ക്ഷേത്രത്തില്‍ ആരാണ്?

Thursday 5 May 2016 6:48 pm IST

അദ്ധ്യായം-26 ''അങ്ങനെ നാം പതിമൂന്നാം അദ്ധ്യായത്തില്‍ എത്തിക്കഴിഞ്ഞു. ഇതാ, ഈ പുസ്തകത്തിലെ ആദ്യ ശ്ലോകം ഉണ്ണിയൊന്നു വായിക്കൂ'' മുത്തച്ഛന്‍ ആവശ്യപ്പെട്ടു. ഉണ്ണി വായിക്കാന്‍ തുടങ്ങവേ, ഉമ അടുത്തുള്ള മറ്റൊരു പുസ്തകം നിവര്‍ത്തി ആ ഭാഗം ശ്രദ്ധിച്ചു. ശ്രീ ഭഗവാന്‍ പറഞ്ഞു: ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ ഏതദ്യോ വേത്തി, തം പ്രാഹുഃ ക്ഷേത്രജ്ഞ ഇതി ദത്വിദഃ ''അയ്യോ, മുത്തച്ഛാ! അതു ശരിയല്ല. ഈ പുസ്തകത്തില്‍ അര്‍ജ്ജുനന്‍ പറഞ്ഞു എന്നാണ്. ശ്ലോകവും വേറെയാണ്'' ഉമ പറഞ്ഞു. ''അതും ശരിയാണ് മോളേ. മുമ്പ് നമ്മള്‍ 700 ശ്ലോകങ്ങളാണ് ഗീതയിലുള്ളത് എന്നു പറഞ്ഞിരുന്നില്ലേ? ചിലതില്‍ 701 ശ്ലോകങ്ങളുണ്ടെന്നും സൂചിപ്പിച്ചു. ആ പിടികിട്ടാപ്പുള്ളിയെയാണ് നീ ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്'' മുത്തച്ഛന്‍ ചിരിച്ചുകൊണ്ടുപറഞ്ഞു. ''മനസ്സിലായില്ല മുത്തച്ഛാ!'' ''ഉണ്ണി ചൊല്ലിയ ശ്ലോകത്തിലൂടെ ഭഗവാന്‍ നേരിട്ടു കാര്യങ്ങള്‍ പറയാന്‍ തുടങ്ങുകയായിരുന്നില്ലേ? അതു ശരിയല്ല. ചോദ്യത്തിനുവേണ്ടേ ഉത്തരം നല്‍കാന്‍? അതിനാല്‍ 'മിഴുങ്ങസ്യ' എന്ന മട്ടില്‍ അടുത്തുനില്‍ക്കുന്ന അര്‍ജ്ജുനനെക്കൊണ്ട് ഒരു ചോദ്യശ്ലോകമാകാം എന്നു ആരോ തീരുമാനിച്ചു. പൂര്‍ണതയും യുക്തിയും തോന്നാന്‍ വേണ്ടിയാണ് കേട്ടോ. കുഴപ്പമില്ല. ആ ശ്ലോകത്തിലടങ്ങിയ കാര്യം നോക്കാം: 25 എ - പ്രകൃതിയും പുരുഷനും എവിടെ? ക്ഷേത്രമേത്? ക്ഷേത്രജ്ഞനാര്? ജ്ഞാനവും ജ്ഞേയവും എന്ത്? എന്നൊക്കെയാണ് ഒറ്റയടിക്കുള്ള അര്‍ജ്ജുനന്റെ ചോദ്യങ്ങള്‍. നമുക്ക് അതിനെ ക്ഷേത്രമേത് ക്ഷേത്രജ്ഞനാര് എന്ന ചോദ്യമായി ചുരുക്കാം.'' ''ശരി മുത്തച്ഛാ. ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം എന്നാണല്ലോ അദ്ധ്യായത്തിന് പേരും നല്‍കിയിരിക്കുന്നത്'' ഉണ്ണി അനുകൂലിച്ചു. ''ആട്ടെ. നിങ്ങള്‍ ഭഗവദ്ഗീതയുടെ തുടക്കത്തിലെ ശ്ലോകം ഓര്‍ക്കുന്നില്ലേ? എവിടെയാണ് അര്‍ജ്ജുനനും കൃഷ്ണനും നില്‍ക്കുന്നത്? എന്തിനാണവര്‍ വന്നത്?'' ''കുരുക്ഷേത്രം എന്ന യുദ്ധക്കളത്തില്‍ യുദ്ധം ചെയ്യാനാണ് അവര്‍ വന്നത്'' ഉണ്ണി പറഞ്ഞു. ''എന്നിട്ടിപ്പോള്‍ കൃഷ്ണന്‍ പറയുന്നതു കേട്ടോ! ശരീരമാണ് ക്ഷേത്രമെന്ന്! എല്ലാ ശരീരങ്ങളെയും അറിയുന്നവനാണ്; എല്ലാ ശരീരങ്ങളിലും നിറഞ്ഞിരിക്കുന്നവനാണ് ക്ഷേത്രജ്ഞന്‍ എന്ന്! പിന്നെ കൃഷ്ണന്‍ വിവരിക്കുന്നത് ശരീരശാസ്ത്രവും ആത്മീയശാസ്ത്രവുമാണ്; എങ്ങനെ ജീവിക്കണമെന്നുമാണ്! ''ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ ശരീരം, പിന്നെ മനസ്സ്, ബുദ്ധി, കര്‍മ്മേന്ദ്രിയങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം പറഞ്ഞതിനുശേഷം ജീവിതഗുണങ്ങളെപ്പറ്റിയും പറയുന്നുണ്ട്. അമാനിത്വം, അദംഭിത്വം,അഹിംസ, ക്ഷമ, വക്രതയില്ലായ്മ, ഗുരുവന്ദനം, ശുചിത്വം, എന്തിനെയും സമബുദ്ധിയോടെ കാണല്‍.... പറയൂ കുട്ടികളേ, കുരുക്ഷേത്ര യുദ്ധത്തില്‍ ഉപയോഗിക്കേണ്ടുന്ന ആയുധങ്ങളാണോ ഇവയൊക്കെ?'' ''അല്ല. പക്ഷെ, സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജി സത്യവും ക്ഷമയും അഹിംസയുമൊക്കെയാണ് ആയുധമാക്കിയതെന്ന് വായിച്ചിട്ടുണ്ട്'' ഉണ്ണി പറഞ്ഞു. ''കൊള്ളാം. ഭഗവദ്ഗീത ശരിയായി വായിച്ചറിഞ്ഞതിലൂടെ ഗാന്ധിജി നടത്തിയ ഗുണപരീക്ഷണമായിരുന്നു അത്. ധര്‍മയുദ്ധത്തില്‍ സല്‍കര്‍മ്മങ്ങള്‍ ദൃഢബുദ്ധിയോടെ അനുഷ്ഠിച്ചു വിജയം വരിക്കാമെന്ന് സ്വജീവിതംകൊണ്ട് ഗാന്ധിജി കാണിച്ചുതരികയായിരുന്നു. നിങ്ങളും അങ്ങനെ ഗീത പഠിക്കുകയും പ്രചരിപ്പിക്കുകയും വേണം. മാത്രമല്ല, ആരെങ്കിലും ഗീതയെ ദുര്‍വ്യാഖ്യാനം ചെയ്തു കണ്ടാല്‍ ഉടനെ ശക്തമായ മറുപടി നല്‍കി പ്രതിരോധിക്കയും വേണം. മുത്തച്ഛന്‍ ആവേശത്തോടെ പറഞ്ഞു. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.