വീട്ടില്‍ അതിക്രമിച്ചുകയറി പീഡനം; അവശനിലയിലായ വൃദ്ധ ആശുപത്രിയില്‍

Wednesday 4 May 2016 10:23 pm IST

അഞ്ചുതെങ്ങ് (തിരുവനന്തപുരം): ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയയാള്‍ പീഡിപ്പിച്ചു. അവശനിലയിലായ വൃദ്ധയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴിന് സമീപം അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന 68 കാരിയാണ് പീഡനത്തിനിരയായത്. ചൊവ്വാഴ്ച വെളുപ്പിന് ഒരുമണിയോടെയാണ് സംഭവം. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മകളുടെ വീട്ടില്‍ താമസിക്കുന്ന വൃദ്ധ അടച്ചിട്ടിരിക്കുന്ന കുടുംബവീട് വൃത്തിയാക്കുവാന്‍ ഇടയ്ക്കിടെ നെടുങ്ങണ്ടയില്‍ എത്തുകയും അവിടെ ഒരു ദിവസം താമസിച്ച് മടങ്ങുകയും ചെയ്യും. തിങ്കളാഴ്ച പകല്‍ കുടുംബവീട്ടിലെത്തിയ ഇവര്‍ വീട് വൃത്തിയാക്കിയ ശേഷം ഇവിടെ കിടന്നിരുന്നു. ചൊവ്വാഴ്ച വെളുപ്പിന് വീടിന്റെ കതകുതകര്‍ത്ത് അകത്തു കടന്ന അക്രമി വൃദ്ധയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ മര്‍ദ്ദിച്ചവശയാക്കി. വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിന് ശേഷമായിരുന്നു അക്രമം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിപ്പിച്ചു. പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. അവശനിലയിലായ വൃദ്ധ ഏറെനേരത്തിന് ശേഷം അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് വാര്‍ഡ് പ്രതിനിധിയുടെ സഹായത്തോടെ അയല്‍വാസികള്‍ അഞ്ചുതെങ്ങ് പോലീസില്‍ വിവരം അറിയിച്ചു. വൃദ്ധ ഏറെ അവശയായിരുന്നെങ്കിലും പോലീസ് അവരെ വര്‍ക്കല കോടതി മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. കോടതിയുടെ നിര്‍ദ്ദേശാനുസരണമാണ് വൃദ്ധയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദേഹമാസകലം മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളും ഉണ്ട്. അക്രമികളുടെ ഭീഷണിയുള്ളതായി ഒരുമാസം മുമ്പ് വൃദ്ധ പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഈ പരാതിയിന്മേല്‍ നടപടിയുണ്ടായില്ല. വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചതിന് കേസെടുത്തതായി അഞ്ചുതെങ്ങ് എസ്‌ഐ പറഞ്ഞു. കടയ്ക്കാവൂര്‍ സിഐ ജി.ബി മുകേഷിനാണ് അന്വേഷണ ചുമതല. പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിച്ചതായും തെരച്ചില്‍ ശക്തമാക്കിയതായും സിഐ പറഞ്ഞു. വൃദ്ധയുടെ മുഖത്തും ശരീരഭാഗങ്ങളിലും ക്ഷതമേറ്റിട്ടുണ്ടെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗീത പറഞ്ഞു. ഗൈനക്കേളജിസ്റ്റായ ഡോ. നഷീദയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചികിത്സാ ചുമതല. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ ലൈംഗികാതിക്രമം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളുവെന്ന് സൂപ്രണ്ട് പറഞ്ഞു. കുടുംബവീട്ടില്‍ കഴിയുന്ന ദിവസങ്ങളില്‍ അക്രമികളുടെ ഭീഷണി ഉണ്ടായിരുന്നതായി വൃദ്ധ അഞ്ചുതെങ്ങ് പോലീസ് സ്‌റ്റേഷനില്‍ ഒരുമാസം മുമ്പാണ് പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയിന്മേല്‍ കാര്യമായ അന്വേഷണം നടത്താനോ പ്രതികളെ കണ്ടെത്തി നടപടിയെടുക്കാനോ പോലീസ് ശ്രമിച്ചില്ല. ഇതാണ് ഇപ്പോഴത്തെ അക്രമസംഭവത്തിന് വഴിവച്ചതെന്ന ആക്ഷേപം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.