ഇ മെയില്‍: എസ്‌ഐ ബിജു സലീമിനെതിരെ കേസ്‌

Thursday 2 February 2012 10:36 pm IST

തിരുവനന്തപുരം: രഹസ്യാന്വേഷണത്തിനായി ഇന്റലിജന്‍സ്‌ വിഭാഗം കൈമാറിയ ഇ മെയില്‍ വിലാസങ്ങള്‍ ചോര്‍ത്തി തീവ്രവാദ സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ വാരികയ്ക്ക്‌ നല്‍കിയ എസ്‌.ഐ: എസ്‌.ബിജു സലീമിനെതിരെ കേസെടുത്തു. ഡിജിപി ജേക്കബ്‌ പുന്നൂസിന്റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം മ്യൂസിയം പോലീസാണ്‌ കേസ്സെടുത്തത്‌. വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ്‌ ഇയാള്‍ക്കെതിരെ കേസെടുത്തത്‌. എസ്‌ഐക്കെതിരെ അന്വേഷണം നടത്തിയ എ.ഐ.ജി കോറി സഞ്ജയ്‌ കുമാര്‍ ഗുരുദിന്‍ ഇതുസംബന്ധിച്ചു ഡിജിപിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. ഇയാള്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ അന്വേഷിക്കാന്‍ തിരുവനന്തപുരം മ്യൂസിയം പോലീസിന്‌ ഉടന്‍ നിര്‍ദ്ദേശം നല്‍കും. മതമൗലിക സംഘടനകളുമായി ബിജു സലീം നിരന്തരം സമ്പര്‍ക്കത്തിലായിരുന്നുവെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. പിഡിപി, ജമാ അത്തെ ഇസ്ലാമി, എന്‍ഡിഎഫ്‌, സിമി തുടങ്ങിയ മത മൗലികവാദ സംഘടനകളുമായി ഇയാള്‍ നിരന്തര ബന്ധം പുലര്‍ത്തിയിരുന്നതായാണ്‌ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്‌. കേരളത്തിന്‌ പുറത്ത്‌ പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദ സംഘടനകളുമായും ബിജു സലീമിന്‌ സജീവ ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്‌. തീവ്രവാദ സ്വഭാവമുള്ള കേസില്‍പ്പെട്ട ഒരാളുടെ ഇ മെയില്‍ വിലാസങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിന്‌ ലഭിച്ച 268 ഇ മെയില്‍ വിലാസങ്ങളുടെ യഥാര്‍ത്ഥ ഉടമസ്ഥരെ കണ്ടെത്താന്‍ ഇന്റലിജന്‍സ്‌ വിഭാഗത്തില്‍ നിന്ന്‌ സൈബര്‍സെല്ലിലെത്തിയ ഇ മെയില്‍ വിലാസങ്ങളാണ്‌ ഇയാള്‍ ജമാ അത്തെ ഇസ്ലാമിയുടെ വാരികയ്ക്ക്‌ ചോര്‍ത്തി നല്‍കിയത്‌. വാരിക മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരുടെ മാത്രം വിലാസങ്ങള്‍ പ്രസിദ്ധീകരിക്കുകയും ഇതര മതസ്ഥരുടേത്‌ ഒഴിവാക്കുകയും ചെയ്തു. ബോധപൂര്‍വ്വം മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമമാണ്‌ ഇതിനു പിന്നിലുണ്ടായതെന്ന്‌ പോലീസ്‌ കണ്ടെത്തുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത്‌ പോലീസ്‌ ഹൈടെക്‌ സെല്ലിലെ എസ്‌ഐയായിരുന്നു തിരുവനന്തപുരം വലിയവിള മൈത്രി നഗര്‍ സ്വദേശി എസ്‌.ബിജുസലീം. മുസ്ലീം മതസ്ഥരുടെ ഇ മെയില്‍ വിലാസങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്നു വരുത്തി തീര്‍ത്ത്‌ മതവിദ്വേഷം വളര്‍ത്തുകയായിരുന്നു ഇയാളുടെ ഉദ്ദേശ്യം. വാര്‍ത്തയുടെ ഉറവിടം പോലീസ്‌ അപ്പോള്‍ തന്നെ അന്വേഷിക്കുകയും അത്‌ ബിജു സലീമിലെത്തുകയുമായിരുന്നു. ബിജു സലീമിന്റെ മൊബെയില്‍ ഫോണും കയ്യക്ഷരവും പരിശോധിച്ചാണ്‌ പോലീസ്‌ അയാളെ പിടികൂടിയത്‌. ഔദ്യോഗിക വിവരം പുറത്തുള്ളവര്‍ക്ക്‌ ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ ഇയാളെ സസ്പെന്റ്‌ ചെയ്യുകയും ചെയ്തിരുന്നു. ഒന്നിലധികം മൊബെയില്‍ ഫോണുകളുള്ള ബിജുസലീം തീവ്രവാദ സംഘടനാ നേതാക്കളുമായി ഇതിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരം പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. പോലീസിനുള്ളില്‍ ഇത്തരക്കാര്‍ വേറെയുമുണ്ടെന്ന കണ്ടത്തെലിനെ തുടര്‍ന്ന്‌ പോലീസ്‌ കര്‍ശന നിരീക്ഷണത്തിലാണ്‌. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പെട്ട്‌ ഇപ്പോള്‍ ബാംഗ്ലൂരില്‍ ജയിലില്‍ കിടക്കുന്ന അബ്ദുള്‍നാസര്‍ മദനിയുടെ അടുത്ത അനുയായി ആയിരുന്നു ബിജു സലീം. മദനി ജയിലില്‍ ആയതിനു ശേഷം എന്‍.ഡി.എഫുമായും ജമാഅത്തെ ഇസ്ലാമിയുമായുമുള്ള ബന്ധം ഇയാള്‍ കൂടുതല്‍ ശക്തമാക്കുകയായിരുന്നു. ഈ സംഘടനകളുടെ ഉന്നത നേതാക്കളുമായി എല്ലാ ദിവസങ്ങളിലും ഇയാള്‍ ബന്ധപ്പെട്ടിരുന്നതായും പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇയാളെ ഉടന്‍ അറസ്റ്റുചെയ്തേക്കുമെന്നും സൂചനയുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.