ഇടത്-വലത് കാപട്യം പ്രകടമായി; അന്വേഷണം വഴിമുട്ടി

Wednesday 4 May 2016 10:44 pm IST

കൊച്ചി: പെരുമ്പാവൂരില്‍ ജിഷയെ പീഡിപ്പിച്ചു കൊന്നവരെക്കുറിച്ച് പോലീസിന് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. പ്രതിയുടേതെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. അയല്‍വാസികളുടെ സഹായത്തോടെയാണ് ഈ രേഖാ ചിത്രം തയാറാക്കിയത്. ചോദ്യം ചെയ്യാന്‍ ഏഴ് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. അതേ സമയം പ്രക്ഷോഭങ്ങളും സമരങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്ന ഇടത്-വലത് മുന്നണികളുടെ കാപട്യം പൊതുജന മധ്യത്തില്‍ പ്രകടമായി. 15 വര്‍ഷമായി പുറമ്പോക്കില്‍ മറകെട്ടിത്താമസിയ്‌ക്കേണ്ടിവന്ന ഒരു ദളിത് കുടുംബത്തോടും ഞങ്ങള്‍ വന്നാല്‍ എല്ലാം ശരിയാക്കാമെന്നായിരുന്നു തെരഞ്ഞെടുപ്പു വാഗ്ദാനം. അതുകൊണ്ടുതന്നെ, ജിഷയുടെ അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനോടും ഇന്നസെന്റ് എംപിയോടും അമ്മ രാജേശ്വരിയും മൂത്തമകള്‍ ദീപയും രൂക്ഷമായ വികാരപ്രകടനമാണ് നടത്തിയത്. കനാല്‍ പുറമ്പോക്കിലെ ഒറ്റ മുറി വീട്ടില്‍ താമസിക്കുന്ന തങ്ങള്‍ക്ക് വീട് വച്ച് നല്‍കാന്‍ വേണ്ട ഒരുനടപടിയും സഹായവും സാജുപോളിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് അവര്‍ പറഞ്ഞു. സാജുപോള്‍ ഒന്നും ചെയ്തില്ല സാറെ, വിങ്ങിപ്പൊട്ടിക്കൊണ്ട് അവര്‍ വിഎസിനോട് പ്രതികരിച്ചു. ജിഷയുടെ മരണം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന സപിഎമ്മിന് ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. തൃപ്പൂണിത്തുറയില്‍ ദളിത് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു. ആറ്റിങ്ങലില്‍ പിന്നാക്ക വിദ്യാര്‍ത്ഥി കൂട്ട മാനഭംഗത്തിനിരയായപ്പോള്‍ അതിലും ഇടതു സംഘടനാംഗങ്ങള്‍ പ്രതിയായിരുന്നു. ഈ സംഭവങ്ങള്‍ നടന്നതും അതിലെ പ്രതികള്‍ സംരക്ഷിയ്ക്കപ്പെട്ടതും കോണ്‍ഗ്രസ് ഭരണത്തിലായിരുന്നു. ജിയുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയും സഹോദരിയ്ക്ക് ജോലിയും വാഗ്ദാനം ചെയ്ത മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനരോഷത്തില്‍നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. കസ്റ്റഡിയില്‍ ഉള്ളവരെ ആലുവ എസ്പി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. എന്നാല്‍, സംസ്ഥാന വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ ശമിപ്പിക്കാന്‍ മാത്രമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് സൂചന. കൊലപാതകം നടന്ന് അഞ്ച് ദിവസം വരെ പോലീസ് കുറ്റകരമായ ഉദാസീനതയാണ് കാണിച്ചത്. ആര്‍ക്കോവേണ്ടി തെളിവുകള്‍ നശിപ്പിക്കാന്‍ പോലീസ് കൂട്ടുനിന്നതായും സംശയിക്കുന്നു. മൂന്നാംദിവസമാണ് ഫോറന്‍സിക് വിദഗ്ദ്ധര്‍ എത്തി വീട്ടില്‍ പരിശോധന നടത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം കൊണ്ടുവന്ന ജിഷയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവരുന്നതിനോ അമ്മയെ കാണിക്കുന്നതിനോ തയ്യാറാകാതെ ധൃതിപിടിച്ച് സംസ്‌ക്കരിച്ചതിലും ദുരൂഹത ഉയരുന്നു. ജിഷ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായതായും ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടെന്നും, ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റി വികൃതമാക്കിയതായും കുടല്‍മാല പുറത്ത് ചാടിയിരുന്നതായു മഹസര്‍ തയ്യാറാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാം. എന്നാല്‍, സംഭവം കൊലപാതകമാണെന്ന് ഉറപ്പിച്ച് പറയാറായിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്തുവിടും വരെ പോലീസ് പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ സംഭവം മൂടിവയ്ക്കാന്‍ ഉന്നതങ്ങളില്‍ നിന്നുതന്നെ പോലീസിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നാണ പുറത്തുവരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.