ചാരസുന്ദരികളില്‍നിന്ന്‌ രക്ഷനേടാന്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ആകണമെന്ന്‌ അല്‍ഖ്വയ്ദ

Monday 4 July 2011 8:52 pm IST

ലണ്ടന്‍: ചാരസുന്ദരികളില്‍നിന്നും രക്ഷനേടാനായി വേണ്ടിവന്നാല്‍ സ്വവര്‍ഗ്ഗ സ്നേഹികളായി അഭിനയിക്കാന്‍ തയ്യാറാകണമെന്ന്‌ ലണ്ടനിലെ അല്‍ഖ്വയ്ദ ഭീകരന്മാര്‍ക്ക്‌ നിര്‍ദ്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്‌. ലണ്ടനില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ അല്‍ഖ്വയ്ദ വിതരണം നടത്തിയ പുതിയ ലഘുലേഖയിലാണ്‌ ഇത്തരമൊരു നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന്‌ യുകെയില്‍ നിന്നുള്ള മിറര്‍ വെബ്സൈറ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
ബ്രിട്ടീഷ്‌ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ 5 ല്‍ നിരവധി ചാരവനിതകളുണ്ടെന്നും ഇക്കാരണത്താല്‍ സൗഹൃദം ഭാവിച്ച്‌ അടുത്തുകൂടുന്ന വനിതകളെ പോരാളികള്‍ അകറ്റിനിര്‍ത്തണമെന്നും ലഘുലേഖ പറയുന്നു. ബ്രിട്ടനിലെ ഹോട്ടലുകളിലും മറ്റും സുന്ദരികളായ വനിതാ ഡിറ്റക്ടീവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.
ഇത്തരമൊരു സാഹചര്യത്തില്‍ ഏതെങ്കിലും സുന്ദരികള്‍ നിങ്ങള്‍ക്കടുത്ത്‌ കൂടുകയാണെങ്കില്‍ ഒന്നുകില്‍ ആത്മീയഭാവമണിഞ്ഞ്‌ അവരെ അകറ്റിനിര്‍ത്തുക അല്ലെങ്കില്‍ നിങ്ങളൊരു സ്വവര്‍ഗ്ഗാനുരാഗിയാണെന്നോ നിങ്ങളൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നോ കാരണം പറഞ്ഞ്‌ ഇത്തരക്കാരെ ഒഴിവാക്കുക, മിറര്‍ റിപ്പോര്‍ട്ട്‌ വിശദീകരിക്കുന്നു. ബ്രിട്ടനിലെ അല്‍ഖ്വയ്ദ ഭീകരന്മാര്‍ക്കുള്ള ഇത്തരം നിര്‍ദ്ദേശങ്ങള്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വത്തില്‍നിന്നാണ്‌ ലഭിക്കുന്നതെന്നും വെബ്സൈറ്റ്‌ കണ്ടെത്തിയിട്ടുണ്ട്‌. 64 പേജുകളുള്ള ലഘുലേഖ ഇംഗ്ലീഷിലാണ്‌ അടിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
ബിന്‍ലാദന്റെ വധത്തിന്‌ പകരം വീട്ടാന്‍ ബ്രിട്ടനെ ആക്രമിക്കുമെന്ന്‌ അല്‍ഖ്വയ്ദ ഭീഷണി മുഴക്കിയിരുന്നു. ഇതോടൊപ്പം നിരവധി അല്‍ഖ്വയ്ദ ഭീകരന്മാര്‍ ബ്രിട്ടനില്‍ പരോക്ഷപ്രവര്‍ത്തനം നടത്തുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഭീകരന്മാര്‍ക്കെതിരെ കര്‍ശനനിലപാടുകളാണ്‌ ബ്രിട്ടീഷ്‌ അധികൃതരും രഹസ്യാന്വേഷണ ഏജന്‍സികളും സ്വീകരിച്ചിട്ടുള്ളത്‌.