ഐആര്‍സിടിസിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

Thursday 5 May 2016 12:47 pm IST

മുംബൈ: ഇന്ത്യന്‍ റയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കമ്പനി (ഐആര്‍സിടിസി) വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ ഐആര്‍സിടിസി സൈറ്റില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതായും പോലീസ് അറിയിച്ചു. എകദേശം ഒരു കോടിയോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് വിവരം. മഹാരാഷ്ട്ര പോലീസാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. ഭാരതത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സൈറ്റാണ് ഐആര്‍സിടിസി. സൈറ്റില്‍ നിന്നും ഉപഭോക്താക്കളുടെ പാന്‍ കാര്‍ഡുകള്‍ അടക്കമുള്ള ഐഡന്റിറ്റി കാര്‍ഡുകള്‍, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി എന്നിവ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുപയോഗിച്ച്‌ പലവിധമായ തട്ടിപ്പുകളും ഹാക്കര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് റയില്‍വെ അധികൃതര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തു. ഓണ്‍ലൈനിലൂടെ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും മറ്റുമായി ആളുകള്‍ ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ് തുടങ്ങിയ ഔദ്യോഗിക രേഖകള്‍ സൈറ്റില്‍ നല്‍കാറുണ്ട്. ഇവയടക്കമുള്ള സുപ്രധാന വിവരങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട് എന്ന് ഇന്ത്യന്‍ റെയില്‍വേയിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈറ്റില്‍ നിന്നും ചോര്‍ത്തിയ വിവരങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികളിലേക്ക് എത്തുമെന്നാണ് ആളുകള്‍ ഭയപ്പെടുന്നത്. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പോലീസ് കനത്ത ജാഗ്രതയിലാണ്. ആരാണ് ഇതിന് പിന്നില്‍ എന്നതടക്കമുള്ള വിവരങ്ങള്‍ക്ക് വേണ്ടി അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.പി ബക്ഷി പറഞ്ഞു. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചു. അതേസമയം ഹാക്കിങ് നടന്നിട്ടില്ലെന്നാണ് ഐആര്‍സിടിസി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് ദത്ത പറയുന്നത്. മഹാരാഷ്ട്ര പോലീസ്, ഐ.ബി സൈബര്‍ സെല്‍ എന്നീ വിഭാഗങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്‌ ചില ഐആര്‍സിടിസി രേഖകള്‍ പുറത്തു പോയിട്ടുണ്ട്. എന്നാല്‍ ഇതിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്താതെ ഹാക്ക് ചെയ്തു എന്ന് പറയാനാകില്ലെന്നും സന്ദീപ് ദത്ത പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.