി വിഭാഗവുമായി സംഖ്യമുണ്ടാക്കിയ സിപിഎം പില്‍ക്കാലത്ത് 2005-ല്‍ കെ.കരുണാകരന്റെ കോണ്‍ഗ്രസുമായും (ഡിഐസി) സംഖ്യമുണ്ടാക്കി. മുസ്ലിംലീഗ് കൂടാതെ മുസ്ലിംലീഗിന്റെ വിഭാഗമായ എഐഎംഎല്‍, ഐഎന്‍എല്‍, പിഡിപി എന്നിവയുമായി പരസ്യമുന്നണിയും മറ്റ് ചെറു മുസ്ലിംഗ്രൂപ്പുകളുമായി രഹസ്യധാരണയുമുണ്ടാക്കിയിട്ടുണ്ട്. കേരളാകോണ്‍ഗ്രസ് വിഭാഗങ്ങളായ മാണി, ജോസഫ്, നമ്പാടന്‍, പിള്ള, പി.സി.തോമസ്, പി.സി.ജോര്‍ജ്ജ്, ഫ്രാന്‍സിസ് ജോര്‍ജ്ജ് തുടങ്ങിയ വിഭാഗങ്ങളുമായി ധാരണയുണ്ടാക്കിയിരുന്നു. സിഎംപി, ജെഎസ്എസ്, വിവിധ ആര്‍എസ്പി വിഭാഗങ്ങള്‍, പിഎസ്പി, കെടിപി, കെഎസ്പി, ഐഎസ്പി, വിവിധ ജനതാഗ്രൂപ്പുകള്‍ ഇവയെല്ലാം ഇടതുപക്ഷത്ത് അണിനിരന്നവരാണ്. മുകളില്‍ പറഞ്ഞ എല്ലാ പാര്‍ട്ടികളും വലതുമുന്നണിയിലും അംഗമായിട്ടുണ്ട്. അപ്പോള്‍ പിന്നെ ഇടതുമുന്നണിയും, വലതുമുന്നണിയും തമ്മിലുള്ള വ്യത്യാസമെന്താണ്? ഓരോ അഞ്ച് വര്‍ഷവും മാറി മാറി ഭരിച്ച് അഴിമതിയില്‍ ഉള്‍പ്പെടെ ഒത്തുതീര്‍പ്പു രാഷ്ട്രീയം പയറ്റുന്ന ഇരുമുന്നണികളും പ്രതിപക്ഷത്തായിരിക്കുമ്പാള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഭരണത്തില്‍ ആകുമ്പോള്‍ വിഴുങ്ങും. ഉദാഹരണത്തിന് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ (2001-2006) ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു വിഷയവും വിശേഷിച്ച് സ്ത്രീപീഡനത്തിലും അഴിമതിയിലും അദ്ദേഹം ഭരണത്തില്‍ വന്നപ്പോള്‍ നടപടി എടുത്തില്ല. ഇതുതന്നെയാണ് ലാവ്‌ലിന്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും സ്വീകരിച്ചത്. സരിതയും ബാര്‍കോഴയും ഒക്കെ ഇപ്പോള്‍ ഒതുക്കി തീര്‍ത്തിരിക്കുന്നു. ഈ അവസ്ഥയാണ് മാറേണ്ടത്. ഇനിയും പ്രബുദ്ധരായ വോട്ടര്‍മാരെ ഇടതു-വലതു മുന്നണി ലേബലിലെ മുന്നണികള്‍ വഞ്ചിക്കുന്നത് അനുവദിക്കാന്‍ പാടില്ല. പശ്ചിമബംഗാളില്‍ ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സിപിഎം-കോണ്‍ഗ്രസ് ഐക്യം താമസിയാതെ കേരളത്തിലും വ്യാപിക്കാന്‍ പോവുകയാണ്. ബിജെപിക്ക് വിജയസാദ്ധ്യയുള്ള മണ്ഡലങ്ങളില്‍ അത് ഇപ്പോള്‍തന്നെ പ്രകടവുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.