കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കോണ്‍ഗ്രസ് വോട്ടുചെയ്തുവെന്ന് കെ.സി .അബു; പുറത്തായത് ഒത്തുകളി

Thursday 5 May 2016 10:51 am IST

കോഴിക്കോട്: സിപിഎം -കോണ്‍ഗ്രസ് ബാന്ധവം പുറത്ത്. കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി യുടെ മുന്നേറ്റം തടയാന്‍ സിപിഎമ്മും കോ ണ്‍ഗ്രസ്സും ഒത്തുകളിച്ചെന്ന് ഡിസിസി പ്രസിഡന്റ് കെ.സി. അബു ഇന്നലെ വെളിപ്പെടുത്തി. കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ്സിന്റെ സിപിഎം ബാന്ധവം നേതാവ് വെളിപ്പെടുത്തിയത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണ് അബുവിന്റെ പുതിയ വെളിപ്പെടുത്തല്‍. ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒത്തുകളിച്ചെന്ന ബിജെപിയുടെ ആരോപണം ഡിസിസി പ്രസിഡന്റ് തുറന്നു സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ 75 ഡിവിഷനുകളില്‍ ഒരു സീറ്റിലെ കാര്യം മാത്രമാണ് നേതാവ് ഇന്നലെ പുറത്തുവിട്ടത്. മുന്‍മേയറും സിപിഎം നേതാവുമായ തോട്ടത്തില്‍ രവീന്ദ്രന്‍ ജയിച്ചത് കോണ്‍ഗ്രസ് വോട്ടുകൊണ്ടാണെന്നും ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്നതിനുവേണ്ടി കോണ്‍ഗ്രസ് മുഖമുള്ള തോട്ടത്തില്‍ രവീന്ദ്രന് വോട്ടു ചെയ്യുകയായിരുന്നുവെന്നുമാണ് ഡിസിസി പ്രസിഡന്റ് കെ.സി. അബു ഇന്നലെ കോഴിക്കോട് പ്രസ്ല് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ചക്കോരത്തുകുളം വാര്‍ഡില്‍ നിന്നാണ് സിപിഎം സ്ഥാനാ ര്‍ത്ഥിയായ തോട്ടത്തില്‍ രവീന്ദ്രന്‍ ജയിച്ചത്. എം. ജഗന്നാഥനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ജനതാദള്‍ യുവിന്റെ ടി. ജയാനന്ദന്‍ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. 921 വോട്ടു നേടിയാണ് തോട്ടത്തില്‍ രവീന്ദ്രന്‍ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ എം. ജഗന്നാഥന് 887 വോട്ടും മൂന്നാമത് എത്തിയ ടി. ജയാനന്ദന് 316 വോട്ടുമാണ് നേടിയത്. ബിജെപിയുടെ വിജയം തടയാന്‍ കോണ്‍ഗ്രസ്സ് വോട്ടു മറിച്ചതാണെന്ന് അന്നു തന്നെ ബിജെപി നേതൃത്വം ആരോപിച്ചിരുന്നു. വോട്ടെടുപ്പിന്റെ തലേ ദിവസം കോണ്‍ഗ്രസ് മണ്ഡലം നേതാക്കളുടെ നേതൃത്വത്തിലാണ് വോട്ട് മാറി ചെയ്യാന്‍ വീടു കയറി പദ്ധതി നടപ്പിലാക്കിയത്. ഏഴു സീറ്റുകളിലാണ് ബിജെപി കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മറ്റ് ഏഴു സീറ്റുകളില്‍ ബിജെപി രണ്ടാമതെത്തുകയും ചെയ്തു. കുറഞ്ഞത് 20 സീറ്റുകളിലെങ്കിലും ബിജെപി വിജയിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഇരു മുന്നണികളും പരസ്പരം വോട്ട് മറിച്ചുകൊണ്ട് ബിജെപിയുടെ മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. തങ്ങളുടെ രഹസ്യ ബാന്ധവം മറച്ചുവെക്കാന്‍ ഇരു മുന്നണികളു#െ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. കാരപ്പറമ്പ്, സിവില്‍ സ്റ്റേഷന്‍, മീഞ്ചന്ത വാര്‍ഡുകളാണ് കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപി പിടിച്ചെടുത്തത്. കാല്‍ നൂറ്റാണ്ട് കാലം സിപിഎം കയ്യടക്കിവെച്ച ചേവരമ്പലം സീറ്റ്, ബേപ്പൂര്‍ പോര്‍ട്ട്, ബേപ്പൂര്‍, മാറാട് എന്നീ സിപിഎം കുത്തക സീറ്റുകളും ബിജെപി പിടിച്ചെടുത്തു. ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും പരസ്പരം സഹകരിച്ചെങ്കിലും ഈ കുറുമുന്നണിയെ പരാജയപ്പെടുത്തിയാണ് ബിജെപി വിജയക്കൊടി പാറിച്ചത്. ചേവരമ്പലം സീറ്റില്‍ മൂന്നാമതെത്തിയ കോണ്‍ഗ്രസ്സിന് നഷ്ടമായത് 500 വോട്ടുകളായിരുന്നു. ഇത്രയും കോണ്‍ഗ്രസ്സിന്റെ വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടും പാര്‍ട്ടി പരാജയപ്പെട്ടു. മീഞ്ചന്തയിലാണ് ബിജെപി വിജയിച്ച മറ്റൊരു സീറ്റ്. എഐടിയുസി നേതാവ് പി.കെ. നാസര്‍ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം കോണ്‍ഗ്രസ്സുമായി രഹസ്യ ബന്ധമുണ്ടാക്കിയിരുന്നു. ഇതോടെയാണ് സിപിഐയുടെ പി.കെ. നാസര്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. മാറാട് മേഖലയിലെ മൂന്നു സീറ്റുകളിലും ബിജെ പി വിജയിച്ചപ്പോള്‍ ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇരു മുന്നണികളും ഒത്തുചേര്‍ന്നിട്ടും ബിജെപി മുന്നേറുകയായിരുന്നു ഇവിടെയെല്ലാം. കുടില്‍ ത്തോട്, കുതിരവട്ടം, നടുവട്ടം, മൂന്നാലിങ്ങല്‍, ചക്കോരത്ത്കുളം, നടക്കാവ്, പുതിയാപ്പ, തുടങ്ങി ഏഴു സീറ്റുകളില്‍ ബിജെപി രണ്ടാമതെത്തുകയും ചെയ്തിരുന്നു. നടുവട്ടത്ത് 4200 വോട്ട് പോള്‍ ചെയ്തപ്പോള്‍ 680 വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി സ്മിജിത്തിന് 1320 വോട്ടുലഭിച്ചു. 2900 വോട്ട് പോള്‍ ചെയ്ത മുന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 1100 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ കോ ണ്‍ഗ്രസ് വോട്ടുകള്‍ സിപിഎമ്മിന് നല്‍കുകയായിരുന്നു. മൂന്നാലിങ്ങലില്‍ ഇടതു സ്ഥാനാര്‍ത്ഥി നാലാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടതും കോണ്‍ഗ്രസ്, സിപിഎം സഖ്യത്തിന്റെ സൂചനയാണെന്നും അന്ന് തന്നെ ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു. ഈ രഹസ്യ ബന്ധത്തിന്റെ ഉള്ളറകളിലേക്കാണ് കെ.സി. അബുവിന്റെ വെളിപ്പെടുത്തല്‍ വിരല്‍ ചൂണ്ടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.